1921-ല്‍ ഉപ്പുതറയില്‍ കുടിയേറിയ പുളിമൂട്ടില്‍ ജോസഫിന്റെ കൊച്ചുമകന്‍ ജോസഫ് എഴുതുന്നത്.

1921-ലാണ് എന്റെ വല്യപ്പന്‍ ഉപ്പുതറയിലെത്തുന്നത്. പീരുമേട്ടിലെ പ്ലാന്റെഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചയോടെ ഇടനാട്ടില്‍ നിന്ന് മലയാളികള്‍ ഹൈറേഞ്ചിലേക്ക് എത്തിത്തുടങ്ങിയിരുന്നു. കൂടുതല്‍ ഭൂമിയിലേക്ക് തോട്ടങ്ങള്‍ വ്യാപിപ്പിക്കുവാന്‍ ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ പണിയെടുക്കുകയായിരുന്നു. കുറ്റിക്കാടുകളിലേക്ക് നാണയങ്ങള്‍ വാരിയെറിയും. കാടുവെട്ടുന്നവര്‍ക്ക് അത് കണ്ടെത്തി സ്വന്തമാക്കാം.

തോട്ടങ്ങളുടെ അതിർത്തി കഴിഞ്ഞ് പെരിയാറിന്റെ കരകളിലായി കിടക്കുന്ന വിസ്തൃത തടഭൂമിയെപ്പറ്റി കേട്ടറിഞ്ഞാണ് കർഷകനായ എന്റെ വല്യപ്പന്‍ കൃഷിഭൂമി തേടി ഉപ്പുതറയിലെത്തിയത്. ആരുമില്ലാത്ത വിസ്തൃതഭൂമി കണ്ണെത്തുവോളം. അതായിരുന്നു അക്കാലം. വല്യപ്പന്‍ മുതല്‍ എനിക്ക് പിന്നാലെയുള്ളതലമുറവരെ കയ്യേറ്റക്കാരും വനംകൊള്ളക്കാരുമായി വനംവകുപ്പും കടലാസ് പരിസ്ഥിതിക്കാരും ചൂണ്ടിക്കാട്ടുമ്പോള്‍ ചിലത് പറയാതെ വയ്യ.

1921-ല്‍ ഉപ്പുതറയിലെത്തിയ പുളിമൂട്ടില്‍ ജോസഫിന്റെ കൊച്ചുമകനെന്ന നിലയില്‍ അനുഭവിച്ചതും മസിലാക്കിയതുമായ കറേ കാര്യങ്ങള്‍. 1948ന് ശേഷമാണ് ഹൈറേഞ്ചില്‍ കുടിയിരുത്തലുകളും അതോടനുബന്ധിച്ച കുടിയേറ്റവും ഉണ്ടാവുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലായി അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ് ഉപ്പുതറയും അയ്യപ്പന്‍കോവിലും. മുല്ലപ്പെരിയാര്‍ നിര്‍മാണ കാലത്ത് തിരുവിതാംകൂര്‍ മഹാരാജാവുമായി അടുപ്പം സ്ഥാപിച്ച കമ്പംകാരനായ ആങ്കൂര്‍ റാവുത്തര്‍ മഹാരാജാവില്‍ നിന്നും ഹൈറേഞ്ചിലെ വനങ്ങളിലുളള തേക്ക്, ഈട്ടി ഉള്‍പ്പടെയുളള വന്‍മരങ്ങളെല്ലാം വെട്ടിയെടുക്കാന്‍ അനുവാദം തേടി. ഹൈറേഞ്ചിലെ വനപ്രദേശങ്ങളിലാകെ മണ്‍റോഡുകള്‍ നിര്‍മിച്ച് വന്‍മരങ്ങള്‍ മുറിച്ച് കഷണങ്ങളാക്കി പത്തും ഇരുപതും പോത്തുകളെ കെട്ടിയ വണ്ടികളിലാക്കി തമിഴ്‌നാട്ടിലെത്തിച്ച് കച്ചവടം നടത്തി. ഈ റോഡുകള്‍ പില്‍ക്കാലത്ത് പ്രധാന റോഡുകളായി മാറി.

സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഹൈറേഞ്ചിലെ മരം മുറി തുടര്‍ന്നു. പക്ഷെ മരം മുറിച്ചത് സര്‍ക്കാരായിരുന്നു. അയ്യപ്പന്‍കോവില്‍ മുതല്‍ അഞ്ചുരുളി, പൈനാവ് ,കുളമാവ് ,തൊടുപുഴ, വരെ വ്യാപിച്ചുകിടന്നിരുന്ന വിസതൃതമായ വന പ്രദേശം പണ്ട് വന്യജീവികള്‍ നിറഞ്ഞതായിരുന്നു. അയ്യപ്പന്‍കോവിലില്‍ ഇന്ന് സന്ദര്‍ശകര്‍ കാണാനെത്തുന്ന തൂക്കുപാലത്തിടുത്ത് കാട്ടാനകളെ മെരുക്കുന്ന ആനക്കൂട് ഉണ്ടായിരുന്നു. ഇവിടെനിന്നും അധികം അകലെയല്ലാതെ ആനക്കുഴി എന്നാരു സ്ഥലവുമുണ്ട്. ആനകളെ കുഴിയില്‍ വീഴ്ത്തി ബന്ധിച്ച് ആനക്കൂട്ടിലെത്തിച്ചാണ് പരിശീനം നല്‍കുന്നത്. ആനപിടുത്തം സര്‍ക്കാറിന്റെ പ്രധാന വരുമാനമാര്‍ഗമായിരുന്നു. പഴയ അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളിലെ ആകാശം മുട്ടിനിന്നിരുന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിവീഴ്ത്തി ആനകളെ ഉപയോഗിച്ച് അട്ടികളാക്കി മല്ലന്മാരായ ലോഡിംഗ്കാര്‍ തടിലോറികളില്‍ ലോഡ് ചെയ്യുന്നതും ആനകള്‍ നിരന്തരം തടിവലിക്കുന്നതുമൊക്കെ ബാല്യകാലത്ത് കൗതുകത്തോടെ നോക്കി കണ്ടിരുന്നു.

ഗ്രോമോര്‍ ഫുഡ് പദ്ധതി വന്നു. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, കട്ടപ്പന, വെളളയാംകുടി, വലിയതോവാള വരെ ആയിരക്കണക്കിനേക്കര്‍ തടികളെല്ലാം വെട്ടിമാറ്റിയ ശേഷമാണ് കൃഷിക്കാര്‍ക്ക് നല്‍കിയത്. 1948ന് ശേഷം ഹൈറേഞ്ചില്‍ ആളുകളെ കുടിയിരുത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമായിരുന്നു. ഭക്ഷ്യക്ഷാമം മാത്രമായിരുന്നില്ല കാരണം. ഹൈറേഞ്ചില്‍ തമിഴ് ജനസംഖ്യ മഹാഭൂരിപക്ഷമായതിനാല്‍ ഈ പ്രദേശം കേരളത്തിന് നഷ്ടമാകുമെന്ന് മനസിലാക്കി സര്‍ക്കാര്‍ കൃഷിക്കാരെ കുടിയിരുത്തുകയായിരുന്നു. ഹൈറേഞ്ചില്‍ പൊതുവെ ആളുകള്‍ കുടിയേറിയത് സര്‍ക്കാര്‍ മരങ്ങള്‍ വെട്ടിനീക്കി നല്‍കിയ പ്രദേശങ്ങളിലായിരുന്നു. അല്ലാത്ത സ്ഥലങ്ങളില്‍ തീരെ കുടിയേറ്റമുണ്ടായിരുന്നില്ലെന്നല്ല പറയുന്നത്. പക്ഷെ അതെല്ലാം അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒത്താശ ചെയ്ത് നടത്തിയതാണ്.

ജില്ലയുടെ നിരവധിയായ അണക്കെട്ടുകളുടെ ജലസംഭരണ മേഖലയില്‍ നിന്നും വൃക്ഷങ്ങള്‍ പൂര്‍ണമായും വെട്ടിമുറിച്ചുനീക്കിയിട്ടുണ്ട് . പുതിയ കാലഘട്ടത്തിലെ റിയല്‍ എസ്റ്റേറ്റേറ്റ് വ്യവസായവുമായി ബന്ധപ്പെട്ട് മരങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം പാപഭാരം പേറേണ്ടവര്‍ കൃഷിക്കാരല്ല. ഇന്നും മരങ്ങള്‍ മലയിറങ്ങുമ്പോള്‍ പ്രതികള്‍ മറഞ്ഞിരിക്കുന്നു.

അക്കാലത്ത് ഒരുകൃഷിക്കാരനും സര്‍ക്കാരിന്റെ മരം മുറിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. എന്നിട്ടും ഫോറസ്റ്റുകാരില്‍ നിന്നും കണക്കറ്റ ഉപദ്രവങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നവരാണ് ആദ്യകാല കുടിയേറ്റക്കാര്‍. കേസും പ്രശ്നങ്ങളും ഉണ്ടാക്കാന്‍ കൃഷിക്കാര്‍ക്ക് താല്പര്യം ഇല്ലായിരുന്നു. പണിയെടുത്ത് മക്കള്‍ക്ക് ഒരുനേരത്തെ ഭക്ഷണം എന്നതായിരുന്നു ലക്ഷ്യം. ചില്ലുമേടയിലിരിക്കുന്ന കാട്ടുകള്ളന്മാരും പങ്കുക്കച്ചവടക്കാരായ ഫോറസ്റ്റ് ഉദ്യോഗസ്ഥരും അവരുടെ പണവും സൗകര്യങ്ങളും വാങ്ങി ജീവിക്കുന്ന കടലാസ് പരിസ്ഥിതി സംഘടനകളും ചേര്‍ന്ന് കല്ലെറിയുകയാണ്. തകരുന്നത് അവര്‍ ഇരിക്കുന്ന ചില്ലുമേടകളായിരിക്കുമെന്ന് കാലം തെളിയിക്കും.

ലേഖകൻ സാംസ്കാരിക പ്രവർത്തകനും കർഷകനുമാണ്.
ഫോൺ :9495219627

Share
അഭിപ്രായം എഴുതാം