അടിയന്തരാവസ്ഥയ്ക്കെതിരെ മലയോരകര്‍ഷകര്‍ കാണിച്ച ചങ്കൂറ്റത്തിന് തുല്യം എന്തുണ്ട്?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്നു ഇന്ത്യ. ഇന്നും അതെ. പക്ഷേ ഇടയ്ക്ക് കുറേകാലം അങ്ങനെയായിരുന്നില്ല. പറയാനും പ്രചരിപ്പിക്കാനും സംഘടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യങ്ങള്‍ എല്ലാം ഒരു രാത്രി കൊണ്ട് ഇല്ലാതായി. ഇന്ദിരാഗാന്ധിയും വിശ്വസ്തരും പോലീസും പട്ടാളവും മാത്രമായി ഇന്ത്യ ചുരുങ്ങി. ഇന്ത്യയുടെ അന്ത്യം അടുത്ത പോലെയായി. പക്ഷേ ജനങ്ങള്‍ രാജ്യത്തെ രക്ഷിച്ചു. ചോരയും കണ്ണീരും കൊണ്ട്.

കേരളം മറക്കരുത്. പീഡനങ്ങള്‍ ഏറ്റുവാങ്ങി പോരാടിയവര്‍ക്കൊപ്പം ഏറ്റവും ഉറച്ചു നിന്നവര്‍ കുടിയേറ്റ ജനതയായിരുന്നു. ഇടുക്കി, വയനാട്, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളിലെ കുടിയേറ്റ ഗ്രാമങ്ങളായിരുന്നു രാഷ്ട്രീയ പ്രവർത്തകരുടെ ഒളിത്താവളങ്ങള്‍. കുടിയേറ്റ കര്‍ഷകനെ കയ്യേറ്റക്കാരനും കാടനുമായി ചിത്രീകരിക്കുന്നവര്‍ മറക്കരുത്. ഇരുണ്ട രാത്രികളുടെ കാലത്ത് ധീരമായ മനസ്സുമായി അടിയന്തരാവസ്ഥയോട് ഏറ്റുമുട്ടിയ ജനവിഭാഗമായിരുന്നു മലയോര കര്‍ഷകര്‍. ആര്‍ എസ് എസ്, സി പി എം, സോഷ്യലിസ്റ്റുകള്‍, നക്‌സലൈറ്റുകള്‍, കേരള കോണ്‍ഗ്രസ് (കുറേക്കാലം) എന്നീ പാര്‍ട്ടികള്‍ ആയിരുന്നു കേരളത്തിലെ അടിയന്തരാവസ്ഥ വിരുദ്ധ പാര്‍ട്ടികള്‍. പക്ഷേ എഴുതാത്ത ചരിത്രസത്യം മലയോരത്തിനു പറയാനുണ്ട്. മര്‍ദ്ദനമേറ്റ് ചോരതുപ്പിയ കര്‍ഷക ചരിതങ്ങള്‍.

ഇടുക്കിജില്ലയില്‍ കട്ടപ്പന കേന്ദ്രമാക്കി മലയോരകര്‍ഷകരെ സംഘടിപ്പിച്ച്, ചെറുപ്പക്കാരെ അണിനിരത്തി എന്റെ പിതാവ് സൂര്യന്‍ വൈദ്യന്‍ എന്ന ദാമോദരപ്പണിക്കരും അടിയന്തിരാവസ്ഥയ്‌ക്കെതിരെ പോരാടി. യുദ്ധത്തില്‍ പരിക്കേറ്റ് ആര്‍മിയില്‍ നിന്ന് സ്വയം വിരമിച്ച ആളായിരുന്നു അദ്ദേഹം. പറക്കമുറ്റാത്ത മൂന്ന് മക്കളും അമ്മയും അച്ഛനും അടങ്ങിയതായിരുന്നു എന്റെ കുടുംബം. പാരമ്പര്യ വൈദ്യനായ അച്ഛന്റെ ചെറിയ വരുമാനമായിരുന്നു കുടുംബത്തിന്റെ ജീവിതമാര്‍ഗ്ഗം. തട്ടിയും മുട്ടിയും പോകുന്നതിനിടെയാണ് അടിയന്തരാവസ്ഥ വന്നത്.

കുടിയേറ്റകാലത്ത് ഏലാപ്പറ വരെ മാത്രമേ ബസ് ഉള്ളൂ. 33-കിലോമീറ്റര്‍ ദൂരം കാല്‍ നടയായിട്ടാണ് കട്ടപ്പനയില്‍ എത്തിയിരുന്നത്. ഇപ്പോഴത്തെ കട്ടപ്പന ടൗണ്‍ അന്നു കൊടും വനമാണ്. ഇന്നത്തെ സെന്റര്‍ ജങ്ഷനില്‍ ഉള്ള എറുമാടത്തിലാണ് രാത്രിയില്‍ അന്തി ഉറക്കം. അതിരുകള്‍ക്ക് ചുറ്റും തകര പാട്ട കെട്ടി തൂക്കിയിടും. ആന വന്നാല്‍ അറിയാന്‍. അപ്പോള്‍ ഏറുമാടത്തില്‍ നിന്ന് തീ പന്തം എറിഞ്ഞു കൃഷി ഇടത്തില്‍ നിന്ന് കാട്ടാനയെ ഓടിക്കും.

അടിയന്തിരവസ്ഥ കാലത്ത് മലയോര കര്‍ഷക പുത്രന്മാര്‍ അച്ഛന്റെ നേതൃത്വത്തില്‍ ഭരണകൂട നിഷേധനത്തിനെതിരെ പോരാട്ടം ശക്തമാക്കി. അക്കാലത്ത് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച മാത്യു വര്‍ഗീസ്, എ. കരുണാകരന്‍, പി. കെ. വാസുദേവന്‍, കുമാരന്‍, രാജന്‍ പിള്ള എന്നിവരും അടിയന്തിരാവസ്ഥയുടെ കഷ്ടതകൾ അനുഭവിച്ചു..

വൈദ്യന്‍ പിള്ളേരെ വഴി തെറ്റിക്കുന്നു എന്നു പറഞ്ഞ് മാത്യു വര്‍ഗീസിന്റ പിതാവും രാജന്റെ അമ്മയും അച്ഛനെ ദിവസവും വന്ന് അസഭ്യം പറയുമായിരുന്നു.

പ്രക്ഷോഭകാരികളെ പോലീസ് വേട്ടയാടാന്‍ തുടങ്ങി. അച്ഛന്‍, മാത്യു വര്‍ഗീസ്, രാജന്‍ എന്നിവര്‍ ഒളിവില്‍ പോയി. ഇവരായിരുന്ന അന്നത്തെ നേതാക്കള്‍. അച്ഛന്‍ മാത്രമാണ് വിവാഹിതന്‍. ഭാര്യയും 13-വയസില്‍ താഴെയുള്ള നാലുക്കുട്ടികളും. ചെറിയ ഒരു വൈദ്യശാലയാണ് ഏക ഉപജീവനമാര്‍ഗം. അതു നിലച്ചു. കൊടിയ പട്ടിണി. അമ്മ പാതയോരത്തെ ചൊറിയാന്‍ ചേമ്പ് പറിച്ച് പുളിയിട്ട് ( ചൊറിയാതിരിക്കുവാന്‍) പുഴുങ്ങി തരും, കാപ്പി തൊണ്ട് പൊടിച്ചുണ്ടാക്കിയ കാപ്പിയും. അങ്ങനെ 13-ദിവസം കടന്നുപോയി. ഒരു ദിവസം അച്ഛന്‍ എത്തി. ആരോ ഒറ്റികൊടുത്തു. പോലീസ് വീട്ടില്‍ എത്തി. അന്നത്തെ ഭീകര പോലീസുകാരന്‍ മീശ പോലീസ് എന്നു വിളിക്കുന്ന ജോര്‍ജ് പോലീസാണ്. ആറരയടി ഉയരം, ചുവന്ന കണ്ണുകള്‍, തടിച്ച ശരീരം നമ്മുടെ നടന്‍ സ്പടികം ജോര്‍ജ് തന്നെ. മീശ വീട്ടില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ പിറകുവശത്തുകൂടി രക്ഷപെടാന്‍ ഒരു ശ്രമം നടത്തി. കാട്ടില്‍ പോലീസുകാര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. അച്ഛനെ അറസ്റ്റ് ചെയ്തു. ഇനി ആരും കമ്മ്യൂണിസ്റ്റ് ആകരുത് എന്ന് മുന്നറിയിപ്പിനായി അച്ഛനെ കട്ടപ്പന ടൗണിലൂടെ ഒരു കൊടുംകുറ്റവാളിയെ പോലെ പ്രദര്‍ശിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൊടിയ മര്‍ദ്ദനത്തിന്റ ശേഷിപ്പായി മരണം വരെയും വിട്ടുമാറാത്ത ചുമ അച്ഛനോടൊപ്പം ഉണ്ടായിരുന്നു.

അധ്യാപകനായ ലേഖകൻ കായിക പരിശീലനത്തിനുള്ള അക്കാദമി നടത്തുന്നു.
ഫോൺ: 9497021088

Share
അഭിപ്രായം എഴുതാം