ജീവിതം മലയോരത്തേതുപോലെ ആകണം

ഞാനിപ്പോൾ ജയ്പൂരിൽ ആണ്. പിങ്ക് സിറ്റി. ചരിത്ര സമൃദ്ധിയുടെ നഗരം. പക്ഷേ ചുറ്റിലും എന്താണ് ഉള്ളത് ? വഴികൾ നിറയെ തിരക്ക്. എപ്പോഴും ഇരമ്പുന്ന ജനസമുദ്രം. പുക, ശബ്ദം, ആരവം, മാലിന്യങ്ങൾ, ക്ഷുദ്ര ജീവികൾ അതാണ് സത്യം. ഇന്ത്യ ആകെ നഗരമായി കൊണ്ടിരിക്കുന്നു. മനുഷ്യൻ വാസസ്ഥലത്തെ ക്രമീകരിക്കേണ്ടത് വിധം ഇങ്ങനെയാണോ? ഇങ്ങനെ ആയാൽ ലോകവും ജീവിതവും എന്തായി തീരും! എനിക്ക് ആശങ്കകളുണ്ട്.


മലയോരത്തെ കുഗ്രാമത്തിലാണ് ഞാൻ വളർന്നത്. ഇന്ന് അവിടെ വഴിയായി, വൈദ്യുതിയായി, ഇൻറർനെറ്റ് ആയി. നല്ല മാറ്റങ്ങൾ. കാലത്തിന് മാറ്റാനാകാതെ മലയോരത്ത് പലതുമുണ്ട്. മാതൃകയായ മനുഷ്യ രചനകളായി. തെളിഞ്ഞ അന്തരീക്ഷം, വിജനമായ കുന്നിൻ പുറങ്ങൾ, അരുവികൾ പുഴകൾ എല്ലാം തെളിഞ്ഞു ഒഴുകുന്നു. പച്ചപ്പിന്റെ സമൃദ്ധിയുമായി കൃഷിയിടങ്ങൾ, കന്നുകാലികൾ, വൃത്തിയുള്ള വീടുകൾ, മുറ്റങ്ങൾ, സ്വച്ഛമായ ശാന്തമായ സായന്തനങ്ങൾ, വിമലവും പ്രസാദപൂർണവുമായ പ്രഭാതങ്ങൾ. ഇത്തരം ഒരു ഇടമല്ലേ മനുഷ്യൻ ജീവിക്കാൻ തിരഞ്ഞെടുക്കേണ്ടത് ? കോൺക്രീറ്റ് വനങ്ങളുടെ ദുരിതങ്ങളിൽ ആഴുമ്പോൾ ഞാൻ ചിന്തിക്കുന്നത് അങ്ങനെയാണ്. മനുഷ്യൻറെ വാസസ്ഥാനം രൂപീകരിക്കേണ്ടത് ഹൈറേഞ്ചിലേതുപോലെ ആകണം.

ചുട്ടു പൊള്ളുന്ന വേനലിൽ, വീശി അടിക്കുന്ന മണൽ കാറ്റിൽ, തണുത്തുറയുന്ന തണുപ്പിൽ രണ്ടോ മൂന്നോ മാസം മാത്രം കാണാൻ കഴിയുന്ന പച്ചപ്പിൽ, രാജസ്ഥാനിലെ നീണ്ട വർഷങ്ങൾ ഒരു യന്ത്രമായി മാറിയ ജീവിതം. കണ്ണെത്താദൂരത്തോളേം വിണ്ടുണങ്ങിയ പൂഴി മണ്ണ്, നിറയെ മുള്ളുകൾ നിറഞ്ഞ കേജടി മരങ്ങൾ, ഉണങ്ങിയ പുൽ നാമ്പുകൾ തേടി അലയുന്ന ചെമ്മരിയാടിൻ പറ്റങ്ങൾ, പിന്നെ കന്നുകാലികൾ , ഒട്ടകങ്ങൾ, നുറ് കണക്കിന് അടി താഴ്ച്ചയിൽ നിന്ന് വലിച്ചെടുക്കുന്ന ഉപ്പുരസം കലർന്ന കുടിവെള്ളം. ടാങ്കുകൾ നിറയുമ്പോൾ വെളിയിൽ പോകുന്ന വെള്ളം മറ്റൊരു ടാങ്കിൽ ശേഖരിക്കുന്നു. അതു കന്നുകാലികൾ, ചെമ്മരി ആടുകൾ, ഒട്ടകങ്ങൾ എല്ലാം കുടിച്ചു വയറു നിറക്കുന്നു. എരുമകൾ ബാജറയുടെയും , ഗോതമ്പിന്റെയും, ഉണക്ക കച്ചി മാത്രം കഴിക്കുന്നു ഇത്രയും ഞാൻ പറഞ്ഞതു രാജസ്ഥാനിലെ ഒരു സാമാന്യ ദിവസം എന്താണെന്ന് കാണിക്കാനാണ്.

ഞാൻ ജനിച്ച മണ്ണ്, ഞാൻ വളർന്ന്, പഠിച്ച, ജോലി ചെയ്ത മണ്ണ്. എന്റെ സ്വന്തം മലനാട്ടിൽ, കട്ടപ്പനയിൽ, ഇരട്ടയാറ്റിൽ, നാലുമുക്കിൽ, നാങ്കുതോട്ടിയിൽ, കട്ടിയാമലക്കടയിൽ. 1972-ൽ ഞാൻ ജനിച്ചു വീണ എന്റെ വീട്, നാലുചുറ്റും ഹരിതാഭമായ, കിളികളുടെ കളകളാരവം നിറഞ്ഞ എന്റെ ഗ്രാമം, തെളിഞ്ഞു ഒഴുകിയിരുന്ന തോട്, നിറയെ മാമ്പഴം തന്നിരുന്ന മാവുകൾ, പ്ലാവുകൾ, പേര, ആത്ത, ചാമ്പ, വഴക്കുലകൾ. ഇതൊന്നും ഇവിടെയില്ല. ഉണങ്ങിയ പ്രഭാതങ്ങൾ, രസവസ്തുക്കൾ ചേർത്ത പഴ വർഗ്ഗങ്ങൾ, ഫ്ലൂറൈഡ് കലർന്ന വെള്ളം, മണൽ കാറ്റിൽ ഉയർന്നു പൊങ്ങിയ മാലിന്യങ്ങൾ ശ്വാസ കോശത്തിലേക്ക് ഇരച്ചു കയറും, അങ്ങനെ ഓരോ ദിവസവും കഴിച്ചു കൂട്ടും. എനിക്ക് തിരികെ വരണം ആ പച്ചപ്പിലേക്ക്, മലനാട്ടിലേക്ക്, ഇരട്ടയാട്ടിലേക്ക്, കർഷകന്റെ നാട്ടിലേക്ക്, മാലിന്യം കലരാത്ത വായു ശ്വസിക്കാൻ, കിണറ്റിലെ വെള്ളം കോരി കുടിക്കാൻ, തേൻ വരിക്കപ്ലാവിൽ കയറി വയറു നിറയെ ചക്ക പഴം കഴിക്കാൻ, നീറുകൾ ഉള്ള കാട്ടുമാവിന്റെ മുകളിൽ വലിഞ്ഞു കയറാൻ പെട്ടെന്ന് ഒന്ന് ആഞ്ഞു കുലുക്കി , നീറുകൾ കൂട്ടമായി കടിക്കുന്നതിനു മുൻപ് താഴെ ഇറങ്ങി ചുനയോടെ മാമ്പഴം ഒന്ന് വലിച്ചു കുടിക്കാൻ. എനിക്ക് വരണം , എന്റെ മക്കൾക്ക്‌ കാണിച്ചു കൊടുക്കണം, ഇതാണ് സ്വർഗം. ഇതാണ് എന്റെ മണ്ണ്, കയ്യേറ്റകാരന്റെയല്ല കർഷകന്റെ മണ്ണ്, ഒരു ദിവസം ഒരു രൂപക്ക് കൂലി പണി ചെയ്‌ത എന്റെ അപ്പന്റെ മണ്ണ്, പിന്നെ രാത്രിയോളം സ്വന്തം പറമ്പിൽ കൃഷി ചെയ്‌തു മണ്ണിൽ പൊന്നു വിളയിച്ച , എന്റെ അപ്പന്റെ മണ്ണ്. എനിക്ക് തിരിച്ചു വരണം. കൂലി എഴുത്തുകാർക്കും കപട പരിസ്ഥിതി വാദികൾക്കും കൈ വയ്ക്കാനുള്ളതല്ല ഞങ്ങളുടെ മണ്ണ്. ഒന്നിനെയും മലിനപ്പെടുത്താതെ, ഒന്നും നശിപ്പിക്കാതെ, ഒരു വലിയ സംസ്ക്കാരം പടുതുയർത്തിയവരാണ് മലനാട്ടിലെ കർഷകർ. ആ ഗ്രാമ ശുദ്ധി അനുഭവിക്കണമെങ്കിൽ മലനാട്ടിലേക്ക് വരണം. കയ്യേറ്റകാരന്റെയല്ല കയ്യിൽ തഴമ്പുള്ള, ഉള്ളിൽ സത്യമുള്ള കർഷകന്റെ നാട്ടിലേക്ക്,

ഫോട്ടോ ജർണലിസ്റ്റും അദ്ധ്യാപകനുമായ ലേഖകൻ ഇപ്പോൾ രാജസ്ഥാനിലെ ജയ്പൂരിലാണ് താമസിക്കുന്നത്.
ഫോൺ : 96360 23440

Share
അഭിപ്രായം എഴുതാം