പ്രതികരണ തീക്ഷ്ണമായിരുന്ന മലയോര യുവത്വത്തിൻറെ ജീവിത സഹനങ്ങൾ

(വഴികളില്ല. വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ല. പത്രം വരുന്നത് ഉച്ചയോടെ . ട്യൂഷൻ സെൻറർ പോലുള്ള ചില പാരലൽ കോളേജുകളിലാണ് ഉന്നത വിദ്യാഭ്യാസ സൗകര്യം. എന്നിട്ടും കുടിയേറ്റ ഗ്രാമങ്ങളിലെ യുവത്വം നാടിൻറെ ഭാവിയെ പറ്റി ചിന്തിച്ചു. ജനാധിപത്യം ഇല്ലാതാക്കി ഭരണഘടനയെ ഉപ്പിലിട്ട് ജനത്തിനു മീതെ നിരങ്ങി ആനന്ദിച്ച അധികാര വാഴ്ചയോട് പ്രകോപനം കൊണ്ടു. ഒളിവിലും തെളിവിലും പ്രതിരോധമൊരുക്കി. ചരിത്ര നിർമ്മാണം നീതി ഇല്ലാത്തതാണ്. മലയോരത്തോളം പ്രതികരണ തീക്ഷ്ണത അടിയന്തരാവസ്ഥയ്ക്കെതിരെ കാട്ടിയ പ്രദേശം എന്തുകൊണ്ട് ചരിത്ര നിർമ്മിതിയിൽ പുറത്തായി? മലയോരത്ത് വിദ്യാർത്ഥിയായിരുന്ന ഒരു യുവാവ് അടിയന്തരാവസ്ഥയ്ക്കെതിരെ നടത്തിയ പ്രവർത്തനങ്ങളെ പറ്റി പറയുന്ന ലേഖനം ഇനി വായിക്കുക – എഡിറ്റർ)


1975 ജൂൺ 25, അന്ന് അർധരാത്രിയാണ് ശ്രീമതി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തൊട്ടു മുമ്പ് നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ അധികാരദുർവിനിയോഗം നടത്തി വിജയിച്ച ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തുകൊണ്ടും തുടർന്ന് ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ അയോഗ്യയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടും അലഹബാദ് ഹൈകോടതി വിധി പ്രസ്താവിക്കുകയുണ്ടായി. ആ വിധിക്കെതിരെ അപ്പീൽ നൽകിക്കൊണ്ട് ഇന്ദിരാഗാന്ധി ചെയ്തത് തൻറെ അധികാരം നിലനിർത്തുന്നതിനായി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, പത്രസ്വാതന്ത്ര്യം, പണിമുടക്ക് അവകാശം എല്ലാം രാജ്യത്ത് നിരോധിച്ചു. ജൂൺ 26 – തീയതി ഞാൻ കോളേജിൽ രാവിലെ എത്തിയപ്പോൾ കുട്ടികൾ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ പ്ലാറ്റ്ഫോമിൽ ചാടികയറി പ്രസംഗം ആരംഭിച്ചു. മറ്റു ക്ലാസിലെ കുട്ടികൾ ഞങ്ങളുടെ ക്ലാസിലേക്ക് ഒഴുകിവന്നു. എസ് എഫ് ഐ പ്രവർത്തകർ വാതിലും അടച്ചു.
ക്ലാസ്സ് സമയമായതിനാൽ ഞാൻ അരമണിക്കൂർ കഴിഞ്ഞ് പ്രസംഗം നിർത്തി. എൻറെ പ്രസംഗം തീപ്പൊരി ചിതറുന്നതായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു.

എനിക്കെതിരെ പ്രസംഗിക്കാൻ ഇ. കെ ജോസഫ് ചാടിക്കയറി. അയാളെ കുട്ടികൾ കൂകിയിറക്കി. പിന്നാലെ ഇ കെ വാസു കയറി. അയാൾ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പ്രിൻസിപ്പൽ കല്യാണസുന്ദരം ക്ലാസെടുക്കാൻ വന്നു. പ്രസംഗം നിർത്തിച്ചു. അയാൾ പ്രതിഷേധിച്ച് പുസ്തകവുമെടുത്ത് പുറത്തേക്ക് പോയി. വെറുതെ പുറത്തേക്ക് പോയതായിരുന്നില്ല. കട്ടപ്പന പോലീസിൽ എനിക്കെതിരെ പരാതി കൊടുക്കാനാണ് പോയത്. ഞാൻ കാര്യമാക്കിയില്ല. പിറ്റേന്ന് രാവിലെ 6.30. തൊഴുത്തിൽ പശുവിനെ കറന്നു കൊണ്ടിരിക്കുകയായിരുന്നു. കുറേ പോലീസുകാർ മുറ്റത്തു വന്നു. അവരെ കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. തൊഴുത്തിൽ ഇരുന്നുകൊണ്ടുതന്നെ ഉറക്കെ വിളിച്ചു പറഞ്ഞു. ‘ഞാനിവിടെയുണ്ട്. അകത്തുകയറി ഇരിക്കുക. ഇപ്പോൾ വരാം. പാലുമായി അടുക്കളയിൽ ചെന്നു.’ അമ്മയോട് പറഞ്ഞു. ‘ഇവർക്ക് ചായ എടുക്കുക. എനിക്ക് കട്ടപ്പന വരെ പോകണം.’ അമ്മ ചായ നൽകി. വേഷം മാറി വന്നു. ‘അമ്മ പേടിക്കേണ്ട. കോളേജിലെ ഒരു കാര്യത്തിന് എസ്ഐ വിളിപ്പിച്ചതാണ്. ഞാൻ ഇവരുടെ കൂടെ പോയിട്ട് വരാം.’ എന്ന് അമ്മയോട് പറഞ്ഞ് അവരോടൊപ്പം പോയി.

വീരശൂരപരാക്രമിയായ അർജുന പണിക്കരാണ് അന്നത്തെ എസ്ഐ. സ്റ്റേഷനിൽ എത്തിയ എന്നെ അയാൾ കുറേ ചീത്ത പറഞ്ഞു. പ്രസംഗവും എസ്എഫ്ഐ പ്രവർത്തനവും ഒക്കെ നിർത്തിക്കോളണം എന്ന് താക്കീത് ചെയ്തു. വൈകീട്ട് ചാച്ചനും ചാച്ചന്റെ സ്നേഹിതൻ കമ്പൗണ്ടർ ദാമോദരനും കട്ടപ്പനയിൽ എത്തി എസ്ഐയെ കണ്ടു. എസ് ഐയ്ക്ക് പൈസ കൊടുത്തു എന്ന് തോന്നുന്നു. അവരോടൊപ്പം എന്നെ വിട്ടയച്ചു. വീട്ടിലെത്തിയപ്പോൾ ചാച്ചൻ കുറെ വഴക്കുപറഞ്ഞു. ചാച്ചൻ മണിമലയിൽ കള്ള് ഷാപ്പ് നടത്തുന്ന കാലമാണ്. പിറേറന്ന് രാവിലെ ഞാൻ കോളേജിലെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവൻ എന്ന് പരിവേഷത്തോടെ കുട്ടികൾ ആഹ്ളാദത്തോടെ സ്വീകരിച്ചു.


അന്ന് രാവിലെ വീണ്ടും പ്രസംഗിച്ചു. രാജ്യമാകെ അറസ്റ്റ് തന്നെ അറസ്റ്റ് . എതിർത്ത കോൺഗ്രസ് നേതാക്കന്മാരെയും ഇന്ദിരാഗാന്ധി അറസ്റ്റ് ചെയ്യിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ നഗർവാല കുംഭകോണം നഗർവാലയുടെ കൊലപാതകം എല്ലാം വിഷയമായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ എസ് എസ് ആർ ബി പ്രസാദ് സാർ എന്നെ വിളിപ്പിച്ചു. താഴെ പോലീസ് ജീപ്പുമായി കാത്തുകിടക്കുന്നു. ഇന്നും ആരോ സ്റ്റേഷനിൽ പോയി പറഞ്ഞിട്ടുണ്ട്. അതിനാൽ പുസ്തകവുമെടുത്ത് പൊയ്ക്കൊള്ളുക. വീട്ടിൽ പോകരുത്. മറ്റെവിടെയെങ്കിലും മാറിനിൽക്കുക എന്ന് ഉപദേശിച്ചു. ഞാൻ റോഡിലൂടെ പോകാതെ ഏലത്തോട്ടങ്ങൾ വഴി 25 കിലോമീറ്റർ നടന്ന് ചപ്പാത്തിലെത്തി. ബസ്സിൽ കയറി മണിമല ഷാപ്പിലെത്തി.

ചാച്ചനെ എന്നെ കണ്ടതോടെ കാര്യം മനസ്സിലായി. എന്നെ ഷാപ്പിലാക്കി ചാച്ചൻ വീട്ടിലേക്ക് പോന്നു. ‘നീ ഇവിടെ ഒരാഴ്ച നിൽക്ക്. ഞാൻ പോയിട്ട് വരാം. പഠിക്കാൻ വിട്ടാൽ രാഷ്ട്രീയം കളിച്ചു നടക്കുകയല്ല വേണ്ടത്. ഇനി പഠിക്കേണ്ട’ എന്നുപറഞ്ഞാണ് ചാച്ചൻ പോയത്. പിറ്റേന്ന് മുതൽ മണിമല, പൊന്തൻപുഴ, കരിക്കാട്ടൂർ തുടങ്ങിയ ഷാപ്പുകളുടെ മേൽനോട്ടവും മണിമല ഷാപ്പിന്റെ നടത്തിപ്പും എനിക്കായി.
ആഴ്ചകൾ കഴിഞ്ഞ് ഞാൻ ബൂത്തിൽ നിന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി പി പി ചന്ദ്രനെ വിളിച്ച് എൻറെ അറസ്റ്റും ഞാൻ മണിമലയ്ക്ക് വന്ന കാര്യവും പറഞ്ഞു. ‘തൊട്ടടുത്ത ദിവസം തൊടുപുഴ കളരിക്കൽ ലോഡ്ജിൽ വെച്ച് സഖാവ് എം എ ബേബി പങ്കെടുക്കുന്ന എസ്എഫ്ഐ ജില്ലാ കമ്മിറ്റി കൂടുന്നുണ്ട്. സഖാവ് വരണം’ എന്ന് ചന്ദ്രൻ പറഞ്ഞു. ഞാൻ കമ്മിറ്റിയിൽ പങ്കെടുത്തു. എനിക്ക് ഒളിവിൽ പ്രവർത്തിക്കാനും പഠിക്കാനും വേണ്ട സൗകര്യം ചെയ്തു കൊടുക്കണം എന്ന് സഖാവ് ബേബി ചന്ദ്രനോട് നിർദ്ദേശിച്ചു. കമ്മിറ്റി കഴിഞ്ഞ് പിറ്റേന്ന് മണിമലയ്ക്ക് തിരികെ പോന്നു. ഞാൻ എന്തു ചെയ്യണം, എങ്ങനെയാണ് ഒളിവിൽ പ്രവർത്തിക്കുക എന്നൊന്നും എനിക്കറിയില്ല. ഷാപ്പിൽ തന്നെ ആറുമാസം കഴിച്ചുകൂട്ടി. ഒരു ദിവസം പഞ്ചായത്ത് ജീവനക്കാരനായ ഉപ്പുതറ 9 ഏക്കർ മുകളേൽ തോമാച്ചി ഷാപ്പിൽ വന്നു. ഷാപ്പിൽ നിന്ന് എന്നെ മോചിപ്പിക്കണമെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. ചാച്ചൻ വന്നപ്പോൾ തോമാച്ചി പറഞ്ഞു. ‘ഇവനെ എന്നോടൊപ്പം വിട്ടാൽ എന്നെ പോലെ ഒരു പഞ്ചായത്ത് ജോലിക്കാരനാക്കാം.’ അങ്ങനെ ഷാപ്പ് വിട്ടു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള വഴി അടിയന്തിരാവസ്ഥ തുറന്നു തന്നു എന്നു പറയാം.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പ്ലാന്റേഷൻ തൊഴിലാളിസംഘടനയുടെ അഖിലേന്ത്യാ ഭാരവാഹിയുമായ ലേഖകൻ നാടക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു
ഫോൺ : 9447309810

Share
അഭിപ്രായം എഴുതാം