കേരളത്തിന്റെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നം വനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രചാരണം തന്നെ അതിനെക്കാള്‍ മാരകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറച്ചു പിടിക്കുന്നതിനുള്ള തന്ത്രമാണ്. മലീമസിക്കപെട്ട കുടിവെള്ളവും, വായുവും, ഭക്ഷണസാധനങ്ങളും കേരളത്തില്‍ സംഭാവന ചെയ്യുന്നത് ഏതായാലും ഹൈറേഞ്ചിലെ പാവം കുടിയേറ്റ കര്‍ഷകരല്ല. കേരളത്തിന്റെ ആരോഗ്യത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഈവക കാര്യങ്ങളെക്കുറിച്ച് ഒരു ചാനല്‍ ചര്‍ച്ചയും, പരിദേവന പ്രസംഗവും, വലിച്ചുകുത്തിയെഴുത്തും നടക്കുന്നില്ല. സമീപകാലത്താകെ നോക്കിയാല്‍ ഹൈറേഞ്ചിലെ വനവിസ്തൃതി- വനംവകുപ്പിന്റെ കയ്യിലിരിക്കുന്നത് അടക്കം – വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.
നിരോധിത സ്ഥലത്തുനിന്ന് നിരോധിത വൃക്ഷങ്ങള്‍ മരംമാഫിയാ കൊണ്ടുപോകുന്നു എങ്കില്‍ ആ മരത്തിന്റെ ഒരു തലയ്ക്കല്‍ പിടിച്ചിരിക്കുന്നത് നമ്മുടെ ഫോറസ്റ്റ് ഏമാന്മാര്‍ തന്നെയാണ്. അതിന് കര്‍ഷകരെ കുരിശില്‍ കയറ്റാനും പട്ടയനടപടി മരവിപ്പിക്കാന്‍ ശ്രമിക്കുന്നതിലും ചെന്നായയുടെ നീതിബോധമാണുള്ളത്. ‘രാജകീയ’ മരങ്ങള്‍ കര്‍ഷകര്‍ക്ക് തൊട്ടുകൂട്ടാന്‍ പാടില്ലാത്തതാണ് എന്ന് പ്രഖ്യാപിച്ചാല്‍ അത്തരം മരങ്ങളുടെ വംശനാശം ആണ് സംഭവിക്കുന്നത്. മരം കൃഷിയും ഒരു കൃഷി ആണ് എന്ന് സര്‍ക്കാര്‍ അംഗീകരിക്കാനും, യഥേഷ്ടം വച്ച് പിടിപ്പിക്കാനും, നല്ല വിലയ്ക്ക് വില്‍ക്കുവാനും കര്‍ഷകര്‍ക്ക് അനുമതി നല്‍കിയാല്‍ ഇവിടുത്തെ കാര്‍ഷിക ഭൂമി വളരെ ‘രാജകീയമായി’ മാറും.

ആങ്കൂര്‍ റാവുത്തറും പരിവാരങ്ങളും ‘അറഞ്ചാം പുറഞ്ചാം’ വെട്ടിയെടുത്ത് കൊണ്ടുപോകാന്‍ ഉണ്ടാക്കിയ വഴികള്‍ ഹൈറേഞ്ചിലുടനീളം. ആ വഴികളിലൂടെയാണ് കുടിയേറ്റക്കാര്‍ ഇവിടേക്ക് എത്തുന്നത്. തരിശുഭൂമിയില്‍ വളര്‍ന്ന് പന്തലിച്ച പോതപുല്ലും മുള്‍പടര്‍പ്പുകളും പിഴുതെറിഞ്ഞ്, വിയര്‍പ്പ് ചാലിച്ച് ഒരുക്കിയെടുത്ത കന്നിമണ്ണില്‍ അവര്‍ വിശപ്പടക്കാനുള്ള വിഭവങ്ങള്‍ വിളവെടുത്തു. പ്ലാവും, മാവും, തെങ്ങും, കവുങ്ങും വച്ചുപിടിപ്പിച്ചു. ഏലത്തിന്റെയും, കുരുമുളകിന്റെയും കൃഷി മരങ്ങള്‍ നട്ടുപിടിപ്പിച്ചു. കാപ്പിയും, ഗ്രാമ്പുവും, ജാതിയും, കൊക്കോയും കൃഷി ചെയ്തു. മൊട്ട കുന്നുകള്‍ ആയിരുന്ന സ്ഥലങ്ങള്‍ ഹരിതാഭമായി. വനസമാനമായി. ഈ കര്‍ഷകര്‍ക്കാണ് ചില ലോ-റെയിഞ്ചുകാരും പരിസ്ഥിതി ദുര്‍മന്ത്രവാദികളും ചേര്‍ന്ന് ‘മരംവെട്ടുകാരന്‍ എന്ന മാറപേര്’ നല്‍കാന്‍ ശ്രമിക്കുന്നത്.
ദാഹിച്ചുവലഞ്ഞ മാന്‍കുട്ടി പുഴയില്‍ നിന്നും ആര്‍ത്തിയോടെ വെള്ളം കുടിക്കുകയാണ്. പുഴയുടെ മുകള്‍ഭാഗത്ത് വന്നുനിന്ന് ചെന്നായ ആക്രോശിച്ചു. ‘ നീ വെള്ളം കുടിക്കുന്നത് കൊണ്ട് എനിക്ക് വെള്ളം കുടിക്കുവാന്‍ ആകുന്നില്ല ‘. ‘പുഴയില്‍ യഥേഷ്ടം വെള്ളം ഉണ്ട് അങ്ങേയ്ക്ക് കുടിക്കാമല്ലോ. ‘ ‘നീ വെള്ളം അവിടെനിന്നും കലക്കി വിടുകയാണ്. നിന്റെ അപരാധത്തിന് നിന്നെ ഞാന്‍ കൊന്നു തിന്നും.’ ‘ഞാന്‍ പുഴയുടെ താഴെ നിന്നാണല്ലോ വെള്ളം കുടിക്കുന്നത്, താഴേക്ക് ഒഴുകുന്ന പുഴയുടെ മുകളിലേക്ക് എങ്ങനെ വെള്ളം കലക്കി വിടാന്‍ ആകും. ‘മാന്‍കുട്ടി വിനീതനായി. ‘പുഴ താഴേക്കോ മുകളിലേക്കോ ഒഴുകുന്നതെന്ന് പറയുവാനുള്ള അധികാരം ഒരു ദുര്‍ബലനായ മാനിനുള്ളതല്ല. ശക്തനായ ചെന്നായയ്ക്കുള്ളതാണ്.’
മാനിനെ കൊന്നു തിന്നാന്‍ ഉള്ള ന്യായം എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് ചെന്നായ ആണ്. ‘കുടിയേറ്റക്കാര്‍ വനം നശിപ്പിക്കുന്നു.’ ‘പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കുന്നു. ‘ആവര്‍ത്തിച്ചു പറഞ്ഞു സത്യം ആക്കാന്‍ ശ്രമിക്കുന്ന പെരും കള്ളങ്ങള്‍. ‘ഇവരെ കുടിയിറക്കി പിണ്ഡം വെക്കണം’ ചെന്നായയുടെ ന്യായം.
ജനയുഗം ഇടുക്കി ജില്ലാ റിപ്പോർട്ടറായിരുന്ന ലേഖകൻ നാടക-സാംസ്കാരിക മേഖലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു
ഫോൺ: 9495506474