വനംവകുപ്പിന് മനുഷ്യനോ കാട്ടുപന്നിയോ വലുത്?

വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവർ നിരവധിയാണ്. മരണപ്പെടുന്നവരും അംഗവൈകല്യം വന്ന് തൊഴിൽ ചെയ്ത് ജീവിക്കാനാകാത്തവരും നിരവധി. കൃഷി നാശത്തിലൂടെയും കന്നുകാലികൾ നഷ്ടപെടുന്നതിലൂടെയും ഉണ്ടാകുന്ന സമ്പത്തിക നഷ്ടം മറ്റൊരു വശത്ത്. ഏറ്റവും ഒടുവിൽ കേരളത്തിലുണ്ടായ മരണം വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ മരണമടഞ്ഞ 36 വയസുള്ള മോഹൻരാജിന്റേതാണ്. 28-07021 രാത്രി എട്ടുമണിയോടെ ഫാക്ടറിജീവനക്കാരിയായ ഭാര്യയെ കാത്തുനിന്നിരുന്ന മോഹൻരാജിനെയാണ് കരടി ആക്രമിച്ചത്. ഒരാഴ്ച മുമ്പാണ് ഇടുക്കിയിലെ വിമല ചിരഞ്ജീവിയുടെ മരണം. 40 വയസുമാത്രമുള്ള ഇവർ സ്വന്തം പുരയിടത്തിൽ കൃഷിപ്പണി ചെയ്യുന്ന സമയത്താണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെടുന്നത്. 21-07-21 നാണ് സംഭവം. ഇതിന് രണ്ടു ദിവസം മുമ്പാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ 49 വയസു മാത്രം പ്രായമുള്ള കുഞ്ഞികൃഷ്ണൻ എന്ന കർഷകൻ മരണപ്പെടുന്നത്. ഇങ്ങനെ മരണപ്പെടുന്നവർ നിരവധി.

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച 2018ലെ സ്ഥിതിവിവര കണക്കുകൾ നോക്കിയാൽ മനസ്സിലാകുന്നത് മനുഷ്യന് പന്നിയുടെ വിലപോലുമില്ല എന്നാണ്. അവരുടെ കണക്കു പ്രകാരം 2017-18 ൽ ആകെ 119 പേരാണ് വന്യമൃഗ ആക്രമണത്തിൽ മരണപ്പെട്ടിട്ടുള്ളത്.

കേരളത്തിലെ ഭൂമി വിസ്തൃതിയുടെ 29.65% വനമാണ്. 11521.813 സ്ക്വയർ കി.മീ വനങ്ങളിൽ വച്ച് 2018-ൽ മാത്രം 7229 പേരാണ് വന്യജീവി ആക്രമണങ്ങൾക്ക് ഇരയായത്. വനസംരക്ഷണ സമിതിയുടെ കീഴിൽ 59,085 കുടുംബങ്ങളാണ് ഉള്ളത്. പരിസ്ഥിതി വികസന കമ്മിറ്റിയുടെ കീഴിൽ 12,418 കുടുംബങ്ങളും. ഈ കുടുംബങ്ങളിൽ നിന്ന് 7229 പേർ വന്യജീവി ആക്രമണത്തിന് ഇരയായി. മനുഷ്യന്റെ ജീവഹാനി, അംഗഭംഗം വളർത്തുമൃഗങ്ങളുടെ ജീവഹാനി, വിളനാശം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇങ്ങനെ ഇരകളാവുന്നവർക്ക് അപകടത്തിന്റെ / നാശനഷ്ടത്തിന്റെ തോതനുസരിച്ച് സർക്കാർ നഷ്ടപരിഹാരവും നിശ്ചയിച്ചിട്ടുണ്ട്.

2018-ൽ പുതുക്കിയ നിരക്കെന്തെന്ന് പരിശോധിക്കാം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ലഭിക്കുന്ന നഷ്ടപരിഹാര തുക 15 ലക്ഷമാണ്. സ്ഥായിയായ അംഗവൈകല്യം ഉണ്ടാകുന്നവർക്ക് ലഭിക്കുന്നത് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയും ലഭിക്കും. പട്ടിക വർഗക്കാരാണെങ്കിൽ ചികിത്സ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കും. പരിക്കേറ്റ ഒരു വ്യക്തിക്ക് വർഷത്തിൽ നാലുതവണ ഇത്തരത്തിൽ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.

വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിനശിക്കുകയോ വളർത്തുമൃഗങ്ങൾ നഷ്ടപ്പെടുകയോ ചെയ്താൽ ഒരു ലക്ഷം മുതൽ 75,000 രൂപവരെ ആണ് നഷ്ടപരിഹാരം ലഭിക്കുക.

ഇരകളായ വ്യക്തികൾ ഏതെങ്കിലും വന്യജീവി നിയമം (1942), കേരള വനം നിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുകയോ ഉൾപ്പെടുത്തുകയോ ചെയ്താൽ അവർക്ക് ഈ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. സ്ഥിരം കുറ്റവാളികളല്ലാത്ത വനം വനം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികൾ കുറ്റകൃത്യത്തിന് ഇടയിലല്ലാതെ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടാൽ ബന്ധപ്പെട്ട സർക്കിളിലെ ഉദ്യോഗസ്ഥർ പരിശോധിക്കുകയും അർഹതയുള്ള കേസിൽ നഷ്ടപരിഹാരം നൽകുകയും ചെയ്യും.

കേരള വനം വകുപ്പിൻറെ കണക്കനുസരിച്ച് 2017-18-ൽ 10 കോടി പതിനെട്ടു ലക്ഷത്തി അറുപത്തിയെണ്ണായിരം രൂപയാണ് ഇത്തരത്തിൽ നഷ്ടപരിഹാരമായി നൽകിയിട്ടുള്ളത്. 7229 പേർക്ക്. അതായത് ഒരാൾക്ക് ശരാശരി 14,091 രൂപ.

വന്യജീവി ആക്രമണത്തിൽ 2017 – 18 മരണമടഞ്ഞവർ 119 പേരാണ്. വനംവകുപ്പിനെ കണക്കനുസരിച്ച് ഈ കാലയളവിൽ 198.21 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. അതായത് ഒരാൾക്ക് 1.66 ലക്ഷം രൂപ. മരണം സംഭവിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നോർക്കണം.

ഈ നഷ്ടപരിഹാരത്തുക ലഭിക്കണമെങ്കിൽ ഒരു വ്യക്തിക്ക് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ജീവഹാനി ഉണ്ടായാൽ റേഞ്ച് ഓഫീസറുടെ ശുപാർശ ലഭിച്ചാൽ 15 ദിവസത്തിനകം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അല്ലെങ്കിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഓഫീസർ ഉത്തരവ് പുറപ്പെടുവിക്കണം. ഇതിനായി വില്ലേജ് ഓഫീസറുടെ പക്കൽനിന്നും ബന്ധുത്വം സംബന്ധിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഉത്തരവ് പുറപ്പെടുപ്പിച്ചാൽ ഉടൻതന്നെ 50 ശതമാനം തുക മരണപ്പെട്ട ആളുടെ നിയമപരമായ അവകാശികൾക്ക് നൽകേണ്ടതാണ്. ബാക്കി തുക ഏഴുദിവസത്തിനകം നൽകേണ്ടതാണ്. ഇതാണ് നിയമമെങ്കിലും ഇരകൾക്ക് നഷ്ടപരിഹാരം സമയത്ത് കിട്ടാറില്ല, വേണ്ടത്ര കിട്ടാറില്ല.

കൃഷി നാശത്തിനുള്ള നഷ്ടപരിഹാരത്തിന് 2017-18-ൽ അപേക്ഷിച്ചവർ 7769 പേരാണ് . ഒരാൾക്ക് ലഭിച്ച ശരാശരി നഷ്ടപരിഹാരത്തുക 6261 രൂപ മാത്രമായിരുന്നു. തുച്ഛമായ തുകയ്ക്ക് വേണ്ടി സമയം നഷ്ടപ്പെടുത്തി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുന്നതാലോചിച്ച് അധികം പേരും നഷ്ടപരിഹാരത്തിനുവേണ്ടി പോകാറില്ല.

ഓരോ വർഷവും ഹെക്ടർ കണക്കിന് കൃഷിനാശം വരുത്തുകയും ജീവഹാനിക്കിടയാക്കുകയും ചെയ്യുന്ന കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുവാനുള്ള ശ്രമത്തിൽ മൃഗങ്ങൾ കൊല്ലപ്പെടുകാണെങ്കിൽ അതിന് കാരണമായ വ്യക്തിക്ക് ലഭിക്കുന്നത് 25000 രൂപ പിഴയും മൂന്നു വർഷം തടവുമാണ്. കാട്ടുപന്നിയുടെ വില പോലുമില്ലാത്ത കർഷകർ.

സംരഭകയും മാധ്യമപ്രവർത്തകയുമാണ് ലേഖിക
ഫോൺ: 8848868044

Share
അഭിപ്രായം എഴുതാം