നാണ്യവിള നൽകി നട്ടെല്ലായി, അടിയന്തിരാവസ്ഥയ്ക്കെതിരെ രാഷ്ട്രീയനട്ടെല്ലും കാട്ടി മലയോരകർഷകർ

തലമുറകള്‍ക്ക് മുമ്പേ തുടങ്ങിവെച്ച മധ്യതിരുവിതാംകൂറിലെ പാവം കര്‍ഷക മക്കളുടെ നെട്ടോട്ടത്തിന്റെ കാരണമറിയാന്‍ പൊന്‍കുന്നം വര്‍ക്കിയുടെ ‘ആ വാഴ വെട്ട് ‘ എന്ന കഥ ഒരു തവണ വായിച്ചാല്‍ മതി. ആ കാലഘട്ടത്തിലെ കോട്ടയം ജില്ലയിലെ കൃഷിക്കാരുടെ നൊമ്പരങ്ങള്‍ സ്വന്തം നൊമ്പരങ്ങളാക്കി മാറ്റിയാണ് പൊന്‍കുന്നം വര്‍ക്കി കഥകള്‍ എഴുതിയിരുന്നത്. ‘ആ വാഴവെട്ടി’ലെ കഥാനായകന്‍ ഒരു കര്‍ഷകനാണ്. മറ്റെല്ലാ കൃഷിയിലും പരാജയപ്പെട്ടപ്പോള്‍ അവസാന അത്താണി എന്ന നിലയില്‍ വാഴ കൃഷിയിലേക്ക് തിരിഞ്ഞു. മറ്റു കൃഷിക്കാര്‍ ഒപ്പം ചേര്‍ന്നു. ഒരുപാട് സ്വപ്നങ്ങള്‍ മെനഞ്ഞു. രാവേറെ കൃഷിയിടത്തില്‍ ചെലവഴിച്ച് വല്ലാതെ ഉറങ്ങിപ്പോകുന്ന ദിവസങ്ങളില്‍ ഉണരുന്നതിനുമുമ്പേ ഉദിക്കുന്ന സൂര്യനെ ശപിച്ചുകൊണ്ട് വെള്ളമൊഴിച്ചു. വാഴ വളര്‍ന്നു. കണ്ണിലെ കൃഷ്ണമണിപോലെ വളര്‍ത്തിയെടുത്ത വാഴകള്‍ രോഗബാധിതരാണെന്നും വെട്ടിനശിപ്പിച്ചില്ലെങ്കില്‍ സര്‍വ്വനാശത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു. ഉത്തരവ് നടപ്പാക്കാന്‍ എത്തിയ നടത്തിപ്പുകാരുമായി ഏറ്റുമുട്ടി പരാജയപ്പെടുമ്പോള്‍ അവിടെനിന്ന് കുടിയിറങ്ങാന്‍ ആ കര്‍ഷകർ തീരുമാനിക്കുകയായിരുന്നു. ദിക്കറിഞ്ഞും അറിയാതെയും അവര്‍ നടത്തം തുടങ്ങി.

ഇത്തരം ഗതികേടുകള്‍ അനുഭവിച്ച കര്‍ഷകരാണ് മലകളിലേക്ക് പോയത്. അവിടെ അവര്‍ കണ്ടതില്‍ അധികവും തരിശുഭൂമികള്‍ ആയിരുന്നു. ആ പ്രദേശത്ത് കര്‍ഷക മക്കള്‍ പ്രവേശിക്കുന്നതിനു മുമ്പേ സര്‍ക്കാരും കരാറുകാരും ചേര്‍ന്ന് മരങ്ങള്‍ വെട്ടി മാറ്റി തരുശുഭൂമിയാക്കിയിരുന്നു. അതിന്റെ കഥ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ് . തലയില്‍ തിന്നാനും നടാനും ഉള്ള വകകളുമായി തരിശു ഭൂമിയിലേക്ക് പ്രവേശിച്ച കൃഷിക്കാര്‍ ആദ്യം കൃഷിചെയ്തത് തിന്നാനുള്ള വകയായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്നതിനായിരുന്നു ആദ്യത്തെ പരിഗണന. കുറുമ്പൂപ്പ് കൃഷിയില്‍ സജീവമാകുമ്പോഴും അവര്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. പറമ്പില്‍ ധാരാളം പ്ലാവുകള്‍ നട്ടുവളര്‍ത്താന്‍, മാത്രമല്ല തനിയെ മുളച്ചുവരുന്ന വൃക്ഷത്തൈകളെ കാറ്റടിച്ചു ഉലച്ചു കളയാതിരിക്കാന്‍ കമ്പുകള്‍ വെച്ചുകെട്ടി അവര്‍ പരിപാലിച്ചു. പുതിയ മരക്കാടുകള്‍ സൃഷ്ടിച്ചു. ഇടയില്‍ ഏലകൃഷി നടത്തി. കൃഷിയെ ആധുനിക വല്‍ക്കരിക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും കൃഷിക്കാര്‍ മാതൃക സൃഷ്ടിച്ചു. ഇത്തരം മാതൃകകളെ മുമ്പോട്ട് വെച്ചുകൊണ്ടാണ് തിക്കൊടിയന്‍ ‘കന്യാദാനം’ എന്ന നാടകം എഴുതിയത്.

നാടക പ്രമേയം മലബാറില്‍ കുടിയേറ്റക്കാരനായി ചെന്ന കര്‍ഷകന്‍ പരമ്പരാഗത കൃഷിരീതിയെ ആധുനിക വല്‍ക്കരിക്കുന്നതിന്റെ കഥയാണ് മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തില്‍ സര്‍ഗ്ഗാത്മകമായി കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട മലയോര കൃഷിക്കാര്‍ എവിടെ വച്ചാണ് കയ്യേറ്റക്കാരായത് ? ടോള്‍സ്റ്റോയിയുടെ ‘ആറടിമണ്ണ് മതി’ എന്ന കഥയിലെ നായകനെപ്പോലെ മണ്ണിനോട് ആര്‍ത്തിപൂണ്ട് മലകളായ മലകള്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ നെടുകേയും കുറുകേയും ഓടി നടന്നവരല്ല ഹൈറേഞ്ചിലെ കൃഷിക്കാര്‍. പതിച്ചുകിട്ടിയ അഞ്ചേക്കറോ ഏറിയാല്‍ പത്തേക്കറോ കൈവശം വെച്ച് പോന്നവരാണ് കര്‍ഷകര്‍.

ഒരുകാലത്ത് തെക്കന്‍ കേരളത്തില്‍ നിന്ന് കുടിയേറ്റ ഗ്രാമങ്ങളിലേക്ക് കക്ഷത്തില്‍ തുണി പൊതിയുമായി വണ്ടിയില്‍ വന്നിറങ്ങുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ ഇന്നത്തെ അന്യസംസ്ഥാനതൊഴിലാളികളെപോലെയായിരുന്നു, കുരുമുളക് തോട്ടത്തില്‍ പണി ചോദിച്ചു വന്നവര്‍, ആറേഴ് മാസങ്ങള്‍ കഴിഞ്ഞ് മഴക്കാലത്തിന്റെ തുടക്കത്തില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ കൈനിറയെ പണവുമുണ്ടായിരുന്നു. കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തില്‍ സമൃദ്ധിയുടെ ഈ ഒറ്റ ഉദാഹരണം മാത്രമെ കാണാനുള്ളൂ. കേരളത്തിലെ തൊഴില്‍രഹിതരുടെ ഗള്‍ഫായിരുന്നു അന്ന് കുടിയേറ്റ ഗ്രാമങ്ങള്‍.

മണ്ണില്‍ പൊന്ന് വിളയിക്കുകയും നാണ്യവിളകളുടെ സമൃദ്ധിയിലൂടെ രാജ്യത്തിന്റെ വിദേശനാണ്യശേഖരം പൊലിപ്പിക്കുകയും ചെയ്ത് രാജ്യത്തിന്റെ നട്ടെല്ലായി മാറിയവരാണ് കുടിയേറ്റകര്‍ഷകര്‍. ഇതേ കര്‍ഷകര്‍ തന്നെ ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയെ അഭിമുഖീകരിച്ചപ്പോള്‍ രാഷ്ട്രീയ നട്ടെല്ലായി മാറുകയും ചെയ്തു. അധികമാരും ആ സത്യത്തെ അങ്ങനെ വിലയിരുത്തി കണ്ടിട്ടുമില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ഭയാനകമായ ദിനങ്ങളാണ് അടിയന്തരാവസ്ഥ സമ്മാനിച്ചത്. അടിയന്തരാവസ്ഥയ്ക്ക് എതിരെ ഒരു പോസ്റ്റര്‍ എങ്കിലും ഒട്ടിച്ച് പ്രതിഷേധിക്കാന്‍ മുന്നിട്ടിറങ്ങിയവരെല്ലാം ഇന്ത്യയുടെ ജനാധിപത്യത്തേയും ഭരണഘടനയേയും നിലനിര്‍ത്തുന്നതില്‍ പങ്കു വഹിച്ചവരാണ്. ഇത്തരത്തിലുള്ള ധാരാളം ഇടപെടലുകള്‍ മലമടുക്കുകളില്‍ സംഭവിച്ചിരുന്നു. കുടിയേറ്റ കര്‍ഷകര്‍ ഒന്നടങ്കം അടിയന്തിരാവസ്ഥയ്‌ക്കെതിരായിരുന്നു. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ഒളിവില്‍ പ്രവര്‍ത്തിച്ചവരെ കര്‍ഷകര്‍ മലയോരത്ത് സംരക്ഷിച്ചു. കര്‍ഷകകുടുംബങ്ങളില്‍നിന്ന് നിരവധി പേര്‍ ഭരണഘടനയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്നു.

ഇടുക്കിയുടെ കര്‍ഷക മക്കള്‍ അവരുടെ സര്‍ഗ്ഗപ്രതിഭയെ അടിയന്തരാവസ്ഥയ്‌ക്കെതിരെ നല്ലവണ്ണം പ്രതിഫലിപ്പിച്ചവരാണ്. കല്ലാര്‍കുട്ടിയില്‍ ജോസ് ആന്റണിയുടെ നേതൃത്വത്തില്‍ ചെറുപ്പക്കാര്‍ ‘കാവല്‍പ്പട്ടി’ എന്ന നാടകം അരങ്ങിലെത്തിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിനേയും അതിനെ നയിക്കുന്ന ഇന്ദിരാഗാന്ധിയെയും അവരുടെ സ്വേച്ഛാധിപത്യത്തെയും തുറന്നു വിമര്‍ശിക്കുന്ന നാടകമായിരുന്നു അത്. അടിമാലിയില്‍ അവതരിപ്പിച്ച ‘അതിരാത്രം’ എന്ന നാടകം അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി. വാഴച്ചാല്‍ പ്രദേശങ്ങളിലെ കൃഷിക്കാരാണ് ഈ നാടകം അവതരിപ്പിച്ചത്. നെടുങ്കണ്ടത്ത് നിന്നും കരുതല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട രാജു ആലംമൂടന്‍ അറിയപ്പെടുന്ന നാടകകൃത്തായിരുന്നു. കാഞ്ചിയാര്‍ രാജന്റെ ‘തമസ്‌കരണം’ അടിയന്തരാവസ്ഥയ്‌ക്കെതിരെ വിമര്‍ശനങ്ങളുടെ കെട്ടഴിച്ചുവിട്ട നാടകമാണ്. ഇത് അവതരിപ്പിച്ചത് കാഞ്ചിയാര്‍ പള്ളിമുറ്റത്താണ് . അവിടെ നാടകം അവതരിപ്പിക്കാന്‍ അനുമതി കൊടുത്ത വൈദികന്‍ അടിയന്തരാവസ്ഥയ്ക്ക് എതിരായിരുന്നു. ഈ നാടകങ്ങള്‍ കാണാന്‍ കൂടിയവരില്‍ കോണ്‍ഗ്രസുകാരില്‍ ചിലര്‍ കൂക്കി വിളിച്ചു. വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്നവര്‍ പൊതുവേ നിശബ്ദരായിരുന്നു. കാരണം ഉള്ളുകൊണ്ട് അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായിരുന്നു. മലയോരകൃഷിക്കാര്‍ക്ക് അടിയന്തിരാവസ്ഥയെക്കുറിച്ച് നല്ല തിരിച്ചറിവും പ്രതികരണശേഷിയും ഉള്ളവരാണെന്ന് ഇത് തെളിയിക്കുന്നു. ഇതുപോലെ ഒന്നടങ്കം അടിയന്തിരാവസ്ഥ വിരുദ്ധത പ്രകടിപ്പിച്ച മറ്റേതെങ്കിലും കര്‍ഷകവിഭാഗത്തെ ഇന്ത്യയില്‍ ചൂണ്ടിക്കാണിക്കാനില്ല. അവര്‍ ചരിത്രത്തിന്റെ ഭാഗമാണ്.

ഒത്തുതീര്‍പ്പുകളും ഒറ്റിക്കൊടുക്കലുകളും നടത്തി പണം സമ്പാദിച്ചവരാണ് കയ്യേറ്റക്കാര്‍. റിയല്‍ എസ്റ്റേറ്റുകാരും, റസോർട്ട് വ്യവസായികളും അവരുടെ സില്‍ബന്ധികളും അടങ്ങിയതാണ് ഈ വിഭാഗം. കയ്യേറ്റ വാര്‍ത്തകള്‍ക്ക് കാരണമാകുന്നത് ഇവരുടെ ആര്‍ത്തികളും ഇടപെടലുകളുമാണ്. മിക്കവരും ‘നീലകണ്ഠന്‍’മാരോ അവരുടെ സ്വന്തക്കാരോ നാട്ടുകാരോ ആണ്. ഇവരെയും കര്‍ഷകരെയും ഒരു വണ്ടിക്ക് ആരും കെട്ടേണ്ട.

നടൻ, നാടക സംവിധായകൻ, സാംസ്കാരിക പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ലേഖകൻ കർഷകനുമാണ് .
ഫോൺ : 9562350459

Share
അഭിപ്രായം എഴുതാം