മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകൾ നൽകിയ ഡോ: ഹെർമ്മൻ ഗുണ്ടർട്ടിന്റെ നൂറ്റി ഇരുപത്തിയഞ്ചാമത് ചരമ വാർഷികം കഴിഞ്ഞ ദിവസം ( ഏപ്രിൽ 25) അധികമാരുമറിയാതെ കടന്നു പോയി.
ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നിന്ന് മത പ്രചരണത്തിനായി വന്നയാൾ മലയാള പ്രചാരകനായ ചരിത്രം പുതിയ തലമുറ വേണ്ട വിധം മനസ്സിലാക്കിയിട്ടില്ല. ഇരുപത് വർഷം കേരളത്തിൽ ജീവിച്ച ഗുണ്ടർട്ട് മലയാളികളെക്കാളും മലയാളം പഠിച്ചു. മലയാളം – ഇംഗ്ലീഷ് നിഘണ്ടു നിർമ്മിച്ചു. ജർമ്മൻ, ഹിബ്രു, ഫ്രഞ്ച്, ലാറ്റിൻ, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങി പതിനെട്ടു ഭാഷകൾ അനായാസം കൈകാര്യം ചെയ്ത ബഹുഭാഷാപണ്ഡിതനായിരുന്നു അദ്ദേഹം.സാധാരണ മനുഷ്യരുടെ ജീവിതവും സംസ്കാരവും സൂക്ഷ്മവായനയ്ക്ക് വിധേയമാക്കിയ ചരിത്ര വിദ്യാർത്ഥികൂടിയായിരുന്നു ഗുണ്ടർട്ട്. ഓരോ പദത്തിന്റെയും അർത്ഥം, ഉത്ഭവം, പ്രയോഗരീതികൾ, വിപരീത പദം തുടങ്ങിയവ കണ്ടെത്തിയതോടൊപ്പം പ്രാദേശികമായ അർത്ഥ വ്യത്യാസം, ഓരോ സമുദായക്കാരുടെയും സ്വന്തമായ പദപ്രയോഗരീതി എന്നിവയും ഗുണ്ടർട്ട് കുറിച്ചു വെച്ചു.മലയാള ഭാഷാ വ്യാകരണവും പഴഞ്ചൊൽ മാലയും ഗുണ്ടർട്ടിന്റെ കൃതികളിൽ പ്രധാനപ്പെട്ടവയാണ്.
തലശ്ശേരിയിലും കണ്ണൂരിലും താമസിച്ച ഹെർമ്മൻ ഗുണ്ടർട്ട് വിദ്യാഭ്യാസ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചു.വിദ്യാഭ്യാസ പ്രവർത്തകനായ അദ്ദേഹം വിദ്യാർത്ഥികൾക്കു വേണ്ടി മികച്ച നിലവാരമുള്ള പാഠപുസ്തകങ്ങൾ രചിച്ചു.മലയാളത്തിലെ ആദ്യ വാർത്താപത്രികയായ ‘രാജ്യ സമാചാരം’ വും തുടർന്ന് ‘പശ്ചിമോദയം’ മാസികയും പ്രസിദ്ധീകരിച്ചതും ഗുണ്ടർട്ടു തന്നെ.
1814ൽ ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ കച്ചവടക്കാരനായ ലുഡ് വിഗ് ഗുണ്ടർട്ടിന്റെയും ക്രിസ്റ്റ്യാനെ എൻസ്ലിന്റെയും മകനായി ജനിച്ച ഹെർമ്മൻ ഗുണ്ടർട്ടാണ് മലയാള ഭാഷയിലെ ഏറ്റവും പഴക്കമേറിയ കൃതിയായ ‘പയ്യന്നൂർ പാട്ട് ‘
എന്ന താളിയോല ഗ്രന്ഥം കണ്ടെടുത്തത്. തളിപ്പറമ്പിൽ നിന്ന് ഗുണ്ടർട്ടിന് ലഭിച്ച ഈ കൃതി അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് താൻ ഉന്നത വിദ്യാഭ്യാസം നടത്തിയ ട്യൂബിങ്ങൻ സർവ്വകലാശാലയ്ക്ക് സംഭാവന ചെയ്തു.ഗുണ്ടർട്ടിന്റെ വിവരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ കേരള സാഹിത്യ ചരിത്രം ഒന്നാം വാള്യത്തിൽ (പേജ് 342,343) പയ്യന്നൂർ പാട്ടിനെപ്പറ്റി പരാമർശിച്ചത്. ഉള്ളൂർ എഴുതി: ”കേരളീയ വാണിജ്യത്തെപ്പറ്റി പല പുതിയ അറിവുകളും നമുക്കു തരാൻ പര്യാപ്തമായ പ്രസ്തുത ഗ്രന്ഥം നഷ്ട പ്രായമായിത്തീർന്നിരിക്കുന്നത് ഏറ്റവും ശോചനീയമാകുന്നു”. പയ്യന്നൂർ പാട്ടിനെക്കുറിച്ച് മലയാളികൾ അല്പമെങ്കിലും അറിഞ്ഞത് ഉള്ളൂരിൽ നിന്നാണ്.
നഷ്ടപ്പെട്ടു പോയെന്ന് ഉള്ളൂർ പരിതപിച്ച ‘പയ്യന്നൂർ പാട്ട് ‘ ഏറെ ശ്രമപ്പെട്ട് കണ്ടെടുത്തപ്പോൾ അതിന്റെ പ്രാധാന്യം തിരിച്ചറിയാൻ മലയാളികൾക്ക് പൊതുവെ കഴിഞ്ഞില്ല എന്നത് ഒരു നഗ്ന യാഥാർത്ഥ്യമാണ്.മലയാളികളുടെ കൺവെട്ടത്തു നിന്ന് ഒന്നര നൂറ്റാണ്ടായി മറഞ്ഞിരുന്ന ‘പയ്യന്നൂർ പാട്ട് ‘ ഡോ: സ്ക്കറിയ സക്കറിയ ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയുടെ നിലവറയിൽ നിന്നു കണ്ടെടുത്തത് 1993-ലാണ്.ഗുണ്ടർട്ട് ഉപയോഗിച്ച കൈയെഴുത്ത് ഗ്രന്ഥത്തിൽ 34 ഓലകളിലായി 104 ഈരടികളാണുള്ളത്.മലയാളികൾ വളരെക്കാലമായി അന്വേഷിച്ചു കൊണ്ടിരുന്ന ‘പയ്യന്നൂർ പാട്ട് ‘ഏറ്റവും പഴക്കമേറിയ സ്വതന്ത്ര മലയാള സാഹിത്യ കൃതിയാണ്. ഭർത്താവിനോട് കുടിപ്പക തീർക്കാൻ മകന്റെ തലയറുക്കുന്ന നീല കേശിയുടെ കഥ പ്രാചീന കേരളത്തിന്റെ സമുദ്ര വാണിജ്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു.
മഹാകവി ഉള്ളൂർ ‘ പയ്യന്നൂർ പാട്ടി’ന്റെ ഇതിവൃത്തം സംക്ഷിപ്തമായി വിവരിക്കുന്നത് നോക്കുക:
”സുന്ദരിമാർക്കു കേൾവികേട്ട ശിവപേരൂരിൽ (തൃശൂരിൽ ) ഒരു മാന്യ കുടുംബത്തിൽ ജനിച്ച നീലകേശി എന്ന സ്ത്രീ അപുത്രയായിരുന്നതിനാൽ ഭിക്ഷുകിയായി തീർത്ഥാടനം ചെയ്യുവാൻ തീർച്ചപ്പെടുത്തി. അങ്ങനെ സഞ്ചരിക്കവേ ഒരിക്കൽ ഉത്തരകേരളത്തിൽ ഏഴിമലയ്ക്കു സമീപമുള്ള കച്ചിൽ പട്ടണത്തു ചെന്നുചേരുകയും അവിടത്തെ പ്രധാന വണിക്കായ നമ്പുചെട്ടി (ചോമ്പുചെട്ടിയെന്നും പറയും) അവളെ ചില വ്രതങ്ങളും മറ്റും അനുഷ്ഠിപ്പിച്ചു തന്റെ പത്നിയായി സ്വീകരിക്കുകയും ചെയ്തു. അവർക്കു നമ്പുശാരി അരൻ എന്നൊരു പുത്രൻ ജനിച്ചു.ആ സംഭവത്തിന്റെ ആഘോഷ രൂപമായി നാല്പത്തൊന്നാം ദിവസം പയ്യന്നൂർ മൈതാനത്തു വച്ചു നമ്പുചെട്ടി ഒരു സദ്യ നടത്തി.ആ സമയത്തു നീലകേശിയുടെ സഹോദരൻമാർ അവിടെ കപ്പൽവഴിക്കു ചെന്നു ചേർന്നു.അവർ ഒരു ക്ഷേത്രത്തിന്റെ മതിലിൽ കയറി നിന്നുകൊണ്ടു മൈതാനത്തിൽ നടന്ന ആഘോഷം കണ്ടു കൊണ്ടിരിക്കവേ ചിലർ അവരെ തടസ്സപ്പെടുത്തി.തങ്ങൾ കുലവാണികന്മാർ (ധാന്യവിക്രയികൾ) ആണെന്നും നാട്ടുനടപ്പറിഞ്ഞു കൂടാതെയാണ് അങ്ങനെ ചെയ്തതെന്നും നമ്പുചെട്ടിയോട് സമാധാനം പറഞ്ഞു. ചെട്ടിയാകട്ടെ അവരിൽ ഒരു സഹോദരന്റെ തലയിൽ വടികൊണ്ടടിക്കുകയും തദനന്തരമുണ്ടായ ലഹളയിൽ എല്ലാ സഹോദരന്മാരും കാലഗതിയെ പ്രാപിക്കുകയും ചെയ്തു. ആ ദാരുണമായ വൃത്താന്തം കേട്ട നീല കേശി ഭർത്താവിനേയും പുത്രനേയും ഉപേക്ഷിച്ചു വീണ്ടും ഭിക്ഷുകിയായി സഞ്ചരിച്ചു.പുത്രനെ പിതാവു യഥാകാലം കച്ചവടവും കപ്പൽപ്പണിയും പഠിപ്പിച്ചു.നമ്പുശാരി അരൻ സ്വന്തമായി ഒരു കപ്പൽ പണിയിച്ച് അതു കച്ചിൽ പട്ടണത്തു നിന്നു കച്ചവടത്തിനായി കടലിലിറക്കി. പാണ്ഡ്യർ, ജോ നകർ, ചോഴിയർ മുതലായവരും ഒരു യവനന്നും (ഗ്രീക്കുകാരൻ ) അതിൽ വേലക്കാരായി ഉണ്ടായിരുന്നു.അവർ ഏഴിമല ചുറ്റി പൂമ്പട്ടണത്തേക്കു ചെന്ന് അവിടെ നിന്നു മാലദ്വീപുകൾ, താമ്രവർണ്ണീ നദി, പൂവൻ കാപ്പട്ടണം, കാവേരി നദി ഇവ കടന്നു മറ്റൊരു സമുദ്രത്തിൽ സഞ്ചരിച്ചു പൊന്മല എന്ന സ്ഥലത്തെത്തി തങ്ങളുടെ സാമാനങ്ങൾ വിറ്റഴിച്ചു സ്വർണ്ണവുമായി തിരിയെ കച്ചിൽ പട്ടണത്തിലെത്തി. സാംയാത്രികന്മാർ യോഗ്യതാ നുസാരം സമ്മാനങ്ങൾ വാങ്ങി.ഒരവസരത്തിൽ അച്ഛനും മകനും കൂടി ചതുരംഗം വച്ചു കൊണ്ടിരിക്കവേ ഒരു ഭിക്ഷുകി വന്നു തനിക്കു ഭിക്ഷ കിട്ടിയാൽ പോരെന്നും യുവാവായ വർത്തകനെ കാണണമെന്നും നിർബ്ബന്ധിച്ചു. പിന്നീട് ആ സ്ത്രീയും അരനും തമ്മിൽ ദീർഘവും രഹസ്യവുമായ ഒരു സംഭാഷണം നടന്നു. ഒടുവിൽ അന്നു രാത്രി പയ്യന്നൂരിൽ സ്ത്രീകൾ ഒരു സദ്യ നടത്തുന്നുണ്ടെന്നും ആ അവസരത്തിൽ അരൻ അവിടെ സന്നിഹിതനാകണമെന്നും അവർ അപേക്ഷിച്ചു പിരിഞ്ഞു. അച്ഛൻ അതിലെന്തോ കൃത്രിമമുണ്ടെന്നു ശങ്കിച്ചു മകനോടു പോകരുതെന്ന് ഉപദേശിച്ചു എങ്കിലും മകൻ വാഗ്ദാനം ചെയ്തു കഴിഞ്ഞിരുന്നതിനാൽ പോകുമെന്നു ശഠിച്ചു.
“നില്ലാതെ വീണു നമസ്കരിച്ചാൻ:
നിന്നാണെ തമ്മപ്പാ പോകുന്നേനേ “
അപ്പോൾ അച്ഛൻ പറയുന്നു:
” പോകാൻ വിലക്കിനേനെത്തിരയും
പോക്കൊഴിപ്പാനരുതാഞ്ഞുതിപ്പോൾ.
ചാവാളരെപ്പോൽ നീയകലെപ്പോവൂ;
ചങ്ങാതം വേണം പെരികെയിപ്പോൾ.
കോവാതലച്ചെട്ടിയഞ്ചുവണ്ണം
കൂടും മണിക്കിരാമത്താർ മക്കൾ
നമ്മളാൽ നാലു നരകത്തിലും
നാലരെക്കൊൾക കുടിക്കു ചേർന്നോർ”.
“നാലർ കുടിക്കു ചേർന്നോരെക്കൊണ്ടാർ
നാട്ടിലെപ്പട്ടിണസ്വാമി മക്കൾ ;
തോഴർ പതിനാലു വൻകിരിയം
തോല്പിപ്പാനില്ലായീ നാട്ടിലാരും.
കാലേപ്പിടിച്ചങ്ങഴയ്ക്കിലും ഞാൻ
കച്ചിൽപ്പട്ടിൽ വന്നെന്നിക്കണ്ണുറങ്ങേൻ “.
അപ്പോൾ അച്ഛൻ കപ്പലിൽ വില്പനയ്ക്കു കുറേ സാമാനങ്ങൾ കൂടി കൊണ്ടു പോകുവാൻ ആജ്ഞാപിച്ചു.അതിനു മേലുള്ള കഥാവസ്തു എന്തെന്നറിയുവാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നത് “.
(കേരള സാഹിത്യ ചരിത്രം വാള്യം – 1 )
ഗുണ്ടർട്ട് ‘ പയ്യന്നൂർ പാട്ടി’നെക്കുറിച്ച് പറഞ്ഞതിനെ ഉദ്ധരിച്ചാണ് ഉള്ളൂർ എഴുതിയത്.ഭർത്താവിനോടുള്ള കുടിപ്പക തീർക്കാൻ മകനെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തു മടങ്ങിയെത്തിയ നീല കേ ശി കൃത്യനിർവഹണത്തിനുള്ള തീവ്രശ്രമം നടത്തുന്നിടത്ത് ‘പയ്യന്നൂർ പാട്ട് ‘ മുറിഞ്ഞു പോവുകയാണ്. പിന്നീടുള്ള ഓലക്കെട്ട് കാണുന്നില്ല.എന്നാൽ കഥയുടെ ഉത്തരഭാഗം
‘ പയ്യന്നൂർ പാട്ട് ‘ പുസ്തക രൂപത്തിൽ തയ്യാറാക്കിയതിന്റെ എഡിറ്റർ പി.ആൻറണി കണ്ടെത്തിയിട്ടുണ്ട്. അതു ‘നീല കേ ശിപ്പാട്ടി’ലാണ്.’ കെന്ത്രോൻ പാട്ട് ‘ എന്ന ഗർഭ ബലികർമ്മത്തിന് വണ്ണാൻമാർ പാടാറുള്ളതാണ്
‘നീലകേശിപ്പാട്ട് ‘. ഇതിവൃത്തത്തിന്റെ കാര്യത്തിൽ ‘പയ്യന്നൂർ പാട്ടി’ന്റെ തുടർച്ച തന്നെയാണ് നീല കേ ശിപ്പാട്ടെന്ന് പഠനത്തിൽ ആന്റണി അതിവിദഗ്ദ്ധമായി സ്ഥാപിച്ചിരിക്കുന്നു.
‘താപസിയായ നീലകേശി മായച്ചൂതും ചതുരംഗവും കളിച്ച് തരിയരനെ തോല്പിച്ചു തല കൊയ്യുന്നു.അങ്ങനെ മകന്റെ കഴുത്തറുത്ത് അമ്മ അച്ഛനോട് പകരം വീട്ടി’.
‘സാമൂഹിക സാമ്പത്തിക പരിണാമത്തിന്റെ ഓർമ്മകൾ ഉണർത്താനും ഈ രചന ഉപകരിക്കും. പ്രാചീന കാലത്തു കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തു, വിശിഷ്യാ മലബാർ തീരത്തു വാണിജ്യം എങ്ങനെ അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്ന് ഈ കൃതി കാട്ടിത്തരുന്നു. വിഭവങ്ങളുടെ പട്ടികയാണ് 96 – 104 പാട്ടുകൾ. വാങ്ങുന്നതും വില്ക്കുന്നതുമായ ഉല്പന്നങ്ങൾ കടലോരവാണിജ്യത്തെക്കുറിച്ചു നമുക്കു ചരിത്ര രേഖകൾ നൽകുന്ന തെളിവുകളുമായി പൊരുത്തപ്പെടുന്നുണ്ട്. കിഴക്കൻ തീരത്തു നിന്നു അരി വാങ്ങി പടിഞ്ഞാറൻ തീരത്തു കൊണ്ടുവന്നു വില്ക്കുന്ന ഏർപ്പാടു പണ്ടുണ്ടായിരുന്നു എന്നു കേട്ടാൽ ചിലരെങ്കിലും നെറ്റി ചുളിക്കും.16 ഉം 17 ഉം നൂറ്റാണ്ടുകളിൽ തീരദേശ കടൽവാണിജ്യം എങ്ങനെയായിരുന്നു എന്ന് സഞ്ജയ് സുബ്രഹ്മണ്യം വിശദീകരിച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ
പോർട്ടുഗീസുകാരുടെ വരവിനും വളരെ മുമ്പ്, കാവേരി പൂമ്പട്ടണം, നാഗപട്ടണം, തഞ്ചാവൂർ ,ചിദംബരം പ്രദേശങ്ങളുമായി കടൽ വഴി മലബാറിനുണ്ടായിരുന്ന ഉറ്റബന്ധങ്ങളിലേക്കു ‘പയ്യന്നൂർ പാട്ട് ‘വെളിച്ചം പകരുന്നു.അതു സാമ്പത്തിക ചരിത്ര പഠനത്തിൽ പ്രസക്തമായ കാര്യമാണ്. കപ്പൽ നിർമ്മാണത്തിൽ ( ചെറിയ ചരക്കുകപ്പലുകളായിരിക്കണം ) മലബാറിനുള്ള പാരമ്പര്യം, കച്ചവട സംഘങ്ങളുടെ പ്രവർത്തനം, വിഭവ സമാഹരണം, ശേഖരണം, വിതരണം എന്നിവയെക്കുറിച്ചെല്ലാം ഇവിടെ പരാമർശമുണ്ട്. ഗുണ്ടർട്ടിനു ഏറ്റവും കൗതുകകരമായതു അഞ്ചു വണ്ണം മണി ഗ്രാമം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളാണ്. കോവാ തല ചെട്ടി, പാണ്ടിയർ, ചൊനവർ, ചൊഴിയർ, നാലർകുടികൾ തുടങ്ങിയവരെക്കുറിച്ചുള്ള അന്വേഷണം ചരിത്ര വിദ്യാർഥിയെ ഇങ്ങോട്ടു നയിക്കും.
വടക്കേ മലബാറിലെ കടൽവാണിജ്യത്തിൽ നല്ല പങ്കു വഹിച്ച ചാലിയരും ചെട്ടികളും തഞ്ചാവൂരിൽ നിന്നാണ് ഇവിടെ കുടിയേറിയതു എന്ന ഐതിഹ്യം പരിഗണിക്കുമ്പോൾ പയ്യന്നൂർപ്പാട്ടിന്റെ ചരിത്ര പ്രാധാന്യം വർദ്ധിക്കുന്നു. ഇത്രയും സൂചിപ്പിച്ചത് പയ്യന്നൂർപ്പാട്ട് വെറുമൊരു വടക്കൻ വീരഗാഥയല്ല എന്നു വ്യക്തമാക്കാനാണ്. കേരളത്തിന്റെ ഗതകാല ചരിത്രം പ്രതിഫലിപ്പിക്കുന്ന വിശാലമായ സാംഗോപാംഗഘടനയുള്ള ഇതിഹാസമാണ് ‘ പയ്യന്നൂർ പാട്ട് ‘. അതു മലയാളിയുടെ വർഗ്ഗ സ്മൃതികൾ തൊട്ടുണർത്തുന്നു’.
(‘ പയ്യന്നൂർ പാട്ട് – പാഠവും പഠനങ്ങളും’ – ഡോ: സ്ക്കറിയ സക്കറിയ)
‘ പയ്യന്നൂർ പാട്ട് ‘ ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്നു കണ്ടെടുത്ത് കാൽ നൂറ്റാണ്ടായിട്ടും അതിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം തിരിച്ചറിയാൻ നമുക്കു സാധിച്ചിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. സമ്പന്നമായ ഗതകാല ചരിത്രം പുതിയ തലമുറയെ പഠിപ്പിക്കാൻ പയ്യന്നൂർ നഗരസഭയും രാഷ്ട്രീയ- സാംസ്ക്കാരിക സംഘടനകളും മുൻകൈ എടുത്താൽ നല്ലത്.