മലയാള ഭാഷയ്ക്ക് അറുപത്തിനാലു വയസ്. മലയാള ഭാഷ… ദൈവത്തിൻ്റെ നാട്ടിലെ ശ്രേഷ്ഠഭാഷ…

മലയാള ഭാഷയെ നെഞ്ചിലേറ്റിയ മലയാള മണ്ണിൻ്റെ മക്കളാണ് നമ്മൾ. മലയാള നാടിൻ്റെ നന്മകളും മലയാള ഭാഷയുടെ മേന്മകളും വിളിച്ചോതുന്ന നമ്മുടെ നാടിൻ്റെ അറുപത്തിനാലാം ജന്മദിനമാണ് ഇന്ന് . നവംബർ 1 കേരള പിറവി ദിനം.

ചരിത്ര കല സാഹിത്യ സംസ്ക്കാരത്തിൻ്റെ വിജ്ഞാന സമ്പത്ത് ഏറെയുള്ള മലയാള മണ്ണിന് മലയാള ഭാഷതന്നെയാണ് ശ്രേഷ്ഠഭാഷ. അന്യഭാഷകളെ ഏറെ സ്നേഹിക്കുന്ന ഈ കാലഘട്ടത്തിൽ മലയാള ഭാഷയുടെ മാഹാത്മ്യം മറക്കുന്നു ഇന്നത്തെ തലമുറ.

കേരളീയ സംസ്ക്കാരത്തെ വിളിച്ചോതുന്ന പൈതൃകസ്വത്തായ മലയാള ഭാഷയെ വിസ്മരിച്ച് കൊണ്ട് അന്യഭാഷകളുടെ പിറകെ പോവുമ്പോൾ നമ്മുക്ക് നഷ്ടമാവുന്നത് മാതൃഭാഷയുടെ മാഹാത്മ്യമാണ്,

ആറ് നാട്ടിൽ നൂറ് ഭാഷ സംസാരിക്കുന്ന ഇന്നിൻ്റെ ഈ ലോകത്ത് എല്ലായിടത്തും കേരള മക്കളുണ്ട്. ആംഗലേയ ഭാഷ അഭിമാനമായി കാണുന്ന അവിടെയൊക്കെ മലയാള ഭാഷ താഴ്ന്ന ഭാഷയായി പിൻതളളപെടുന്നുണ്ടോ എന്ന് തോന്നി പോവുന്നു പലപ്പോഴും. മാതൃഭാഷയുടെ ‘മധുരം രുചിച്ചറിഞ്ഞവരാണ് മുൻ തലമുറയെങ്കിൽ ആ മധുരം എന്താണെന്ന് തിരിച്ചറിയാൻ ശ്രമിക്കാത്തവരാണ് ഇന്നത്തെ തലമുറ. ഇന്ത്യയിൽ ഇരുപത്തിരണ്ട് ഓദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം .

ആ മലയാളത്തെ എന്നും നമ്മൾ നെഞ്ചിലേറ്റണം. പെറ്റമ്മയായ മലയാള മണ്ണിൻ്റെ മടിത്തട്ടിലിരുന്നു മലയാളത്തിൻ്റെ മാധുര്യം നുകരാൻ നമ്മുക്ക് കഴിയണം.

ദൈവം കനിഞ്ഞനുഗ്രഹിച്ച ഈ മലയാളനാടിൻ്റെ മാനവിക ചരിത്രം എന്നും നമ്മുടെ രക്തത്തിലലിഞ്ഞ് ചേരണം. മലയാള ഭാഷയെ പടുത്തുയർത്തുന്ന മലയാളി മക്കളാവണം നമ്മൾ.

ദൈവത്തിൻ്റെ നാടായ കേരളത്തിലെ മാലാഖമാരാകാം നമുക്ക്. സത്യവും സ്നേഹവും സമത്വവും എന്നും മുറുകെ പിടിക്കാം. മലയാള മണ്ണിൻ്റെ അഭിമാനമാകാം.

Share
അഭിപ്രായം എഴുതാം