സംസ്ഥാനത്ത് കുപ്പി വെള്ളത്തിന് പരമാവധി വില 13 രൂപയായി കുറച്ച് സര്‍ക്കാര്‍

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്ത് കുപ്പി വെള്ളത്തിന് പരമാവധി വില 13 രൂപയായി നിര്‍ണ്ണയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചു. നികുതി ഉള്‍പ്പടെ 8 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്നത്. വില്‍ക്കുന്നത് 20 രൂപയ്ക്കും. വില നിര്‍ണ്ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് നിര്‍ദ്ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകള്‍ അനുസരിച്ച് സംസ്ഥാനത്ത് 220 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നിയമപ്രകാരം ഒരു കുപ്പിവെള്ള നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ 12 ലൈസന്‍സ് നേടണം. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് സോഡ നിര്‍മ്മാണത്തിനുള്ള ലൈസന്‍സ് നേടിയശേഷം അതിന്റെ മറവിലാണ് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം ഉത്പാദിപ്പിക്കുന്നത്.

Share
അഭിപ്രായം എഴുതാം