ജുഡീഷ്യറിയുടെ ലോകചരിത്രത്തില്‍ അയോദ്ധ്യ കേസുപോലെ സങ്കീര്‍ണ്ണതമുറ്റിയ കേസുകള്‍ അധികമില്ല. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രസാഹചര്യത്തെ ആയിരുന്നു കോടതിക്ക് പരിശോധിക്കേണ്ടിവന്നത്. ഈ അഞ്ച് നൂറ്റാണ്ടിനിടയില്‍ രാമജന്മഭൂമിയും ശ്രീരാമചന്ദ്രന്റെ രാജധാനിയായ കനകസഭയും എല്ലാം ഉള്‍പ്പെട്ട അയോദ്ധ്യ നഗരിയില്‍ പലതും നടന്നുകൊണ്ടേയിരുന്നു. ആക്രമണങ്ങള്‍ ഉണ്ടായി, ആക്രമിച്ചവരുടെ ഭരണം വന്നു. അത് കടപുഴകി. പിന്നീട് അയോദ്ധ്യയിലെ നവാബുമാരുടെ വാഴ്ചയായി. അവരെ പിന്‍തള്ളി ബ്രിട്ടീഷുകാര്‍ വന്നു. അപ്പോള്‍ അവരുടെ നിയമമായി അയോദ്ധ്യയില്‍. പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യം. സ്വതന്ത്ര ഇന്ത്യയുടെ നിയമം. സ്വതന്ത്ര ഇന്ത്യയില്‍തന്നെ വ്യത്യസ്തനയങ്ങളുള്ള പാര്‍ട്ടികളുടെ മാറിമാറിയുള്ള ഭരണം. ഇതിനെല്ലാം ഇടയില്‍ ബാബര്‍ ആക്രമിച്ച് തകര്‍ത്ത ക്ഷേത്രത്തിന്റേതെന്ന് കരുതുന്ന ഒരു നിര്‍മ്മാണത്തിന് മീതെ പടുത്തുയര്‍ത്തിയ ബാബറി മസ്ജിദ് നിലകൊണ്ടു. അതിനുമേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടു. പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കയ്യേറ്റങ്ങള്‍ ഉണ്ടായി. ഏറ്റുമുട്ടലുകള്‍ ഉണ്ടായി. അഞ്ച് നൂറ്റാണ്ടിനിടയില്‍ അരങ്ങേറിയ ചെയ്തികളുടെ മുഴുവന്‍ നിയമസാധുതയും പരിശോധിക്കേണ്ട ഉത്തരവാദിത്വമായിരുന്നു പരമാധികാര കോടതിക്ക് ഏറ്റെടുക്കേണ്ടി വന്നത്.
ഇപ്പോഴത്തെ കോടതി വിധി ഒരു മാതൃകയാണ്. രാമജന്മഭൂമി ബാബറിമസ്ജിദ് വിവാദത്തിന്റെ എല്ലാ ചരിത്ര സമസ്യകളേയും സ്പര്‍ശിച്ചതിനുശേഷമാണ് കോടതിയുടെ വിധി പ്രസ്താവം. 1045 പേജില്‍ വിശാലവും അഗാധവുമായ നിരീക്ഷണങ്ങളടങ്ങിയ ഒന്നാണ് ഈ ന്യായവിധി.
അലഹബാദ് ഹൈക്കോടതിയില്‍ വന്ന കേസില്‍ രാമജന്മഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് വിഭാഗങ്ങള്‍ക്കായി 2.77 ഏക്കര്‍ വരുന്ന തര്‍ക്കസ്ഥലം വിഭജിച്ച് നല്‍കി. അവകാശമുന്നയിച്ചവര്‍ക്ക് ഭൂമി പങ്കിട്ടുനല്‍കിയ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. ഭൂമിയുടെ അവകാശം കൃത്യമായി തീര്‍പ്പുകല്‍പ്പിച്ചതോടെ ബാബറിമസ്ജിദ് രാമജന്മഭൂമി വിവാദത്തിന് തിരശ്ശീല വീഴുകയാണ്. ഇന്ത്യയുടെ മതേതര ഭരണഘടനയുടേയും നിയമവാഴ്ചയുടേയും ഉന്നതമൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് കേസില്‍ ഉന്നയിക്കപ്പെട്ട എല്ലാ വാദങ്ങളേയും അപേക്ഷകളെയും കോടതി സമീപിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.
ബാബറി മസ്ജിദ് നിലനിന്നിരുന്നു എന്ന സത്യം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ സമീപനം. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഖനനങ്ങള്‍ പുറത്തുകൊണ്ടുവന്ന വസ്തുതകളെ കോടതി നിരാകരിച്ചിട്ടില്ല. ഇസ്ലാമികമല്ലാത്ത ഒരു നിര്‍മ്മാണം തകര്‍ക്കപ്പെട്ടതിനു മീതെയാണ് മോസ്ക് നിര്‍മ്മിച്ചത് എന്ന് കോടതി നിരീക്ഷിക്കുന്നു. ആ ഭൂമിയുടെ അവകാശം സംബന്ധിച്ച് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും ശ്രീരാമനുവേണ്ടി നിര്‍മോഹി അഖാഡയില്‍ ഉന്നയിച്ച അവകാശവാദങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് ഭൂമിയുടെ ഉടമസ്ഥ അവകാശം തീരുമാനിക്കുകയായിരുന്നു.
നിയമവ്യവസ്ഥ ഒരു വ്യക്തിക്ക് നല്‍കുന്ന അതേ അവകാശങ്ങള്‍ ശ്രീരാമന്‍ എന്ന വിഗ്രഹത്തിന് അനുവദിച്ചുകൊണ്ടാണ് വിധി വന്നത്. ശ്രീരാമനുവേണ്ടി കോടതിയിലെത്തിയ പരാതിക്കാര്‍ അദ്ദേഹത്തിന്റെ ജന്മഭൂമി വീണ്ടെടുത്ത് നല്‍കണമെന്നും അവിടെ ജന്മസ്ഥാനത്ത് ക്ഷേത്രം നിര്‍മ്മിക്കുവാന്‍ സൗകര്യം ചെയ്യണമെന്നും അയിരുന്നു അപേക്ഷിച്ചത്. ഈ അപേക്ഷയ്ക്ക് ആധാരമായി അവര്‍ ചൂണ്ടിക്കാട്ടിയ തെളിവുകളില്‍ സുപ്രധാനമായവ സ്വീകരിച്ചുകൊണ്ടാണ് രാമജന്മഭൂമിയുടെ അവകാശം രാമന് വിട്ടുകൊടുത്തിരിക്കുന്നത്. ഈ അവകാശവാദത്തിനു പിന്നിലെ വൈകാരികതയെയാണ് സമൂഹം ചര്‍ച്ച ചെയ്തിരുന്നത് എങ്കില്‍ കോടതി ചര്‍ച്ചചെയ്തതും സ്വീകരിച്ചതും തെളിവുകളെ മാത്രമാണ്.
തര്‍ക്കം ഉന്നയിക്കപ്പെട്ട കെട്ടിടത്തിനുള്ളില്‍ രാമവിഗ്രഹം ഉണ്ടായിരുന്നു. അതിനു പുറത്തുള്ള സ്ഥലം ഹിന്ദുക്കള്‍ മുന്‍പെ കൈവശം വച്ച് വന്നിരുന്നവയാണ്. 1857 നു മുമ്പ് പുറംതളത്തില്‍ ഹിന്ദുക്കളുടെ ആരാധന നിര്‍ബാധം നടന്നിരുന്നത് എന്നും കോടതി കണ്ടെത്തി. 1857 ല്‍ ബ്രിട്ടീഷുകാര്‍ അയോദ്ധ്യ കീഴടക്കി പ്രവിശ്യ ആക്കുന്നതിന് മുമ്പ് ഹിന്ദുക്കള്‍ അകത്തളത്തിലും ആരാധന നടത്തിയിരിക്കാനുള്ള സാധ്യത കോടതി അംഗീകരിക്കുകയായിരുന്നു. അതോടെ രാമന്‍ ജനിച്ചതായി ഹിന്ദുക്കള്‍ വിശ്വസിച്ചുവരുന്ന ഒരു സ്ഥലത്തിനുമേല്‍ ഉള്ള അവകാശം കോടതി അംഗീകരിച്ചു കൊടുത്തു. ഈ സ്ഥലം തര്‍ക്കക്കാര്‍ക്കിടയില്‍ വിഭജിച്ച ഹൈക്കോടതി വിധി അസാധുവാക്കുകയും ചെയ്തു.
തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശിലെ സുന്നി വഖഫ് ബോര്‍ഡ് ഉന്നയിച്ച അവകാശങ്ങളെ കോടതി പരിശോധിച്ചിട്ടുണ്ട്. തകര്‍ക്കപ്പെട്ടൊരു നിര്‍മ്മിതിക്ക് മേലാണ് മസ്ജിദ് നിര്‍മ്മാണം നടന്നതെന്ന വസ്തുതയ്ക്കൊപ്പം ആ മോസ്കിനുള്ളില്‍ 1949 ഡസംബര്‍ 22,23 എന്നീ ദിവസങ്ങളിലെ രാത്രികളില്‍ ഹിന്ദുക്കളുടെ കടന്നുകയറ്റം ഉണ്ടാകുകയും ആ മോസ്ക് കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് കോടതി അംഗീകരിച്ചു. ഈ കടന്നുകയറ്റം നിയമസാധുതയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെ പിന്തുണയോടെയോ തീരുമാനത്തോടെയോ ആയിരുന്നില്ലെന്നും കോടതി കണ്ടെത്തി.
വിഗ്രഹപ്രതിഷ്ഠ മോസ്ക് ഉപേക്ഷിക്കുന്നതില്‍ മുസ്ലീങ്ങളെ എത്തിച്ചു. 1992 ഡിസംബര്‍ 6ന് ഈ നിര്‍മ്മാണം തകര്‍ക്കപ്പെടുകയുണ്ടായി. നിയമവിരുദ്ധമായ രണ്ട് നടപടികളായിരുന്നു അവ. ചെയ്ത തെറ്റിന് പരിഹാരം ഉണ്ടാക്കണം. ഭരണഘടനയുടെ 142-ാം ആര്‍ട്ടിക്കിള്‍ പ്രകാരം അഞ്ചേക്കര്‍ ഭൂമി പകരം നല്‍കി അവിടെ മോസ്ക് സ്ഥാപിക്കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയെന്നതാണ് കോടതി വിധിയിലൂടെ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
അതേസമയം രാമജന്മഭൂമിയെന്ന് ഹിന്ദുക്കള്‍ കരുതിയിരുന്ന ആ സ്ഥലത്തിന് മേലുള്ള ഹിന്ദുക്കളുടെ അവകാശവും കൈവശവും നിലനിന്നിരുന്നതായി കോടതി കണ്ടെത്തുകയായിരുന്നു. അതുകൊണ്ട് ആ ഭൂമി ഹിന്ദുക്കള്‍ക്ക് ക്ഷേത്രനിര്‍മ്മാണത്തിനായി വിട്ടുകൊടുക്കാനും വിധിച്ചു. എന്നാല്‍ അവിടെ ഉയര്‍ന്ന് വന്ന പള്ളിയില്‍ ഹിന്ദുക്കളുടെ കടന്നുകയറ്റം ഉണ്ടായെന്നും തകര്‍ക്കലുണ്ടായെന്നും കോടതി അംഗീകരിക്കുകയും അത് മതേതര ഭരണഘടനയ്ക്ക് കീഴില്‍ അനുവദനീയമല്ലെന്നും അഭിപ്രായപ്പെട്ടു. രാമജന്മഭൂമി എന്ന നിലയില്‍ ആ സ്ഥലത്തിനുമേലുള്ള ഹിന്ദുക്കളുടെ അവകാശം അംഗീകരിച്ചതിനൊപ്പം ജന്മസ്ഥാനത്ത് ഉയര്‍ന്ന് വന്ന പള്ളിയുടെ തകര്‍ക്കല്‍ വരെയെത്തിയ സംഭവങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ബാബറി മസ്ജിദ് നിര്‍മ്മിക്കുന്നതിനായി അഞ്ചേക്കര്‍ ഭൂമി അയോദ്ധ്യയില്‍ കണ്ടെത്തി സര്‍ക്കാരിനോട് വഖഫ് ബോര്‍ഡിന് നല്‍കുവാനും വിധിക്കുകയായിരുന്നു. ഇരു പക്ഷത്തിന്‍റേയും പരാതികള്‍ക്കും അവകാശങ്ങള്‍ക്കും കോടതി പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.