ബി.ജെ.പിക്ക് പിഴച്ചത് 4 സംസ്ഥാനങ്ങളിൽ

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി മൂന്നാം വട്ടവും ഭരിക്കാമെന്ന ബി.ജെ.പി കണക്കുകൂട്ടൽ പിഴച്ചത് നാല് സംസ്ഥാനങ്ങളിൽ. രാഷ്ട്രീയ മലക്കംമറിച്ചിൽ നടന്ന മഹാരാഷ്ട്ര,​ പാർട്ടിയിലെ പടലപ്പിണക്കം പരിധിവിട്ട രാജസ്ഥാൻ,​ അമിത ആത്മവിശ്വാസം ചതിച്ച ഉത്തർപ്രദേശ്,​ പശ്ചിമബംഗാൾ എന്നിവയാണവ

പൗരത്വപ്രശ്നം, ഏക സിവിൽകോഡ് തുടങ്ങിയ കടുത്ത നിലപാടുകളും പാർട്ടിക്ക് ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. പൗരത്വപ്രശ്നം ബംഗാളിൽ ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അതുണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42ൽ 18സീറ്റും പിടിച്ച ബംഗാളിൽ പത്തു സീറ്റുകളിലേക്ക് ചുരുങ്ങേണ്ടിവന്നു.48ൽ 41ഉം കഴിഞ്ഞ തവണ കിട്ടിയ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ശിവസേനയെ പിണക്കി രണ്ടാക്കിച്ചത് പ്രതികൂലമായി ബാധിച്ചെന്ന് വേണം വിലയിരുത്താൽ. ഇത്തവണ കേവലം 18 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നു.മുൻ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയെ തഴഞ്ഞ രാജസ്ഥാനിൽ പാർട്ടി കടുത്ത ഗ്രൂപ്പുവഴക്കാണ് നേരിടുന്നത്. 2019ൽ 25ൽ 25ഉം നേടിയ ബി.ജെ.പിക്ക് ഇത്തവണ കിട്ടിയത് 14 സീറ്റുകൾ മാത്രം.ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ ഭരണനേട്ടവും രാമക്ഷേത്രവും നൽകിയ അമിത ആത്മവിശ്വാസം വിനയായി. 80 സീറ്റിൽ ആകെ കിട്ടിയത് 33. ഇവിടെ സമാജ് വാദി പാർട്ടിയുമായി ചേർന്ന് ബി.ജെ.പിയെ നേരിടാനുള്ള കോൺഗ്രസ് തന്ത്രം ഇന്ത്യ മുന്നണിക്ക് ഗുണം ചെയ്തു. ബി.ജെ.പി വിരുദ്ധ വോട്ടിന്റെ ഏകീകരണം ഇതോടെയുണ്ടായി.ബി.ജെ.പിയുടെ മാതൃപ്രസ്ഥാനമായ ആർ.എസ്.എസ് 2025ൽ നൂറാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ അവസരത്തിൽ ഉറപ്പുള്ള സർക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയാതെ പോകുന്നത് രാഷ്ട്രീയമായി മാത്രമല്ല ആശയപരമായും കടുത്ത തിരിച്ചടിയാണ്.

Share
അഭിപ്രായം എഴുതാം