വടകര തിരഞ്ഞെടുപ്പ് ഫലം – ആര് ജയിച്ചാലും ഉപതിരഞ്ഞെടുപ്പ് ഉറപ്പ്

വടകര തിരഞ്ഞെടുപ്പ് ഫലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും അധികം പേര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫലമാണ് വടകരയിലേത്.സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസും സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎമ്മും എന്നതിനേക്കാളുപരി തീവ്രമായ രാഷ്ട്രീയവും വ്യക്തിപരവും കൂടിയായ പോരാട്ടമാണ് വടകരയിലേത്. എല്‍ഡിഎഫിനായി കെകെ ശൈലജയും യുഡിഎഫിനായി ഷാഫി പറമ്ബിലുമാണ് മത്സരിക്കുന്നത്. രണ്ട് പേരും എംഎല്‍എമാര്‍.
അതിനാല്‍ തന്നെ ഫലം എന്ത് തന്നെയായാലും കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും എന്നത് തീര്‍ച്ചയാണ്. എന്‍ഡിഎയ്ക്കായി പ്രഫുല്‍ കൃഷ്ണ മത്സരിക്കുന്നുണ്ടെങ്കിലും നില മെച്ചപ്പെടുത്താന്‍ മാത്രമായിരിക്കും ശ്രമിക്കുക. വോട്ടെടുപ്പിന് ശേഷവും വടകരയിലെ ആരോപണപ്രത്യാരോപണങ്ങള്‍ക്ക് അന്ത്യമായിട്ടില്ല. അശ്ലീല വീഡിയോ വിവാദവും കാഫിര്‍ വിവാദവുമെല്ലാമായി കത്തി നില്‍ക്കുകയാണ് വടകര.

അതേസമയം സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിംഗ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനമാണ് വടകരയിലെ പോളിംഗ്. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണിത്. 1,11,4950 പേരാണ് വടകരയില്‍ വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വടകര ലോക്സഭാ മണ്ഡലം.

Share
അഭിപ്രായം എഴുതാം