സ്കൂളില്‍ ‘ഓള്‍ പാസ്’ വേണ്ടെന്ന് കേന്ദ്രം; നടപ്പാക്കാൻ മടിച്ച്‌ കേരളം

തിരുവനന്തപുരം: പുതിയ സ്കൂള്‍ പാഠ്യപദ്ധതി വരാനിരിക്കുമ്ബോഴും വിദ്യാർഥികളെയെല്ലാം പാസാക്കി വിടരുതെന്ന കേന്ദ്രനിർദേശം പാലിക്കാതെ കേരളം.
അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളില്‍ കുട്ടികള്‍ നേടുന്ന മാർക്കനുസരിച്ചു മാത്രമേ ഉയർന്ന ക്ലാസുകളിലേക്ക് പാസാക്കി വിടാവൂവെന്നാണ് നിർദേശം. ഇതു 19 സംസ്ഥാനങ്ങള്‍ നടപ്പാക്കിയെങ്കിലും കേരളം തീരുമാനമെടുത്തിട്ടില്ല. നിരന്തരമൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നാണ് സമീപനം.

എട്ടാം ക്ലാസ്വരെ കുട്ടികളെ തോല്‍പ്പിക്കരുതെന്നായിരുന്നു 2009-ല്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുമ്ബോഴുള്ള നിർദേശം. ഈ വ്യവസ്ഥ 2019-ല്‍ പാർലമെന്റ് ഭേദഗതി ചെയ്തു. വിദ്യാർഥികളുടെ വിജ്ഞാനശേഷി നോക്കാതെ പാസാക്കി വിടുന്നത് പഠനനിലവാരത്തെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍.

അതനുസരിച്ച്‌, ഒട്ടേറെ സംസ്ഥാനങ്ങള്‍ ‘ഓള്‍ പാസ്’ നിർത്തലാക്കി. അഞ്ചിലും എട്ടിലും അർധവാർഷിക പരീക്ഷയില്‍ 25 ശതമാനവും വാർഷികപ്പരീക്ഷയില്‍ 33 ശതമാനവും മാർക്കില്ലെങ്കില്‍ കുട്ടികളെ പാസാക്കില്ല. മാർക്കില്ലാത്തവർക്ക് ഒരവസരംകൂടി നല്‍കാൻ പ്രത്യേക പരീക്ഷ നടത്തും.

എല്ലാവരെയും പാസാക്കിവിടുന്ന രീതിക്കെതിരേ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് രംഗത്തു വന്നിരുന്നു. എന്നാല്‍, നിരന്തര മൂല്യനിർണയം കാര്യക്ഷമവും ശാസ്ത്രീയവുമായി നടന്നാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.

ഓരോഘട്ടത്തിലും കുട്ടി ആർജിക്കുന്ന അറിവ് കൃത്യമായി വിലയിരുത്തണം. മതിയായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു നയിക്കണം. കുട്ടികളുടെ കേന്ദ്രീകൃത വിവരശേഖരണം നടത്തി പഠന പുരോഗതി നിരീക്ഷിക്കും. അതനുസരിച്ച്‌ ‘സമഗ്ര പുരോഗതി കാർഡും’ നടപ്പാക്കും. ഈ രണ്ടു വഴികളാണ് നിലവാരം മെച്ചപ്പെടുത്താനുള്ള വഴികളായി അധികൃതർ പറയുന്നത്.

നിലവാരപ്പരീക്ഷ വേറെ വേണം

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഭീഷണി ഒഴിവാക്കാൻ ഓള്‍ പാസ് ആവാം. പക്ഷേ, കുട്ടികളുടെ പഠനനിലവാരം അളക്കാൻ വേറെ പരീക്ഷ നടത്തണം. എട്ടിലോ പത്തിലോ ഇങ്ങനെയൊരു പരീക്ഷ വേണം. കുട്ടികളുടെ പേരുവിവരം വെളിപ്പെടുത്തേണ്ടതില്ല. പഠനനിലവാരം പൊതുസമൂഹം അറിയാൻ പരീക്ഷാഫലം പരസ്യപ്പെടുത്തണം. ആവശ്യമായ മാറ്റങ്ങള്‍ നടപ്പാക്കാൻ ഇതു സഹായിക്കും. ഡോ. അച്യുത് ശങ്കർ എസ്. നായർ, വിദ്യാഭ്യാസ വിദഗ്ധൻ.

Share
അഭിപ്രായം എഴുതാം