കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളും ബിജെപി അനധികൃതമായി പണമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്

കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളും ബിജെപി അനധികൃതമായി പണമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തേണ്ട തുകയാണ് കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധ നടപടികളിലൂടെ ബിജെപിയുടെ അക്കൗണ്ടിലെത്തിച്ചത്.
ഗുജറാത്ത്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്ബ് ബിജെപിക്ക് ഫണ്ട് സമാഹരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് കൂടുതല്‍ ദിവസങ്ങള്‍ ഇലക്ടറല്‍ ബോണ്ട് വില്‍പ്പനയ്ക്ക് അനുവദിച്ചതായും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് വെളിപ്പെടുത്തി.

ഇലക്ടറല്‍ ബോണ്ടുകള്‍ കൈപ്പറ്റിയാല്‍ 15 ദിവസത്തിനകം പണമാക്കി മാറ്റണമെന്നാണ് ചട്ടം. പണമാക്കിയില്ലെങ്കില്‍ കാലാവധി കഴിഞ്ഞ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുളള പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയായി മാറും. എന്നാല്‍ കാലഹരണപ്പെട്ട ഇത്തരം ഇലക്ടറല്‍ ബോണ്ടുകളും ബിജെപിയുടെ അക്കൗണ്ടിലെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് വെളിപ്പെടുത്തുന്നു.

2018ല്‍ നടന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കാലാവധി കഴിഞ്ഞ 10 കോടി രൂപയുടെ ബോണ്ടുകളാണ് ബിജെപി പണമാക്കി മാറ്റിയത്. ഇലക്ടറല്‍ ബോണ്ടുകള്‍ പണമാക്കി നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയം ചട്ടവിരുദ്ധമായി എസ്ബിഐയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കാലാവധി കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് ഒരു പ്രമുഖ പാര്‍ട്ടി എസ്ബിഐയെ സമീപിച്ചതും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബാങ്ക് പണം നല്‍കിയതുമെന്ന് 2019-ല്‍ റിപ്പോര്‍ട്ടേര്‍സ് കളക്ടീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അന്ന് ഏത് പാര്‍ട്ടിക്കാണ് പണം കൈമാറിയതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം തുക ബിജെപിയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ചൂണ്ടിക്കാട്ടുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിദുരന്ത ബാധിതര്‍ക്കും ലഭിക്കേണ്ട തുകയാണ് വഴിമാറ്റി ബിജെപി തട്ടിയെടുത്തത്. മാത്രമല്ല, ഇലക്ടറല്‍ ബോണ്ടിന്റെ വിജ്ഞാപനങ്ങളിലും മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു. 2018 ജനുവരിയില്‍ വിജ്ഞാപനം ചെയ്ത ചട്ടങ്ങള്‍ അനുസരിച്ച്‌, ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ നാല് തവണകളിലാണ് വില്‍പ്പന അനുവദിക്കുന്നത്. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്ബ് ബോണ്ട് വില്‍പ്പനയ്ക്കായി 10 ദിവസം പ്രത്യേകമായി അനുവദിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് 2022 ഡിസംബറിലും പ്രത്യേകമായി വില്‍പ്പന നടത്തി ബിജെപി ഫണ്ട് സമാഹരിച്ചതായും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് വെളിപ്പെടുത്തുന്നു.

Share
അഭിപ്രായം എഴുതാം