കെകെ ശൈലജയേയും ഷാഫി പറമ്പിലിനേയും പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്, ഹര്‍ജിക്കാരന് കോടതിയുടെ മറുപടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എംഎല്‍എമാരെയും രാജ്യസഭാ അംഗങ്ങളേയും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിലവില്‍ ജനപ്രതിനിധികളായിട്ടുള്ളവര്‍ സ്ഥാനം രാജിവയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി മറുപടി നല്‍കി.

ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ഹൈക്കോടതിയെയല്ല സമീപിക്കേണ്ടതെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചു. 25,000 രൂപ പിഴയിട്ട് ഹര്‍ജി തള്ളുമെന്ന് മുന്നറിയിപ്പ് നല്കിയതോടെ പരാതിക്കാരനു വേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂര്‍ പൊതുതാത്പര്യ ഹര്‍ജി പിന്‍വലിച്ചു.എംഎല്‍എമാരും, രാജ്യസഭാംഗങ്ങളും രാജിവയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് രാഷ്ട്രീയ നിരീക്ഷകനായ ജോണിയാണ് ഹര്‍ജി നല്‍കിയത്. കേരളത്തില്‍ മാത്രം കേന്ദ്ര സഹമന്ത്രി ഉള്‍പ്പടെ ഏഴുപേര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാതെ മത്സരിക്കുന്നുവെന്നും ജനങ്ങളുടെ നികുതിപ്പണം കവരുന്നതാണ് ഈ രീതിയെന്നും ജോണി നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ മന്ത്രി കെ രാധാകൃഷ്ണന്‍, എംഎല്‍എമാരായ കെകെ ശൈലജ, വി ജോയ്, ഷാഫി പറമ്പില്‍, രാജ്യസഭാംഗം കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം