കേരളം വരുമാനത്തെക്കാൾ ചെലവുള്ള സംസ്ഥാനം, കടം കുമിഞ്ഞു’; കേരളത്തിനെതിരെ കേന്ദ്രത്തിന്‍റെ വാദം

കടമെടുപ്പ് പരിധിയിൽ കേന്ദ്രവും കേരളവും തമ്മിൽ സുപ്രീംകോടതിയിൽ രൂക്ഷവാദം നടന്നു. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവിൽ അവകാശമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ ആവര്‍ത്തിച്ചു. സിഎജി റിപ്പോർട്ട് അടക്കം തെറ്റായി വ്യാഖാനിച്ചാണ് സംസ്ഥാനം അവകാശവാദം ഉന്നയിക്കുന്നതെന്ന് കേന്ദ്രം തിരിച്ചടിച്ചു. കേസിൽ നാളെയും വാദം തുടരും.

അഞ്ചരമണിക്കൂർ നീണ്ട വാദമാണ് കടമെടുപ്പ് പരിധിയിൽ ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്‍റെ അപേക്ഷയിൽ ഇന്ന് നടന്നത്. ഈ സാമ്പത്തികവർഷം കേന്ദ്രകണക്കുകൾ പ്രകാരം പതിനായിരം കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ട്, ഇതിനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്, കേന്ദ്രത്തില്‍ നിന്ന് അധികമായി ഒന്നും ചോദിക്കുന്നില്ലെന്നും, ധനകാര്യകമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത് മാത്രമാണ് അവകാശപ്പെടുന്നതെന്നും കേരളത്തിനായി കപിൽ സിബൽ വാദിച്ചു.

2021–24 കാലയളവില്‍ അനുവദിക്കപ്പെട്ട കടമെടുപ്പ് പരിധി പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലെന്ന വാദവും കേരളം മുന്നോട്ടുവച്ചു. സിഎജി റിപ്പോർട്ട് പ്രകാരം സുസ്ഥിര സാമ്പത്തിക വ്യവസ്ഥയാണ് കേരളത്തിന്‍റേതെന്നും സിബൽ വാദം ഉന്നയിച്ചു. എന്നാൽ കേരളത്തിന്റെ വാദത്തെ അക്കമിട്ട് എതിർത്ത അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എൻ വെങ്കിട്ടരാമൻ കേരളം ഉയര്‍ത്തുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് വാദിച്ചു.

കേരളത്തിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ട്. നിലവിലുള്ള കേന്ദ്ര-മാനദണ്ഡങ്ങൾക്ക് മുകളിലാണ് കേരളത്തിന്റെ കടമെടുപ്പ്. ധനകാര്യ നടത്തിപ്പ് പാലിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് സിഎജി റിപ്പോർട്ടുണ്ട്. വരുമാനത്തെക്കാൾ ചെലവുള്ള സംസ്ഥാനം കടം വാങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കുന്നു. സമീപ വർഷങ്ങളിൽ അമിതമായി കേരളം കടം എടുക്കുകയാണെന്നും കണക്കുകൾ നിരത്തി കേന്ദ്രം വാദിച്ചു. കേരളത്തിന്‍റെ ധനകാര്യമാനേജ്മെന്‍റ് മോശമാണെന്ന വാദം കേന്ദ്രം ആവര്‍ത്തിക്കുകയും ചെയ്തു

Share
അഭിപ്രായം എഴുതാം