സുരേഷ് ഗോപിക്ക് വീട്ടിലേക്ക് വരാൻ ആരുടെയും അനുവാദം വേണ്ട; എന്നും എപ്പോഴും സ്വാഗതം’: കലാമണ്ഡലം ഗോപി

ദിവസങ്ങൾ നീണ്ട വിവാദങ്ങൾക്ക് പിന്നാലെ നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപി വിഷയത്തിൽ പ്രതികരിച്ചത്. സുരേഷ് ഗോപിക്ക് തന്റെ വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കേണ്ടെന്നും എന്നും എപ്പോഴും സ്വാഗതമെന്നും കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

കലാമണ്ഡലം ഗോപിയുടെ കുറിപ്പ് ഇങ്ങനെ

സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എ‌പ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം.

തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘു ഗുരുകൃപയുടെ ആരോപണം നേരത്തെ വിവാദമായിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടർ നിർബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പത്മ വിഭൂഷൺ വേണ്ടേ എന്ന് ചോദിച്ചതായും മകൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ഇതിന് പിന്നാലെ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനായി കലാമണ്ഡലം ഗോപി വോട്ടഭ്യർത്ഥിച്ചതും ചര്‍ച്ചയായിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ വോട്ടഭ്യർത്ഥന. മന്ത്രിയായ കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയില്‍ പറഞ്ഞിരുന്നു. കെ രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യർത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി വീഡിയോയിൽ പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം