സിഎഎ പ്രതിഷേധം; വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്. 102 വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയും 22 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. രാജ്ഭവനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

സിഎഎക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി കോഴിക്കോട് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തിരുന്നു. പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് രാവിലെയാണ് വിട്ടയച്ചത്.

സംസ്ഥാനത്ത് ഇന്ന് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രതിഷേധ റാലികള്‍ നടക്കും. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും 11 മണിക്കാണ് എല്‍ഡിഎഫ് മാര്‍ച്ച്. യുഡിഎഫിന്റെ നേതൃത്വത്തില്‍ മണ്ഡലതല പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു

Share
അഭിപ്രായം എഴുതാം