പൗരത്വ ഭേദഗതി നടപ്പാകുന്നതോടെ മറ്റ് മത ന്യൂനപക്ഷങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നേടാനാകുമെന്ന് അമിത് ഷാ

പാർലമെൻ്റ് പാസാക്കി അഞ്ച് വർഷത്തിന് ശേഷമാണ് കേന്ദ്രം പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് വിജ്ഞാപനം. ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി

2024 ലെ പൗരത്വ (ഭേദഗതി) ചട്ടങ്ങളുടെ വിജ്ഞാപനത്തെ അഭിനന്ദിച്ച് സംസാരിച്ച മന്ത്രി അമിത് ഷാ,
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടാൻ ഇത് പ്രാപ്തമാക്കുമെന്ന് പറഞ്ഞു.
ഈ വിജ്ഞാപനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി ആ രാജ്യങ്ങളിൽ താമസിക്കുന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ജൈനർക്കും പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും, നമ്മുടെ ഭരണഘടനയുടെ നിർമ്മാതാക്കൾ നൽകിയ വാഗ്ദാനം സാക്ഷാത്കരിക്കുകയും ചെയ്തു,” ആഭ്യന്തരമന്ത്രി ട്വിറ്ററിൽ കുറിച്ചു. അതിനിടെ, സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സമയത്തെ ചോദ്യം ചെയ്ത കോൺഗ്രസും രംഗത്തെത്തിയിരിക്കുകയാണ്. “തെരഞ്ഞെടുപ്പിനെ ധ്രുവീകരിക്കാൻ” ഇത് ചെയ്തതാണെന്ന വാദമാണ് കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്.
2019 ഡിസംബറിൽ പാർലമെൻ്റ് പാസാക്കിയ പൗരത്വ ഭേദഗതി നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ വിജ്ഞാപനം ചെയ്യാൻ മോദി സർക്കാരിന് നാല് വർഷവും മൂന്ന് മാസവും എടുത്തു. തൻ്റെ സർക്കാർ ബിസിനസ്സ് പോലെയും സമയബന്ധിതമായും പ്രവർത്തിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. “സിഎഎ നിയമങ്ങൾ വിജ്ഞാപനം ചെയ്യാൻ എടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ മറ്റൊരു പ്രകടനമാണ്.” കോൺഗ്രസിൻ്റെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജയറാം രമേഷ് എക്‌സിൽ പങ്കുവെച്ചു.

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. രാജ്യ വ്യാപകമായി ഒട്ടേറെ പ്രതിഷേധങ്ങളാണ് ഇതിന് മുൻപും പൗരത്വ ഭേദഗതി ബില്ലിനെതിരെ അരങ്ങേറിയിട്ടുള്ളത്

Share
അഭിപ്രായം എഴുതാം