13 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി മുംബൈ മലയാളി; നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് രേഖകൾ കൈമാറി

കേരളത്തിലെ ലൈഫ് ഭവന പദ്ധതിക്ക് 13 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകിയാണ് മുംബൈ മലയാളിയായ സനൽ മാതൃകയാകുന്നത്. വൈക്കത്ത് നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് സമ്മതപത്രവും രേഖകളും കൈമാറി.

വെള്ളൂർ പഞ്ചായത്തിൽ പ്രധാന റോഡിനോട് ചേർന്ന് അര ഏക്കറോളം ഫലഭൂയിഷ്‌ഠമായ വസ്തുവാണ് ലൈഫ് ഭവന പദ്ധതിക്കു വേണ്ടി ദാനം ചെയ്തത്. ആകാശം മേൽക്കൂരയായി ജീവിക്കുന്ന 13 കുടുംബങ്ങൾ ഇനി സനലും കുടുംബവും നീട്ടിയ കാരുണ്യത്തിന്റെ മേൽക്കൂരക്ക് കീഴെ അന്തിയുറങ്ങും.
മനസ്സോടിത്തിരി മണ്ണ് “എന്ന ആശയത്തെ ഹൃദയത്തോട് ചേർത്താണ് നവി മുംബൈയിലെ കാമോത്തേയിൽ താമസിക്കുന്ന സനലും കുടുംബവും നന്മ വറ്റാത്ത സമൂഹത്തിൽ കാരുണ്യത്തിന്റെ കൈയ്യൊപ്പ് ചാർത്തുന്നത്. നിരാലംബരെ ചേർത്തു പിടിക്കുന്ന മുംബൈയുടെ മനസ്സിന് മറ്റൊരു ദൃഷ്ടാന്തമായി സനലിന്റെ ഈ നന്മ മനസ്സ് കൂടി. അധികമുള്ളതിനെ പങ്കിടുക എന്നതല്ല, ഉളളതിനെ പങ്കിടുക എന്നതാണ് ജീവകാരുണ്യത്തിന്റെ യഥാർത്ഥ ചാരിതാർത്ഥ്യമെന്നും നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നേരിട്ട് രേഖകൾ കൈമാറാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സനൽ പറഞ്ഞു.

Share
അഭിപ്രായം എഴുതാം