ജമ്മു കശ്മീരിൽ 2024 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തണം; സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കണം; സുപ്രിംകോടതി

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയെ ശരിവെച്ച് സുപ്രിംകോടതി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ജമ്മു കശ്മീരിൽ 2024 സെപ്തംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രിംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിന് അധികാരം ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു.

യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു ആർട്ടിക്കിൾ 370 എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.
2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. 16 ദിവസം വാദം കേട്ടശേഷമാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്.

Share
അഭിപ്രായം എഴുതാം