സ്കൂളിൽ നേരത്തെ എത്തുന്ന വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം; കൊല്ലം ഏരൂരിൽ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍

കൊല്ലം: എൽ പി സ്കൂളിലെ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ താത്കാലിക സ്വീപ്പർ പിടിയിൽ. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂൾ ആരംഭിച്ച് മൂന്നാം മാസം മുതൽ ഇയാൾ കുട്ടികളെ ഉപദ്രവിക്കുന്നുണ്ടെന്നാണ് വിവരം. സ്കൂളിൽ നേരത്തെ എത്തുന്ന വിദ്യാർത്ഥികളെയാണ് ഇയാൾ ലൈംഗികമായി അതിക്രമിച്ചത്. രാവിലെ എട്ടേമുക്കാലോടെ സ്കൂളിൽ എത്തി പത്രം വായിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനു വേണ്ടിയാണ് വിദ്യാര്‍ത്ഥികൾ എത്തുന്നത്. ഈ സമയം സ്കൂളിൽ അധ്യാപകർ എത്താറില്ല. കഴിഞ്ഞ ശനിയാഴ്ച ഒരു വിദ്യാര്‍ത്ഥി മാതാപിതാക്കളെ വിവരം അറിയിച്ചു. അവർ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോഴാണ് കൂടുതൽ കുട്ടികൾക്ക് സമാന പരാതിയുള്ളതായി മനസിലാകുന്നത്.

ഇതോടെ ഇയാൾക്കെതിരെ അഞ്ച് പരാതികളെത്തി. പോക്സോ ഉൾപ്പെടെ ചുമത്തി കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചതോടെ നെഞ്ചുവേദനയെന്ന് പറഞ്ഞ് കുമാരപിള്ള അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കേസുകളുടെ എണ്ണം കൂടിയതോടെ അന്വേഷണം പുനലൂര്‍ ഡി.വൈ.എസ്‍.പി അന്വേഷണം ഏറ്റെടുത്തു. ആശുപത്രിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ വിദ്യാർത്ഥികൾ ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം