നഴ്സിങ് പ്രവേശന തട്ടിപ്പ് നടത്തി 93 ലക്ഷം രൂപയോളം തട്ടിയ രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: നഴ്സിങ് പ്രവേശന തട്ടിപ്പ് നടത്തി 93 ലക്ഷം രൂപയോളം തട്ടിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ നഴ്സിങ് കോളേജുകളിൽ പ്രവേശനം ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ മലപ്പുറം സ്വദേശി സഹാലുദ്ദീന്‍ അഹമ്മദ് (26) തിരുവനന്തപുരം സ്വദേശി ബീന (44) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

അറസ്റ്റിലായ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഇവർ നേരത്തെ തിരുവനന്തപുരത്ത് ഹീരാ കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ അഡ്മിഷന്‍ മാനേജരായി ജോലി ചെയ്തിട്ടുണ്ട്. പ്രൈവറ്റ് നഴ്‌സിങ് അസോസിയേഷന്‍ അംഗമായ മൂന്നാം പ്രതിയുടെ സഹായത്തോടെ LBS Centre for Science and Technology യുടെ പേരില്‍ വ്യാജമായുണ്ടാക്കിയ അലോട്ട്‌മെന്റ് മെമ്മോകളും, സര്‍ക്കുലറുകളും മറ്റും അയച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.

തട്ടിപ്പിന് ഇരയായ ഒരു യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. നിരവധിപ്പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ബീനയ്ക്കെതിരെ മാവേലിക്കരയിലും എറണാകുളം പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കായംകുളം ഡി.വൈ.എസ്.പി. അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ കായംകുളം സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ശ്രീകുമാര്‍, എ.എസ്.ഐ.മാരായ റീന, ജയലക്ഷ്മി, പൊലീസുകാരായ വിഷ്ണു, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു

Share
അഭിപ്രായം എഴുതാം