കുട്ടികളെ പോലെയാണ് സുരേഷ് ഗോപിയെന്ന് നടൻ ഇന്ദ്രൻസ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിലാണ് താരം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കുറിച്ച് വാചാലനായത്. മരിച്ചുപോയ തന്റെ മകൾ ഉറങ്ങുന്നത് ഇന്ദ്രൻസ് തയ്ച്ച ഷർട്ടിലാണെന്ന സുരേഷ് ഗോപിയുടെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇന്ദ്രൻസ് സുരേഷ് ഗോപിയെകുറിച്ച് തുറന്നു പറഞ്ഞത്.
”ആ സംഭവം അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു എതാണ് നമ്മുടെ വേദന. ഒന്നാമതെ കുട്ടികളെ പോലെയാണ് അദ്ദേഹം. ശരീരം ഉണ്ടെന്നേയുള്ളു, കുട്ടികളെപ്പോലെയാണ്. പെട്ടന്ന് വിഷമം വരും. ദേഷ്യം വരികയും ചെയ്യുന്ന ആളാണ്” – ഇന്ദ്രൻസ് പറയുന്നു.
കോടീശ്വരൻ പരിപാടിയിലായിരുന്നു മരിച്ചുപോയ തന്റെ മകൾ ഉറങ്ങുന്നത് ഇന്ദ്രൻസ് തയ്ച്ച ഷർട്ടിലാണെന്ന് സുരേഷ് ഗോപി പറഞ്ഞത്. ‘ഉത്സവമേളം’ എന്ന സിനിമയുടെ വേളയിലാണ് സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മി മരിക്കുന്നത്. അന്ന് എടുത്തു കൊണ്ടിരുന്ന ഷോട്ടിൽ നടൻ ധരിച്ചിരുന്നത് ഇന്ദ്രൻസ് തയ്ച്ച ഷർട്ട് ആണ്. ”ഇന്ദ്രൻസിനോട് പറഞ്ഞു ഷൂട്ടിംഗ് കഴിയുമ്പോൾ ഈ ഷർട്ട് എനിക്ക് കൊണ്ടുപോകാൻ തരണമെന്ന്.””ഞാൻ പോകാൻ നേരം ഷർട്ട് തരികയും ചെയ്തു. ഞാൻ എന്റെ മകളെ ഭാര്യയെ ഏൽപ്പിച്ച് എറണാകുളത്തേക്ക് പോകുന്ന വഴിക്ക്, പിന്നെ മകളില്ല. അവസാനമായിട്ട് കുഴമാടത്തിനടുത്ത് ചെന്ന്, പെട്ടി അടക്കുന്നതിന് മുമ്പ് ആ ഷർട്ട് ഊരി അവളുടെ മുഖം അടക്കം പുതച്ച് ആണ് അടക്കം ചെയ്തത്.”
”അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രൻസ് തന്ന ആ ഷർട്ടിന്റെ ചൂടിലാണ്” എന്നായിരുന്നു കോടീശ്വരൻ പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞത്. ഈ വീഡിയോ ഇന്റർവ്യൂവിൽ കാണിച്ചപ്പോൾ കുട്ടികളെ പോലെയാണ് സുരേഷ് ഗോപി എന്നാണ് ഇന്ദ്രൻസ് പറയുന്നത്.