നിമിഷപ്രിയയുടെ മോചന ചർച്ചക്ക് കേന്ദ്രത്തിന് എന്തു ചെയ്യാനാകും അമ്മയുടെ പുതിയ ഹരജിയിൽ ഡൽഹി ഹൈകോടതി

നിമിഷപ്രിയയുടെ മോചന ചർച്ചക്ക് കേന്ദ്രത്തിന് എന്തു ചെയ്യാനാകും

അമ്മയുടെ പുതിയ ഹരജിയിൽ ഡൽഹി ഹൈകോടതി

ന്യൂഡല്‍ഹി: യമന്‍ പൗരൻ തലാല്‍ അബ്ദുമഹ്ദിയെ 2017-ല്‍ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് സൻആയിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചക്ക് എന്ത് ചെയ്യാനാകുമെന്ന് അടിയന്തിരമായി അറിയിക്കാൻ ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.ശരീഅത്ത് നിയമ പ്രകാരം ‘ബ്ലഡ് മണി’ നൽകി നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് സ്വന്തം നിലക്ക് ചർച്ച നടത്തുകയോ അല്ലെങ്കിൽ തങ്ങളെ ചർച്ചക്കായി പോകാൻ അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി വീണ്ടും സമർപ്പിച്ച ഹരജി ശനിയാഴ്ച അടിയന്തിരമായി പരിഗണിച്ചാണ് ഡൽഹി ഹൈകോടതിയുടെ നിർദേശം. കേന്ദ്ര സർക്കാറിന്റെ അഭിഭാഷകനെ കോടതിയിലേക്ക് വിളിച്ചുവരുത്തിയ ഹൈകോടതി തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കകം എന്തു ചെയ്യാനാകുമെന്ന് കോടതിയെ നേരിട്ട് അറിയിക്കാൻ ആവശ്യപ്പെട്ടു.

ചർച്ചക്ക് പോകുന്നവർക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധ്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയ ഡയറക്ടര്‍ തനുജ് ശങ്കര്‍ അമ്മ പ്രേമകുമാരിയെ വെള്ളിയാഴ്ച രേഖാമൂലം അറിയിച്ചിരുന്നു.തുടർന്നാണ് നിമിഷ പ്രിയയുടെ അമ്മ അമ്മ പ്രേമകുമാരി വീണ്ടും ഹൈകോടതിയെ സമീപിച്ചത്.

അമ്മ സമർപ്പിച്ച ഹരജി അഡ്വ. കെ.ആർ സുഭാഷ് ചന്ദ്രൻ ശനിയാഴ്ച രാവിലെ ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അടിയന്തിരമായി പരിഗണിക്കാമെന്ന് അറിയിച്ചു. തുടർന്ന് ശനിയാഴ്ച ഉച്ചക്ക് ശേഷം പരിഗണിക്കാനായി ജസ്റ്റിസ് മൻമീത് പ്രീതം സിങ്ങ് അറോറയുടെ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് അറോറ ആദ്യം കേസ് പരിഗണിച്ചപ്പോൾ കേന്ദ്രത്തിന്റെ അഭിഭാഷകൻ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് വൈകീട്ട് 4.15ന് കേന്ദ്ര സർക്കാർ അഭിഭാഷകനോട് ഹാജരാകാൻ നിർദേശിച്ചു. ശേഷം വീണ്ടും കേസ് പരിഗണിച്ചപ്പോൾ കേന്ദ്രത്തിന്റെ അഭിഭാഷകനെത്തിയിരുന്നു.

ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിമിഷപ്രിയയുടെ അമ്മയെ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബവുമായുള്ള ചർച്ച നടത്താനുള്ള യാത്രക്ക് സൗകര്യമൊരുക്കുക, അല്ലെങ്കിൽ കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുക എന്നിവ മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അമ്മക്ക് വേണ്ടി ഹാജരായ അഡ്വ. സുഭാഷ് ചന്ദ്രനും കൃഷ്ണ എൽ.ആറും ബോധിപ്പിച്ചു.

കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബത്തിന് ശരീഅത്ത് നിയമ പ്രകാരമുളള ‘ബ്ലഡ് മണി’ നൽകി സൻആയിൽ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, മകള്‍ മിഷേല്‍ ടോമി തോമസ്, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞഹമ്മദ് നടുവിലക്കണ്ടി, കോര്‍ കമ്മിറ്റി അംഗം സജീവ് കുമാര്‍ എന്നിവരാണ് യമനിലേക്ക് യാത്ര അനുമതി തേടിയത്. ഡൽഹി ഹൈകോടതിയുടെ ആദ്യ ഇടപെടലിനെ തുടർന്നായിരുന്നു ഇത്. എന്നാല്‍ നിമിഷ പ്രിയ കഴിയുന്ന ജയിലുള്ള സൻആ വിമത ഹൂതികളുടെ നിയന്ത്രണത്തിലാണെന്നും അവരുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ലെന്നും സൗകര്യമൊരുക്കാൻ സാധ്യമല്ലെന്നുമാണ് കേ​ന്ദ്ര വിദേശ മന്ത്രാലയം വെള്ളിയാഴ്ച അമ്മയെ നേരിട്ട് അറിയിച്ചത്.

യാത്രക്കുള്ള സൗകര്യങ്ങളൊരുക്കാൻ ഡൽഹി ഹൈകോടതി നിർദേശിച്ചിട്ടും അതിന് വിരുദ്ധമായി യമന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പറഞ്ഞ് കേന്ദ്ര വിദേശ മന്ത്രാലയം നിരുൽസാഹപ്പെടുത്തുകയാണെന്ന് അമ്മയുടെ അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ പറഞ്ഞു. ആഭ്യന്തര സംഘർഷം കാരണം യമനിലെ ഇന്ത്യൻ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൻആയിലെ സര്‍ക്കാരുമായി നിലവില്‍ ഔപചാരിക ബന്ധങ്ങള്‍ ഇല്ല. അതേസമയം നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് കത്തില്‍ ആവർത്തിച്ചിട്ടുമുണ്ട്.

ഒന്നുകിൽ കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുക, അല്ലെങ്കിൽ നിമിഷപ്രിയയുടെ കുടുംബത്തെ ചർച്ചക്ക് അനുവദിക്കുക എന്നാണ് അമ്മയും ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെടുന്നതെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. എന്നാൽ രണ്ടിനും കേന്ദ്രം തയാറാകുന്നില്ലെന്നും വീണ്ടും കോടതിയെ സമീപിക്കുകയല്ലാ​തെ നിർവാഹമില്ലെന്നും സുഭാഷ് ചന്ദ്രൻ വ്യക്തമാക്കി. വധശിക്ഷക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമൻ സുപ്രീം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ മോചന ചര്‍ച്ചകള്‍ക്ക് അമ്മയും ആക്ഷൻ കമ്മിറ്റിയും വേഗം കൂട്ടുന്നത്.

Share
അഭിപ്രായം എഴുതാം