കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ശബരിമല തീർത്ഥാടനം പാടില്ലെന്ന് നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് .കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ശബരിമല തീർത്ഥാടനം പാടില്ലെന്നും നിർദേശം. പനി, ജലദോഷം, ശ്വാസകോശ രോഗ ലക്ഷണങ്ങൾ ഉള്ളവർ യാത്ര ഒഴിവാക്കണം. മറ്റ് രോഗ ബാധിതർ അനുബന്ധ ചികിത്സ രേഖകൾ കൈയിൽ കരുതണമെന്നും മാർഗനിർദ്ദേശ ത്തിൽ വ്യക്തമാക്കുന്നു.

നിപയെ തുടർന്ന് കോഴിക്കോട് പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ്‌ സോണുകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. കടകമ്പോളങ്ങൾ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കാമെന്നും ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവർത്തിക്കാമെന്നും ജില്ലാഭരണകൂടം അറിയിച്ചു. മറ്റുനിയന്ത്രണങ്ങൾ തുടരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. അതുകൊണ്ടാണ് കണ്ടെയ്ൻമെന്റ്‌ സോണുകളിൽ ഇളവു വരുത്തിയത്.

വടകര താലൂക്കിലെ കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത്, ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയ്ൻമെന്റ്‌ സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾക്കാണ് ഇളവ് വരുത്തിയിരിക്കുന്നത്.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിലുള്ളവർ സമ്പർക്ക ദിവസം മുതൽ 21 ദിവസം ഐസൊലേഷനിൽ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Share
അഭിപ്രായം എഴുതാം