റേഷനരി നിറംചേർത്ത് തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക്; ഇരു സംസ്ഥാനങ്ങളും പരിശോധനകൾ കർശനമാക്കി

കുമളി: ഒരിടവേളയ്ക്കുശേഷം വീണ്ടും അരി കടത്ത് വ്യാപകം. തമിഴ്നാട്ടിൽനിന്നു അതിർത്തി ചെക്ക്പോസ്റ്റിലൂടെയാണ് കേരളത്തിലേക്ക് റേഷൻ അരി കടത്തി വിൽക്കുന്നത്. കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ മലയാളി ഉൾപ്പെടെയുള്ളവരെ 3200 കിലോ റേഷനരിയുമായി പിടികൂടിയിരുന്നു.

പിടികൂടലുകൾ നടക്കുമ്പോഴും റേഷനരി കരിഞ്ചന്ത പല ജില്ലകളിലും വ്യാപകമാണ്. തോട്ടം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുമ്പ് തമിഴ്‌നാട്ടിൽനിന്നുള്ള റേഷനരി കടത്ത് നടത്തിയിരുന്നത്.

ഇപ്പോൾ ഇടുക്കിക്ക് പുറമേ കോട്ടയം, എറണാകുളം മേഖലകളിലും കളർ ചേർത്തുള്ള അരി വിൽപ്പന കൂടിവരുകയാണ്.തേനി, കോയമ്പത്തൂർ മേഖലകളിൽനിന്നുള്ള അരികടത്തൽ തടയുന്നതിന് തമിഴ്നാട്ടിൽ കർശന നിയമവും സിവിൽ സപ്ലൈസ് സ്‌ക്വാഡും ഭക്ഷ്യവകുപ്പിന്റെ പ്രത്യേകസെല്ലും പ്രവർത്തിക്കുന്നുണ്ടെങ്കിലും കുമളി ചെക്ക്പോസ്റ്റിലൂടെയുള്ള അരികടത്തൽ തകൃതിയാണ്.

തമിഴ്നാട്ടിൽ ഒരു റേഷൻകാർഡ് ഉടമയ്ക്ക് 40 കിലോ അരിയാണ് സർക്കാർ സൗജന്യമായി കൊടുക്കുന്നത്. റേഷൻ കടകൾ വഴി വിതരണത്തിനെത്തുന്ന അരി റേഷൻ കടയുടമകൾ ഇടനിലക്കാർക്ക് കുറഞ്ഞ തുകയ്ക്ക് വിൽക്കും.

Share
അഭിപ്രായം എഴുതാം