എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത് കര്‍ത്തവ്യനിരതനായ ഉദ്യോഗസ്ഥനെ. കേരളത്തിലെ ക്രമസമാധാന പാലനം മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വരെ അരുണ്‍ കുമാര്‍ സിന്‍ഹ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഒരുക്കുന്നതിലേക്കു വരെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് എത്തിച്ചേര്‍ന്നു.ഏഴു വര്‍ഷത്തോളം ഈ ചുമതല വഹിച്ച അദ്ദേഹത്തിന്റെ മരണം ഇന്നലെ രാവിലെയായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു. 2016 മുതലാണ് എസ്പിജി ഡയറക്ടറായത്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന അരുണ്‍ കുമാര്‍ സിന്‍ഹ 1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
ഗുജറാത്തില്‍ ബിഎസ്എഫിന്റെ ‘ക്രീക്ക് ക്രോക്കഡൈല്‍ കമാന്‍ഡോസ്’ രൂപീകരിക്കുമ്പോള്‍ ബിഎസ്എഫ് ഐജിയായിരുന്ന അരുണ്‍കുമാര്‍ സിന്‍ഹയ്ക്കു ലക്ഷ്യം രണ്ടായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തി ഒരിഞ്ച് പോലും നഷ്ടപ്പെടരുത്. ഒരു നുഴഞ്ഞുകയറ്റക്കാരന്‍ പോലും ഇന്ത്യയുടെ മണ്ണില്‍ കാല്‍ കുത്തരുത്. പാക്കിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ ഐജിയായി അഞ്ചു വര്‍ഷക്കാലം ബിഎസ്എഫില്‍ ജോലിനോക്കുമ്പോള്‍ ഇതു രണ്ടും കൃത്യമായി പാലിച്ചെന്നു മാത്രമല്ല, അതിര്‍ത്തി നിര്‍ണയിക്കാത്ത ചതുപ്പുനിലത്തു പാക്കിസ്ഥാന്‍ കയ്യടക്കിയിരുന്ന 500 ചതുരശ്ര കിലോമീറ്റര്‍ ദൂരം ഈ കമാന്‍ഡോസാണു തിരികെ പിടിച്ച് ഇന്ത്യന്‍ പതാക പാറിപ്പിച്ചത്. അക്കാലയളവില്‍ പത്തിലേറെ നുഴഞ്ഞുകയറ്റക്കാര്‍ അതിര്‍ത്തിയില്‍ വധിക്കപ്പെടുകയും ചെയ്തു. 500ലേറെ വരുന്ന ക്രൊക്കഡൈല്‍ കമാന്‍ഡോസ് കരയിലും വെള്ളത്തിലും റാന്‍ ഓഫ് കച്ച് പോലുള്ള ചതുപ്പിലും ഒരുപോലെ മികവു കാട്ടുന്ന അഭ്യാസികളാണ്. സിന്‍ഹ രൂപീകരിച്ച ഇത്തരം കമാന്‍ഡോ സംഘം ബിഎസ്എഫില്‍ മാത്രമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള വിവിഐപികളുടെ സുരക്ഷ ഒരുക്കുന്ന സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ തലവനായി അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് ഈ മികവുകള്‍ പരിഗണിച്ചാണ്. സിന്‍ഹയുടെ കൈകളില്‍ തന്റെ ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ സുരക്ഷിതമാണെന്നു മോദിക്കും നല്ല വിശ്വാസമാണ്. കാരണം, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അരുണ്‍കുമാര്‍ സിന്‍ഹയുടെ പ്രവര്‍ത്തനമികവ് അദ്ദേഹത്തിനും നേരിട്ടു ബോധ്യപ്പെട്ടതാണ്.
കേരള കേഡറിലെ 1987 ബാച്ചുകാരനായ സിന്‍ഹ ജാര്‍ഖണ്ഡിലാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്തു ഡിസിപി ,കമ്മിഷണര്‍, റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി, അഡ്മിനിസ്‌ട്രേഷന്‍ ഐജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന ചുമതലകളെല്ലാം അദ്ദേഹം വഹിച്ചിട്ടുണ്ട്. മാത്രമല്ല, അദ്ദേഹം ക്രമസമാധന ചുമതല വഹിച്ചിരുന്നകാലത്താണു മാലിദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഗയൂമിനെ വധിക്കാന്‍ ശ്രമിച്ച മുഖ്യ സൂത്രധാരനെ തലസ്ഥാനത്തു നിന്നു പിടികൂടിയത്.പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും എതിരെ നടന്ന ഇമെയില്‍ വധഭീഷണി, ലെറ്റര്‍ ബോംബ് കേസ് എന്നിങ്ങനെ സുപ്രധാന കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സിന്‍ഹ സിറ്റി പൊലീസ് കമ്മിഷണറായിരിക്കെയാണു നഗരത്തില്‍ ക്രൈം സ്റ്റോപ്പര്‍ സംവിധാനം കൊണ്ടുവന്നത്. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും സിന്‍ഹയ്ക്കു ലഭിച്ചിട്ടുണ്ട്.് നല്ല ഫൊട്ടോഗ്രഫറും മികച്ച ഗോള്‍ഫ് കളിക്കാരനും കൂടിയായിരുന്നു സിന്‍ഹ.
സിന്‍ഹയുടെ മരണം: നഷ്ടമാകുന്നത് മികച്ച ഉദ്യോഗസ്ഥനെ
