ആയിരത്തിലധികം നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടു : താമരക്കുടി സഹകരണ ബാങ്കിന്റെ പുനരുജ്ജീവനം പ്രഖ്യാപനത്തിലൊതുങ്ങി ..കൊട്ടാരക്കര: സിപിഎം ഭരണസമിതിയ്ക്ക് കീഴിൽ 12 കോടി രൂപയുടെ ക്രമക്കേട് നടന്ന കൊല്ലം കൊട്ടാരക്കര താമരക്കുടി സർവീസ് സഹകരണബാങ്കിൻറെ പുനരുജ്ജീവന നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. 40 ലക്ഷം രൂപവരെ നഷ്ടമായ ആയിരത്തിലധികം നിക്ഷേപകർക്കാണ് പണം കിട്ടാനുള്ളത്. തട്ടിപ്പ് നടത്തിയവർ രാഷ്ട്രീയ പിൻബലത്തിൽ നാട്ടിൽ പ്രവർത്തിക്കുമ്പോഴാണ് പ്രതീക്ഷകൾ അസ്തമിച്ച് നിക്ഷേപകരുടെ കാത്തിരിപ്പ്. പണം തിരിച്ച് നൽകണമെന്ന് കോടതി വിധിയുള്ളപ്പോഴും സർക്കാർ ഗ്യാരണ്ടിയിൽ വിശ്വാസം നഷ്ടപ്പെട്ട് ദുരിതത്തിലാണ് നിക്ഷേപക‍ർ.

കഴിഞ്ഞ ദിവസം മരിച്ച ബാങ്ക് ആക്ഷൻ കൗൺസിൽ കൺവീനറും മുൻ അധ്യാപകനുമായ വി ആർ കൃഷ്ണപിള്ളയ്ക്ക് മാത്രം 16 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയതും കൃഷിയിൽ നിന്നുള്ള ആദായവും ഉൾപ്പെടെ 18 വർഷം മുൻപാണ് 16 ലക്ഷം രൂപ കൃഷ്ണപിള്ള ബാങ്കിൽ നിക്ഷേപിച്ചത്. ഈ രൂപയിൽ നിന്ന് നയാപൈസ കിട്ടാതെയാണ് 84-ാം വയസിൽ കൃഷ്ണപിള്ള മരിച്ചത്. സമരപോരാട്ടങ്ങളുടെ മുന്നണിയിൽ അവസാനകാലം വരെ നിന്നിട്ടും ബാങ്ക് അധികൃതരോ ഭരണസമിതിയോ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് മകൾ ദീപ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിപിഎം ഭരണത്തിലിരിക്കെ 2011ലാണ് വ്യാജ ചെക്കുകൾ നൽകിയും കംപ്യൂട്ടറിൽ തിരിമറി നടത്തി പലിശ ഇനത്തിലും തട്ടിപ്പ് നടത്തിയെന്ന് സഹകരണ രജിസ്ട്രാർ കണ്ടെത്തിയത്. 2016ൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നെങ്കിലും സെക്രട്ടറിയേയും ഭരണസമിതിയേയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മന്ത്രിമാരായ കെഎൻ ബാലഗോപാലും വിഎൻ വാസവനും യോഗം ചേർന്ന് ബാങ്ക് പുനരുജ്ജീവനം പ്രഖ്യാപിച്ചെങ്കിലും ഒന്നുമായില്ല. മറ്റ് സഹകരണ ബാങ്കിൽ നിന്ന് പണം എത്തിച്ച് നിക്ഷേപകർക്ക് നൽകുമെന്ന ഉറപ്പും നടപ്പായില്ല.

Share
അഭിപ്രായം എഴുതാം