ബിജെപി-കോൺഗ്രസ് ഒത്തുകളിയെന്ന് മുഖ്യമന്ത്രി; പരിഹസിച്ച് കെ.സി. വേണുഗോപാൽ

കോട്ടയം: ബിജപി-കോൺഗ്രസ് ഒത്തുകളിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണം തമാശയെന്ന് പരിഹസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പിണറായി വിജയൻ ബിജെപിയോട് പോരാടിയിരുന്നെങ്കിൽ ഇന്ന് മുഖ്യമന്ത്രിയാകില്ലായിരുന്നെന്നും ഒത്തുകളി ആരോപണം ആരും വിശ്വസിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി പുനസംഘടനയിൽ ചെന്നിത്തല സന്തോഷവാനാണെന്നും ജനാധിപത്യ പാർട്ടി ആകുമ്പോൾ ചില സൗന്ദര്യപിണക്കങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ. മുരളീധരൻ കോൺഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാവാണ്, അദ്ദേഹം പുതുപ്പള്ളിയിൽ നന്നായി പ്രചാരണം നടത്തും. പുതുപ്പള്ളിയിലെ താരപ്രചാരക പട്ടികയിൽ നിന്ന് മുരളീധരനെ ഒഴിവാക്കിയത് തെറ്റുപറ്റിയതാവാമെന്നും ഉപതെരെഞ്ഞെടുപ്പിൽ താരപ്രചാരകർ പ്രാധാന്യമുള്ളതല്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയതക്കെതിരേ പോരാടുന്നവരാണ് ഇടത് പക്ഷമെന്നും എന്നാൽ കേന്ദ്രത്തിനെതിരേ സംസാരിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്താണെന്നും യുഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിക്കുന്നെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പറഞ്ഞിരുന്നു. കിടങ്ങൂർ പഞ്ചായത്തിലെ കാര്യം എടുത്ത് പറഞ്ഞ പിണറായി വിജയൻ പ്രാദേശിക തെരെഞ്ഞെടുപ്പിൽ മറ്റ് ഇടങ്ങളിലും ഈ ഒത്തുകളി കണ്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിയാണ് കെ.സി. വേണുഗോപാലിന്‍റെ പ്രസ്താവന.

Share
അഭിപ്രായം എഴുതാം