ബിപോർജോയ്: ഗുജറാത്തിൽ ആകാ‌ശ നിരീക്ഷണം നടത്തി അമിത് ഷാ
വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ ആശുപത്രി സന്ദർശിച്ചു

കച്ച്: ഗുജറാത്തിൽ ബിപോർ ജോയ് അതിതീവ്ര ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ ആശുപത്രി സന്ദർശിച്ചു. ചുഴലിക്കാറ്റ് മൂലം മാറ്റിപ്പാർപ്പിച്ചവരെ നേരിട്ട് കാണാനും സമയം കണ്ടെത്തി.
അതിതീവ്ര ചുഴലിക്കാറ്റ് കടന്നു പോയതിനു പിന്നാലെ ജനജീവി‌തം സാധാരണ നിലയിലേക്കെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ. കച്ചിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തനമാരംഭിച്ചു. എല്ലാ നഗരങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള ശ്രമം തുടരുകയാണ്. 100 കണക്കിന് ഗ്രാമങ്ങളിൽ ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു. ഗുജറാത്തിൽ അതി തീവ്ര ചുഴലിക്കാറ്റായി ആഞ്ഞു വീശിയ ബിപോർജോയ് തീവ്ര ന്യൂനമർദമായും പിന്നീട് ന്യൂന മർദമായും മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. എന്നാൽ ഇവയുടെ സ്വാധീനം മൂലം വടക്കൻ സംസ്ഥാനങ്ങളിൽ മഴ കനക്കും.‌

ചുഴലിക്കാറ്റ് കടന്നു പോയ പ്രദേശങ്ങളിൽ നിരവധി മരങ്ങളും ഇലക്‌ട്രിക് പോസ്റ്റുകളും കട പുഴകി വീണിരുന്നു. ഇവയെല്ലാം നീക്കം ചെയ്ത് റോഡുകൾ ഗ‌താഗത യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. 1,127 സംഘങ്ങളാണ് ഇതിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വനം വകുപ്പും ശ്രമങ്ങളിൽ പങ്കാളികളാണ്. ഇതുവരെ റോഡുകളിൽ വീണു കിടന്നിരുന്ന 581മരങ്ങൾ വനം വകുപ്പ് മാറ്റിയതായി സർക്കാർ വ്യക്തമാക്കി.

ചുഴ‌ലിക്കാറ്റ് മുൻകൂട്ടി കണ്ട് തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതരായി മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമുണ്ടായിട്ടില്ല. 1,09,000 പേരെയാണ് തീരപ്രദേശത്തു നിന്നായി മാറ്റിപ്പാർപ്പിച്ചത്.

Share
അഭിപ്രായം എഴുതാം