മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

അമേരിക്ക: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് രേഖപ്പെടുത്തി. മിയാമി ഫെഡറൽ കോടതിയാണ് ഈ അസാധാരണമായ അറസ്റ്റ് രേഖപ്പെടുത്തിയത്. 247 വർഷത്തെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സ്ഥാനമൊഴിയുമ്പോൾ ദേശീയ സുരക്ഷാ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും അവ പരസ്യപ്പെടുത്തിയെന്നുമുള്ള കുറ്റത്തിനാണ് അറസ്റ്റ്. കൂടാതെ, ഈ രേഖകൾ തിരിച്ചെടുക്കാൻ ശ്രമിച്ച ഏജൻസികളെ ട്രംപ് കബളിപ്പിക്കാൻ ശ്രമിച്ചതും അറസ്റ്റിന് പുറകിലുണ്ട്. ട്രംപിന്റെ മുൻ സഹായി വാൾട്ട് നൗതയ്‌ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

2021 ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ നിന്നും സ്ഥാനമൊഴിയുമ്പോൾ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ട്രംപ് മാർ എലാഗോ ഫ്ലോറിഡ എസ്റ്റേറ്റിലും ന്യൂജേഴ്‌സി ഗോൾഫ് ക്ലബ്ബിലും അലക്ഷ്യമായി സൂക്ഷിച്ചെന്നാണ് കേസ്. രഹസ്യരേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ്, ഡൊണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.

2024-ൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ട്രംപ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, ധാരാളം വിവാദങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2016-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയതിന് ന്യൂയോർക്ക് സ്‌റ്റേറ്റ് കോടതിയിൽ അദ്ദേഹത്തിനെതിരെ കേസ് നിലനിൽക്കുന്നു.

Share
അഭിപ്രായം എഴുതാം