ഒഡീഷ ട്രെയിന്‍ ദുരന്തം: ചര്‍ച്ചയാവുന്ന സി.എ.ജി റിപ്പോര്‍ട്ട് പറയുന്നതെന്ത് ?

ഒഡീഷ ട്രെയിന്‍ ദുരന്തത്തിനു പിന്നാലെ, രാജ്യത്തെ റെയില്‍വേ സുരക്ഷാ നടപടികളില്‍ ഗുരുതരവീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന കഴിഞ്ഞ വര്‍ഷത്തെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു. ഈ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം അവഗണിക്കുകയായിരുന്നു. സുരക്ഷാവീഴ്ചകള്‍ അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ടില്‍, ട്രെയിന്‍ പാളം തെറ്റലും കൂട്ടിയിടിയും ഒഴിവാക്കാനായി റെയില്‍വേ മന്ത്രാലയം വ്യക്തമായ നടപടികള്‍ മുന്നോട്ടുവച്ചിട്ടുണ്ടോയെന്നും അവ നടപ്പാക്കുന്നുണ്ടോയെന്നും ചോദിക്കുന്നു. 2022 സെപ്റ്റംബറിലാണു പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പരിശോധനകളിലെ പാളിച്ചകള്‍, അപകടങ്ങള്‍ക്കു ശേഷം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലെ പരാജയം, മുന്‍ഗണനാടിസ്ഥാനത്തില്‍ റെയില്‍വേ ഫണ്ട് ഉപയോഗിക്കാതിരിക്കുക, പാത നവീകരണത്തിനു ഫണ്ട് അനുവദിക്കുന്നതിലെ കുറവ്, സുരക്ഷാ ജീവനക്കാരുടെ അപര്യാപ്ത തുടങ്ങിയ വീഴ്ചകളാണു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ട്രാക്ക് റെക്കോഡിങ് വാഹനങ്ങള്‍ ഉപയോഗിച്ചു റെയില്‍വേ പാളങ്ങളുടെ ജ്യാമിതീയവും ഘടനാപരവുമായ സ്ഥിതി പരിശോധിച്ചപ്പോള്‍ 30 മുതല്‍ 100 ശതമാനം വരെ പോരായ്മകളാണു കണ്ടെത്തിയത്.

2017 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള പാളംതെറ്റലുകളില്‍ 422 എണ്ണവും എന്‍ജിനിയറിങ് വിഭാഗത്തിന്റെ വീഴ്ചമൂലമാണ്. ട്രാക്ക് നവീകരണത്തിലെ പ്രശ്നങ്ങള്‍, ട്രാക്ക് മാനദണ്ഡങ്ങളില്‍നിന്ന് അനുവദനീയമായതില്‍ കൂടുതലുള്ള വ്യതിചലനം, മോശം ഡ്രൈവിങ്, അമിതവേഗം തുടങ്ങിയവയും പാളം തെറ്റലുകള്‍ക്കു കാരണമാണ്. ഓപ്പറേറ്റിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ വീഴ്ച മൂലം 275 അപകടങ്ങളുണ്ടായി. പോയിന്റുകള്‍ തെറ്റായി സ്ഥാപിക്കുന്നതും ഒരു പാതയില്‍നിന്നു മറ്റൊന്നിലേക്കു മാറുമ്പോഴുള്ള മറ്റു വീഴ്ചകളുമാണ് 84 ശതമാനം അപകടങ്ങള്‍ക്കും കാരണം.

Share
അഭിപ്രായം എഴുതാം