മെയ് 31ന് വിരമിക്കുന്നത് 10000 സര്‍ക്കാര്‍ ജീവനക്കാര്‍: ധനവകുപ്പിന് ബാധ്യതയാവുന്നത് എങ്ങനെ?

സംസ്ഥാനത്ത് മെയ് 31ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. 10,000 പേരാണ് ഈ മാസം 31നകം വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് വലിയ വെല്ലുവിളിയാവുകയാണ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസര്‍ക്കാര്‍ വലിയ രീതിയില്‍ വെട്ടിക്കുറച്ചിരുന്നു. 8,000 കോടി രൂപയുടെ വായ്പാപരിധിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. കേന്ദ്ര അനുമതി പ്രകാരം ഈ വര്‍ഷം 15,390 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയുക. ഈ പരിധിയില്‍ നിന്നാണ് 2,000 കോടി ഇപ്പോള്‍ കടമെടുക്കുന്നത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടേയും വായ്പ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കിയാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ഇതിനായി വായ്പകളും ഗ്രാന്റുകളും നിഷേധിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യുകയുമാണെന്നായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. എന്നാല്‍ കേരളത്തിന്റെ ധൂര്‍ത്തിന് പണം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇതിന് മറുപടി നല്‍കിയത്. കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചിട്ടില്ല. ഇത് സാധൂകരിക്കുന്നതിന് കണക്കുകളും കേന്ദ്രമന്ത്രി പുറത്തുവിട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് പോലും നല്‍കാത്ത കണക്ക് കേന്ദ്രമന്ത്രിക്ക് രഹസ്യമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുകയാണെന്നും അടിസ്ഥാനരഹിതമായ ചില കണക്കുകള്‍ തയ്യാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ധനമന്ത്രി ബാലഗോപാലിന്റെ മറുപടി.

പഴയ സ്‌കൂള്‍ പ്രവേശന രീതി പണി കൊടുത്തു

സ്‌കൂള്‍ പ്രവേശനം ഉറപ്പിക്കാനായി മെയ് മാസത്തില്‍ ജനന തിയതി രേഖപ്പെടുത്തുന്ന രീതി മുന്‍പുണ്ടായിരുന്നു. അതിനാലാണ് മെയ് മാസത്തില്‍ വിരമിക്കുന്നവരുടെ എണ്ണം ഇത്രത്തോളം വര്‍ധിച്ചത്. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് ഇതുവരെ വിരമിച്ചത് 21,537 പേരാണ്. വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 2,000 കോടി കടമെടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് 1,500 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇത് കണക്കിലെടുത്താണ് അടുത്തമാസം പൊതുവിപണിയില്‍ നിന്ന് 2,000 കോടി കടമെടുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. പിഎഫ്, ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍ പെന്‍ഷന്‍ കമ്യൂട്ടേഷന്‍, ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ പിടിച്ചുവയ്ക്കാതെ ജീവനക്കാര്‍ക്ക് നല്‍കുന്നതാണ് സര്‍ക്കാറിന്റെ ഇതുവരെയുള്ള രീതി. ഇത്തവണയും അതില്‍ മാറ്റം ആവശ്യമില്ലെന്നാണ് ധനവകുപ്പിന്റെ തീരുമാനം. ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയ്ക്ക് മേലുള്ള ബില്ലുകള്‍ മാറാന്‍ പ്രത്യേക അനുമതി വേണമെന്ന് നിബന്ധനയും ധനവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം