‘പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു, നിയമം മാറ്റണം’; ബ്രിജ് ഭൂഷൺ സിംഗ്

തിരുവനന്തപുരം: പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗ്. നിയമത്തിൽ മാറ്റം കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർത്ഥിക്കും. പോസ്കോ നിയമ പ്രകാരം കേസെടുത്തിട്ടുള്ള ആളാണ് താനെന്നും ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നടന്ന ഒരു യോഗത്തിനിടെ സിംഗ് പറഞ്ഞു.

കുട്ടികൾക്കും മുതിർന്നവർക്കും ഋഷിമാര്‍ക്കുമെതിരെ പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ബ്രിജ് ഭൂഷൺ സിംഗ് അവകാശപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് പോലും അതിന്റെ ദുരുപയോഗത്തില്‍ നിന്ന് രക്ഷയില്ല. പോക്സോ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ സര്‍ക്കാരിനെ നിര്‍ബന്ധിക്കുമെന്നും സിംഗ് പറഞ്ഞു. 2023 ജൂണ്‍ അഞ്ചിന് അയോധ്യയില്‍ നടക്കുന്ന റാലിയില്‍ 11 ലക്ഷം പേര്‍ പങ്കെടുക്കുമെന്നും ബ്രിജ് ഭൂഷണ്‍ സിംഗ് വ്യക്തമാക്കി.

രാജ്യത്തെ നിരവധി വനിതാ ഗുസ്തി താരങ്ങൾ ഇയാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെ രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങൾ ഡബ്ല്യുഎഫ്‌ഐ തലവനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ ഡൽഹിയിലെ ജന്തർമന്തറിൽ സമരത്തിലാണ്. കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപി ബ്രിജ് ഭൂഷൺ സിംഗ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ള വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

Share
അഭിപ്രായം എഴുതാം