ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു

ആലുവ: ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ എട്ടു മണിക്കൂറിലധികമായി സംസ്കരിക്കാൻ കാത്തിരിപ്പ് തുടരുകയാണ്. മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികമാണ് കാത്തുകിടന്നത്. ഇവിടെനിന്ന് എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെ മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂരിലേക്ക് തിരിച്ചു. 2023 മെയ് മാസം 19നാണ് ഏറ്റുമാനൂർ സ്വദേശി ജയകുമാർ ദുബായിൽവച്ച് ജീവനൊടുക്കിയത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം വിസമ്മതിക്കുന്നതിനു പിന്നിലെന്നാണ് വിവരം. ഭാര്യയുമായി അകൽച്ചയിലായിരുന്ന ജയകുമാർ കഴിഞ്ഞ നാലു വർഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയയ്‌ക്കൊപ്പമാണ് ജീവിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്.

ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷനിൽ മൃതദേഹം എത്തിച്ചതിനു പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തി. മൃതദേഹത്തിനൊപ്പം എത്തിയവരെ അറിയില്ലെന്നും എങ്ങനെയാണ് ജയകുമാർ മരിച്ചതെന്നു വ്യക്തമല്ലെന്നുമുള്ള നിലപാടാണ് ബന്ധുക്കൾ സ്വീകരിച്ചത്. അഞ്ചു വർഷത്തോളമായി ജയകുമാറുമായി യാതൊരു അടുപ്പവുമില്ലന്നും മൃതദേഹത്തിനൊപ്പം വന്നവർ തന്നെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതാണു നല്ലതെന്നുമാണ് ബന്ധുക്കളുടെ നിലപാട്. മരണ സർട്ടിഫിക്കറ്റ് മാത്രം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ പൊലീസിന്റെ എൻഒസി ലഭിക്കാതെ സുഹൃത്തുക്കൾക്ക് മൃതദേഹം സംസ്കരിക്കാനും  നിർവാഹമില്ല.

Share
അഭിപ്രായം എഴുതാം