സതി അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് എഞ്ചിനീയർ നദിയിൽ ചാടി ആത്മഹത്യ ചെയ്തു ​

അഹമ്മദാബാദ്: . സതി അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് എൻജിനീയർ ജീവനൊടുക്കി.ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സബർമതി നദിയിൽ ചാ‌‌ടിയാണ് സം​ഗീത ലഖ്ര എന്ന 28കാരി ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ബിൽവാര സ്വദേശിയാണ് യുവതി.2023 മെയ് 10നാണ് യുവതിയെ കാണാതാകുന്നത്. മെയ് 11ന് സബർമതി നദിയിൽ നിന്ന് മൃതദേഹം ലഭിച്ചു.

2022 ഫെബ്രുവരി 10ന് ഭർത്താവ് മരിച്ചത് മുതൽ ഭർതൃവീട്ടുകാർ തന്നോട് സതി അനുഷ്ടിക്കാൻ നിർബന്ധിക്കുകയാണെന്ന് യുവതി ഡയറി കുറിപ്പിൽ വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പിലാണ് യുവതി സംഭവം വിവരിച്ചത്. സമ്മർദ്ദം താങ്ങാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പിൽ വിശദീകരിച്ചു.

ഭർതൃമാതാവിനും മറ്റു നാല് പേർക്കുമെതിരെ യുവതിയുടെ പിതാവ് രമേഷ് ലഖ്ര പൊലീസിൽ പരാതി നൽകി. തന്റെ മകൾ ​ഗാർഹിക പീഡനത്തിനിരയായിരുന്നെന്നും ഇയാൾ പരാതിയിൽ പറഞ്ഞു. ഭർത്താവിന്റെ മരണ ശേഷം മകൾ മാനസിക പ്രശ്നത്തിലായിരുന്നെന്നും ഇയാൾ പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് യുവതി സഹോദരന് ശബ്ദ സന്ദേശവും മെസേജും അ‌യച്ചു. കടുത്ത തീരുമാനം എടുക്കുന്നതിൽ തന്നോട് ക്ഷമിക്കണമെന്നും യുവതി സന്ദേശത്തിൽ പറയുന്നതായി പൊലീസ് പറഞ്ഞു.

എൻജിനീയറിങ്ങിൽ പിജി സ്വന്തമാക്കിയ യുവതി ഭർത്താവിന്റെ മരണ ശേഷം സൂറത്തിലെ സ്വവസതിയിലേക്ക് തിരികെ വന്നിരുന്നു. നല്ല വ്യക്തിയാണെന്ന് തെളിയിക്കാൻ ഭർതൃമാതാവും ബന്ധുക്കളും തന്നെ സതി അനുഷ്ടിക്കാൻ നിർബന്ധിച്ചതായി ഡയറിയിലാണ് യുവതി കുറിച്ചിട്ടത്. ഭർത്താവിന്റെ മരണ ശേഷം സൂറത്തിലെ മാളിൽ ജോലി നോക്കുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം