ജനാധിപത്യം മികച്ചതാവണമെങ്കിൽ പ്രതിപക്ഷത്തേയും കേൾക്കണമെന്ന്ഉ പരാഷ്ട്രപതി ജഗദീപ് ധൻകർ.

തിരുവനന്തപുരം: ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തിൽ പുഷ്പിച്ച് നിൽക്കുന്ന ശിഖരമാണ് കേരളമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. രാഷ്ട്രീയ കണ്ണുകൾകൊണ്ട് മാത്രം എല്ലാ വിഷയങ്ങളെയും കാണരുത്. രാജ്യത്തിന്റെ താത്പര്യം വരുമ്പോൾ രാഷ്ട്രീയത്തിന്റെ കണ്ണടമാറ്റിവെക്കണം. ജനാധിപത്യം മികച്ചതാവണമെങ്കിൽ പ്രതിപക്ഷത്തേയും കേൾക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 2023 മെയ് 22ന് സംസ്ഥാന നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷ വേദിയിലായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം.

മലയാളത്തിൽ നമസ്‌കാരവും ശുഭദിനവും നേർന്ന് ആരംഭിച്ച പ്രസംഗത്തിൽ സംസ്ഥാനത്തും പുറത്തും വിദ്യാഭ്യാസ- ആരോഗ്യമേഖലയിലെ മലയാളികളുടെ സാന്നിധ്യത്തെ അദ്ദേഹം പ്രകീർത്തിച്ചു. വിദ്യാഭ്യാസ രംഗത്തിൽ കേരളത്തിന്റെ മികവിന് താനും ഗുണഭോക്താവാണെന്ന് അദ്ദേഹം പറഞ്ഞു. സൈനിക സ്‌കൂളിൽ കണ്ണൂർ സ്വദേശിനിയായ രത്‌നനായർ അധ്യാപികയായിരുന്നത് ഓർമിച്ചായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം. കേരളത്തിലെ ആദ്യ സർക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരമായിരുന്നുവെന്ന് പ്രസംഗത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു.

പ്രസംഗത്തിൽ കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളെ അനുസ്മരിക്കുകയും വിവിധ മേഖലകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ച മലയാളികളെ അഭിനന്ദിക്കുകയും ചെയ്തു. ചട്ടമ്പി സ്വാമികൾ, ശ്രീനാരായണഗുരു, ചാവറയച്ഛൻ, വക്കം അബ്ദുൾ ഖാദർ മൗലവി, ചിത്തിര തിരുനാൾ ബാലരാമവർമ, കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൾ കലാം എന്നിവർക്ക്‌ അഭിവാദ്യം അർപ്പിച്ചു. .

Share
അഭിപ്രായം എഴുതാം