‘ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നൽകണമെന്ന ആവശ്യവുമായി സുന്നി വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി

ബെം​ഗളൂരു: കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തിൽ നിന്നുള്ളയാൾക്ക് നൽകണമെന്ന് സുന്നി വഖഫ് ബോർഡ് ആവശ്യപ്പെട്ടു. ആഭ്യന്തരം, റവന്യൂ, ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകൾ മുസ്ലീം മന്ത്രിമാർക്ക് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഉപമുഖ്യമന്ത്രി മുസ്ലീം ആയിരിക്കണമെന്നും 30 സീറ്റുകൾ ഞങ്ങൾക്ക് തരണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ പറഞ്ഞിരുന്നു. ഞങ്ങൾക്ക് 15 സീറ്റാണ് ലഭിച്ചത്. ഇതിൽ ഒമ്പത് മുസ്ലീം സ്ഥാനാർഥികൾ വിജയിച്ചു. 72 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങൾ കാരണമാണ്. ഒരു സമുദായമെന്ന നിലയിൽ മുസ്ലീങ്ങൾ കോൺഗ്രസിന് ഒരുപാട് ഉപകാരം ചെയ്തു. പകരം എന്തെങ്കിലും ലഭിക്കാനുള്ള അവസരമാണ്. ഒരു മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകളും മുസ്ലീങ്ങളെ ഏൽപ്പിക്കണമെന്നും കോൺ​ഗ്രസ് നന്ദി കാണിക്കണമെന്നും വഖഫ് ബോർഡ് നേതാക്കൾ പറഞ്ഞു. കോൺ​ഗ്രസ് നൽകിയ വാ​ഗ്ദാനം ഉറപ്പാക്കാൻ സുന്നി ഉലമ ബോർഡ് ഓഫീസിൽ അടിയന്തര യോഗം ചേർന്നുവെന്നും വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി പറഞ്ഞു.

ഒമ്പത് മുസ്ലിം എംഎൽഎമാരിൽ ആർക്കൊക്കെ പദവികൾ ലഭിക്കുന്നതെന്നത് അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തന പരിചയം നോക്കി കോൺ​ഗ്രസാണ് അക്കാര്യം തീരുമാനിക്കേണ്ടത്. പല മുസ്ലീം സ്ഥാനാർത്ഥികളും മറ്റ് നിയോജക മണ്ഡലങ്ങളിലും പ്രചാരണം നടത്തി ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസിന്റെ വിജയത്തിൽ അവർക്ക് നിർണായക പങ്കുണ്ട്. മുസ്ലീം സമുദായത്തിൽ നിന്ന് അനുയോജ്യമായ ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കണമെന്നും അത് കോൺ​ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന് മുൻപേ ഈ ആവശ്യം ഉന്നയിച്ചിരുന്നതായി നേതാക്കൾ അവകാശപ്പെട്ടു. ഉപമുഖ്യമന്ത്രി മുസ്ലീമാകണമെന്നാണ് ഞങ്ങളുടെ ആവശ്യം. കർണാടകയുടെ ചരിത്രത്തിലൊരിക്കലും മുസ്ലിം ഉപമുഖ്യമന്ത്രി ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ 90 ലക്ഷം ജനങ്ങളും മുസ്ലീങ്ങളാണെന്നതിനാൽ ഉപമുഖ്യ‌മന്ത്രി മുസ്ലീംആയിരിക്കണം. പട്ടികജാതി വിഭാഗങ്ങൾ ഒഴികെയുള്ള ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഞങ്ങളുടേത്. ഞങ്ങൾ ആഗ്രഹിച്ച 30 സീറ്റുകൾ ലഭിച്ചില്ല. പക്ഷേ, എസ്എം കൃഷ്ണയുടെ കാലത്തെപ്പോലെ അഞ്ച് മുസ്ലീം മന്ത്രിമാരെ വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം