കുട്ടിയുടെ കൈയിൽനിന്ന് 15,000 രൂപ വിലമതിക്കുന്ന ഫോൺ തട്ടിയെടുത്തകേസിലെ പ്രതികൾ അറസ്റ്റിലായി

മട്ടാഞ്ചേരി: പതിമൂന്നുകാരന്റെ കൈയിൽനിന്ന് മൊബൈൽ ഫോണും, പണവും തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. മട്ടാഞ്ചേരി, പുത്തൻവീട്ടിൽ ഹൻസിൽ(18), മട്ടാഞ്ചേരി, ജൂടൗൺ സ്വദേശി സുഹൈൽ (19) എന്നിവരാണ് പിടിയിലായത്. മട്ടാഞ്ചേരി കൂവപ്പാടം സുജാത ജങ്ഷന് സമീപത്തുവെച്ച് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയിൽനിന്ന് 15,000 രൂപ വിലമതിക്കുന്ന ഫോണാണ് ഇവർ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ഫോൺ എറണാകുളത്തുള്ള മൊബൈൽ ഷോപ്പിൽ വിൽക്കാൻ ശ്രമിക്കവേ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 2023 മെയ് 11നാണ് ഇവരെ പിടികൂടിയത്.

മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണർ കെ.ആർ. മനോജിന്റെ നിർദേശാനുസരണം മട്ടാഞ്ചേരി ഇൻസ്‌പെക്ടർ തൃദീപ് ചന്ദ്രൻ, എസ്.ഐ. ഹരിശങ്കർ, സീനിയർ സി.പി.ഒ. ശ്രീകുമാർ, അനീഷ്, ഇഗ്‌നേഷ്യസ്, സി.പി.ഒ. സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ നേരത്തേ മോഷണക്കേസിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം