മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും

തിരുവനന്തപുരം: ലോകകേരളസഭ മേഖലാസമ്മേളനത്തിനായി 2023ജൂണ്‍ എട്ടിന് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയും സന്ദര്‍ശിക്കും. ജൂണ്‍ 13 വരെ അമേരിക്കയില്‍ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുള്‍പ്പെടെ പത്തംഗസംഘമാണുണ്ടാവുക. അബുദാബിയിലെ നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷ വിദേശകാര്യമന്ത്രാലയം നിരാകരിച്ചിരുന്നതിനു പിന്നാലെയാണ് അമേരിക്ക-ക്യൂബ യാത്രയ്ക്കായി മുഖ്യമന്ത്രിയും സംഘവും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. കേന്ദ്രാനുമതിക്കു വിധേയമായാകും യാത്രയെന്നു പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

ജൂണ്‍ 13-15 വരെയാണു ക്യൂബ സന്ദര്‍ശനം. ഒപ്പം മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ ആറംഗസംഘമുണ്ടാകും. ഭാര്യ കമലാ വിജയനും പഴ്‌സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷും യാത്രയില്‍ മുഖ്യമന്ത്രിയെ അനുഗമിക്കും. യു.എസ്. തലസ്ഥാനമായ വാഷിങ്ടണില്‍ ജൂണ്‍ 12-നു മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ചനടത്തുമെന്നു പൊതുഭരണവകുപ്പ് വ്യക്തമാക്കി. ചര്‍ച്ചയില്‍ മന്ത്രി ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങി ഏഴംഗസംഘം മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. സംഘാംഗങ്ങളുടെ ചെലവ് അതത് വകുപ്പുകള്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചെലവ് അവര്‍തന്നെ വഹിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവ് വിദേശയാത്രയ്ക്കുള്ള അക്കൗണ്ടില്‍നിന്നാണ്. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ അസിസ്റ്റന്റിന്റെ ചെലവും സംസ്ഥാനസര്‍ക്കാര്‍ വഹിക്കും.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ക്യൂബയില്‍ ഇന്ധനപ്രതിസന്ധിയും സാമ്പത്തിക പരാധീനതകളും മൂലം ഇത്തവണ മേയ് ദിന റാലി പോലും മാറ്റിവച്ചിരുന്നു. ക്യൂബയ്‌ക്കെതിരായ ഉപരോധം അമേരിക്ക ഇതുവരെ പിന്‍വലിച്ചിട്ടില്ല. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഈ ഉപരോധത്തെ അപലപിക്കുമ്പോഴാണു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ അമേരിക്കയില്‍നിന്നു നേരേ ക്യൂബയിലേക്കു പോകുന്നതെന്നതു കൗതുകകരമാണ്.

Share
അഭിപ്രായം എഴുതാം