അരിക്കൊമ്പന്‍ വണ്ണാത്തിപ്പാറ ജനവാസമേഖലയ്ക്കരികില്‍

കുമളി: ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ വണ്ണാത്തിപാറ ജനവാസ മേഖലയോടടുത്തു.

പി.ടി.ആറിന്റെ ഭാഗമായ തേക്കടിയിലെ താന്നിക്കുടിക്കും മേത കാനത്തിനുമിടയില്‍ 30/04/23 ഞായറാഴ്ച പുലര്‍ച്ചെയാണ് അരിക്കൊമ്പനെ ഇറക്കിവിട്ടത്. ഇതിനുശേഷം പതിനെട്ട് കിലോമീറ്ററിലധികം അരിക്കൊമ്പന്‍ യാത്ര ചെയ്തിട്ടുണ്ട്. അതിര്‍ത്തിക്കിപ്പുറത്തെ വണ്ണാത്തിപ്പാറയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ മലയിറങ്ങിയാല്‍ തമിഴ്‌നാട്ടിലെ ജനവാസ മേഖലയായ വണ്ണാത്തിപ്പാറയിലെത്താമെന്നതിനാല്‍ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തി വന മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ വണ്ണാത്തിപ്പാറയും മാവടിയും തോട്ടം മേഖലയാണ്. ചിന്നക്കനാലിനു സമാനമായി തോന്നാവുന്ന തേയിലക്കാടുകളും ഏലത്തോട്ടങ്ങളുമുള്ളതിനാല്‍ അരിക്കൊമ്പന്‍ ഇവിടേക്കു തിരിയുമോയെന്ന ആശങ്ക വണ്ണാത്തിപാറ ജനവാസ മേഖലയിലുമുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അടിവാരത്തുള്ള വണ്ണാത്തിപ്പാറയില്‍ ഇറങ്ങിയാല്‍ പിന്നെ അരിക്കൊമ്പന് തിരിച്ചുകയറ്റം ആയാസകരമാകും.

ആനയുടെ സഞ്ചാരപഥം പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വനം വകുപ്പ് വാച്ചര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ മാവടി, സീനിയര്‍ ഓട, മേതകാനം, മംഗളാ ദേവി എന്നിവിടങ്ങളിലെല്ലാമുള്ള ഫോറസ്റ്റ് സ്‌റ്റേഷനുകളിലേക്ക് ജി.പി.എസ്. കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്. മംഗളാ ദേവി കര്‍ണകി ക്ഷേത്രത്തിലെ ചിത്ര പൗര്‍ണമി നാളില്‍ മല കയറുന്ന ഭക്തര്‍ക്ക് അരിക്കൊമ്പന്‍ ഭീഷണിയാകാതിരിക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്. 2023 മെയ് മാസം അഞ്ചിനാണ് മംഗളാ ദേവിയില്‍ ചിത്ര പൗര്‍ണമി ആഘോഷങ്ങള്‍ നടക്കുന്നത്.

Share
അഭിപ്രായം എഴുതാം