പദവിയില്ലെങ്കിലും വയനാടിന്റെ പ്രതിനിധി: രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: ”വയനാട് സ്വന്തം കുടുംബമാണ്. ഇവിടുത്തുകാര്‍ എന്റെ സ്വന്തം കുടുംബാംഗങ്ങളെ പോലെയുമാണ്. എം.പി സ്ഥാനം നഷ്ടമായാലും ആ ബന്ധം നിലനില്‍ക്കും.”-ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി തന്റെ മണ്ഡലമായ വയനാട്ടിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് ‘സത്യമേവ ജയതേ’ എന്ന പേരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയും തുടര്‍ന്ന നടന്ന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.പി. എന്നുള്ളത് ഒരു പദവി മാത്രമാണെന്നും അതില്ലെങ്കിലും ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍നിന്നു തന്നെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ”രാത്രി യാത്ര, മെഡിക്കല്‍ കോളജ്, ബഫര്‍ സോണ്‍ മുതലായ വയനാട്ടുകാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ മുമ്പും താന്‍ ഉന്നയിച്ചിടുണ്ട്. തുടര്‍ന്നും അത് ഉന്നയിക്കുക തന്നെ ചെയ്യും. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. എന്റെ പോരാട്ടം എന്തിനാണെന്ന് ഇന്നും അവര്‍ക്ക് മനസിലായിട്ടില്ല. ബി.ജെ.പി. രാജ്യത്ത് വിദ്വേഷം പരത്തുമ്പോള്‍ ഞാന്‍ സ്‌നേഹത്തിനായി നിലകൊള്ളുന്നു. രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ ഭരണകൂടത്തിനു തന്നെ ഭയപ്പെടുത്താന്‍ കഴിയില്ല. ഇന്ത്യയെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകളുടെ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം പര്‍ലമെന്റില്‍ ഉന്നയിച്ചതു മുതലാണ് ഭരണകൂടം എന്നെ വേട്ടയാടാന്‍ തുടങ്ങിയത്- രാഹുല്‍ പറഞ്ഞു.

ലോക സമ്പന്നരുടെ പട്ടികയില്‍ 609-ാം സ്ഥാനത്തുണ്ടായിരുന്ന അദാനി രണ്ടാം സ്ഥാനത്തെത്താന്‍ മോദി സഹായിച്ചോ എന്ന എന്റെ ചോദ്യമാണ് ബി.ജെ.പിയെ ചോടിപ്പിച്ചത്. സ്ഥാനങ്ങളും പദവികളും എടുത്തുമാറ്റിയാലും എന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ല. ഞാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. ഭരണകൂടം എന്നെ വേട്ടയാടുമ്പോള്‍ ഞാന്‍ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് ബോധ്യമാകുന്നുണ്ട്.”-രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രിയങ്കാ ഗാന്ധി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോന്‍സ് ജോസഫ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സി.പി. ജോണ്‍, രമേശ് ചെന്നിത്തല, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം