നിയമപരമായ പ്രശ്നത്തിൽ ഞങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ദില്ലി : രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. “നിരപരാധിയെങ്കിൽ നിയമം നിങ്ങളെ വിട്ടയക്കും. നിയമപരമായ പ്രശ്നത്തിൽ ഞങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ല” ഷാ പറഞ്ഞു. രാഹുലിനെ അയോ​ഗ്യനാക്കിയതിൽ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം പ്രതിപക്ഷം നടത്തുന്നത്. 

അതേസമയം ക‌ർണാടകത്തിൽ ഉറച്ച സർക്കാറുണ്ടാക്കും എന്നും അമിത് ഷാ പറഞ്ഞു. യെദിയൂരപ്പയുടെ സീനിയോരിറ്റി ബിജെപിയിലാരും ചോദ്യം ചെയ്തിട്ടില്ല. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമെന്നും അമിത് ഷാ പറഞ്ഞു. കർണാടകത്തിൽ പ്രീണന രാഷ്ട്രീയമാണ് കോൺ​ഗ്രസ് പയറ്റിയത്, തങ്ങൾ അത് തിരുത്തിയെന്നും ഷാ വ്യക്തമാക്കി.  

തെരഞ്ഞെടുപ്പടുത്തിരിക്കുന്ന കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി സി വോട്ടർ പ്രവചനം വ്യക്തമാക്കുന്നത്. 224 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 68 മുതൽ 80 സീറ്റ് വരെ കിട്ടാം. ജെഡിഎസിന് 23 മുതൽ 35 വരെ സീറ്റും മറ്റുള്ളവർക്ക് 0 മുതൽ 2 വരെ ലഭിക്കുമെന്നുമാണ് സർവെ ഫലം. മുഖ്യമന്ത്രിയായി 39 ശതമാനം പേരും സിദ്ധരാമയ്യയെയാണ് തെരഞ്ഞെടുത്തത്. ബസവരാജ് ബൊമ്മെയ് മുഖ്യമന്ത്രിയാകുന്നതിനെ 31 ശതമാനം പേർ പിന്തുണച്ചപ്പോൾ ഡികെ ശിവകുമാറിനെ മൂന്ന് ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്.

Share
അഭിപ്രായം എഴുതാം