കൂറ്റനാട്ടിലെ അപ്പവും മിവാ ജോളിയുടെ മുടിയുടെ ഇറക്കവുമാണ് എംവി.​ഗോവിന്ധന്റെ ജാഥയിലെ പ്രധാനവിഷയമെന്ന് ഷാഫി പറമ്പിൽ എംഎൽഎ

തിരുവനന്തപുരം: വി.ഡി.സതീശൻ ജനസംഘത്തോടൊപ്പം മത്സരിച്ചിട്ടില്ല എന്നത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഓർമിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മത്സരിച്ചത് ആരാണെന്ന് നിയമസഭയിലും വീട്ടിലുമൊക്കെ റിയാസിന് കാണാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം റിയാസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.

ബിജെപിയെ പ്രതിരോധിക്കാനെന്ന് പറഞ്ഞ് കാസർകോട് നിന്ന് പുറപ്പെട്ട എം.വി.ഗോവിന്ദന് ഇതുവരെ ബിജെപിക്കെതിരെ ഒരു പ്രസ്താവന പോലും നടത്താൻ കഴിഞ്ഞിട്ടില്ല. കൂറ്റനാട്ടിലെ അപ്പവും മിവാ ജോളിയുടെ മുടിയുടെ ഇറക്കവുമാണ് ജാഥയിലെ പ്രധാനവിഷയമെന്നും ഷാഫി പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹിയായി, പറവൂർ പോലെ ഒരു എൽഡിഎഫ് മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട് വീണ്ടും മത്സരിച്ച് ജയിച്ച് തുടർന്ന് ഓരോ തവണയും ഭൂരിപക്ഷം വർധിച്ച കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരിക്കുന്ന ഒരാളോട് നട്ടെല്ലിന്റെ ബലം അളക്കാനൊക്കെ പറഞ്ഞാൽ തിരിച്ചും പറയുമെന്ന് മന്ത്രി ഓർക്കണമായിരുന്നു. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരെ തീരുമാനിച്ചപ്പോൾ പാർട്ടിക്കുള്ളിലുണ്ടായ അസ്വസ്ഥത എല്ലാവരും കണ്ടതാണ്. അത് മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്ന് ആർക്കും പറയാനാകില്ല’ ഷാഫി പറഞ്ഞു.

സൈബർ ഇടങ്ങളിൽ നിന്ന് വിമർശനം വരുന്നതിന് റിയാസ് വി.ഡി.സതീശനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. പി.ആർ.ഏജൻസിയെ വേണമെങ്കിൽ ഒന്ന് മാറ്റിനോക്കുന്നത് നല്ലതാണ്. ഇപ്പോൾ ഉള്ള പി.ആർ.അത്ര പോരെന്നാണ് പറയപ്പെടുന്നത്. എത്ര നടത്തിയിട്ടും ഒരു മെച്ചമില്ലെന്നും അതിന്റെ അസ്വസ്ഥത സ്പീക്കറോട് ഉണ്ടെന്നുമൊക്കെ പറയുന്നുണ്ടെന്നും ഷാഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Share
അഭിപ്രായം എഴുതാം