അന്ന് യൂണിയന്‍ കാർബൈഡ്; ഇപ്പോള്‍ ഡോവ് കെമിക്കല്‍സ്: ഭോപ്പാല്‍ വാതക ദുരന്ത കേസും കേന്ദ്രവും

1984-ലെ ഭോപ്പാല്‍ വാതകച്ചോര്‍ച്ച ദുരന്തത്തിന്റെ ഇരകള്‍ക്കു യൂണിയന്‍ കാർബൈഡ് കമ്പനിയില്‍നിന്നു കൂടുതല്‍ നഷ്ടപരിഹാരം ഈടാക്കിനല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണ് ഭോപ്പാല്‍ ദുരന്ത കേസ് വീണ്ടും ദേശീയ ശ്രദ്ധയില്‍ വരുന്നത്. ദുരന്തമുണ്ടായി നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഭോപ്പാല്‍ വിഷയം നിയമകുരുക്കില്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായികദുരന്തങ്ങളിലൊന്നായ ഭോപ്പാല്‍ ദുരന്തത്തില്‍ മൂവായിരത്തോളം പേരാണു കൊല്ലപ്പെട്ടത്. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമെങ്കില്‍ സര്‍ക്കാരിന്റെ കീശയില്‍ നിന്നു നല്‍കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചതും കേന്ദ്രത്തിനു തിരിച്ചടിയായി.

കേസ് വീണ്ടും പരിഗണിച്ച്, യു.എസ്. കമ്പനിയായ യൂണിയന്‍ കാർബൈഡിന്റെ പിന്‍ഗാമികളില്‍നിന്ന് 7,844 കോടി രൂപ അധികനഷ്ടപരിഹാരം ഈടാക്കി ഇരകള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തെറ്റുതിരുത്തല്‍ ഹര്‍ജി. 1989-ലെ ഒത്തുതീര്‍പ്പുപ്രകാരം 715 കോടി രൂപയാണു യൂണിയന്‍ കാർബൈഡ് കമ്പനി നഷ്ടപരിഹാരമായി നല്‍കിയത്. യൂണിയന്‍ കാർബൈഡിനെ പിന്നീട് യു.എസ്. ബഹുരാഷ്ട്രക്കുത്തകയായ ഡോവ് കെമിക്കല്‍സ് ഏറ്റെടുത്തു. 1989-ല്‍ കേസ് തീര്‍പ്പാക്കുമ്പോള്‍, മനുഷ്യജീവനും പരിസ്ഥിതിക്കുമുണ്ടായ യഥാര്‍ഥ നഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

തട്ടിപ്പ് നടന്നതായി തെളിയിക്കപ്പെട്ടാലേ അന്നത്തെ ഒത്തുതീര്‍പ്പ് റദ്ദാക്കാനാകൂവെന്നും കേന്ദ്രസര്‍ക്കാരിന് അങ്ങനെയൊരു വാദമില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ട് ദശാബ്ദത്തിനുശേഷം വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ യുക്തിയും കേന്ദ്രസര്‍ക്കാരിനു സമര്‍ത്ഥിക്കാനായിട്ടില്ല. കേസ് ഇപ്പോള്‍ പുനഃപരിശോധിക്കുന്നതു പണ്ടോറയുടെ പെട്ടി തുറക്കുന്നതുപോലെയും അവകാശികള്‍ക്കു നഷ്ടം വരുത്തുന്നതുമാകും. നഷ്ടപരിഹാരത്തിനുള്ള ശേഷിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ റിസര്‍വ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ വിനിയോഗിക്കാനും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, അഭയ് എസ്. ഓക, വിക്രം നാഥ്, ജെ.കെ. മഹേശ്വര്‍ എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങള്‍.

അന്ന് യൂണിയന്‍ കാർബൈഡ്; ഇപ്പോള്‍ ഡോവ് കെമിക്കല്‍സ്

1989-നുശേഷം രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് നഷ്ടപരിഹാരം ഉയര്‍ത്താനുള്ള കാരണമല്ലെന്നു യൂണിയന്‍ കാർബൈഡിന്റെ ഇപ്പോഴത്തെ ഉടമകളായ ഡോവ് കെമിക്കല്‍സിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. ഒത്തുതീര്‍പ്പ് സമയത്ത് നഷ്ടപരിഹാരം അപര്യാപ്തമാണെന്ന വാദം കേന്ദ്രസര്‍ക്കാരിനില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭോപ്പാല്‍ ദുരന്തത്തില്‍ കൂടുതല്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് 2010 ഡിസംബറിലാണു കേന്ദ്രസര്‍ക്കാര്‍ തെറ്റുതിരുത്തല്‍ ഹര്‍ജി നല്‍കിയത്. അന്തിമവിധിക്കും പുനഃപരിശോധനാഹര്‍ജിക്കും ശേഷം ഒരു കേസില്‍ ശേഷിക്കുന്ന ഒരേയൊരു സാധ്യതയാണു തെറ്റുതിരുത്തല്‍ ഹര്‍ജി. എന്നാല്‍, നഷ്പരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനപ്പുറം, ഭോപ്പാല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാഹര്‍ജി സമര്‍പ്പിച്ചിരുന്നില്ല. കഴിഞ്ഞ ജനുവരി 12-നാണ് സുപ്രീം കോടതി കേസ് വിധിപറയാന്‍ മാറ്റിയത്.

മുഖ്യപ്രതി പിടികിട്ടാപ്പുള്ളിയായി മരിച്ചു

1984 ഡിസംബര്‍ രണ്ടിനു യൂണിയന്‍ കാർബൈഡ് ഫാക്ടറിയില്‍നിന്നു വിഷവാതകമായ മീതൈല്‍ ഐസോസിയാനേറ്റ് ചോര്‍ന്ന് 3000 പേര്‍ കൊല്ലപ്പെട്ട സംഭവമാണു ഭോപ്പാല്‍ ദുരന്തമെന്ന് അറിയപ്പെടുന്നത്. ഒരുലക്ഷത്തിലേറെപ്പേരെ വാതകച്ചോര്‍ച്ച മാരകമായി ബാധിച്ചു. കേസിലെ മുഖ്യപ്രതിയായ യൂണിയന്‍ കാർബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സണ്‍ ദുരന്തത്തിനുശേഷം ഇന്ത്യയില്‍നിന്നു മുങ്ങി. ഒരിക്കല്‍പ്പോലും വിചാരണയ്ക്കു ഹാജരാകാതിരുന്ന ആന്‍ഡേഴ്സണെ 1992-ല്‍ ഭോപ്പാല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2010 ജൂണ്‍ ഏഴിന് യൂണിയന്‍ കാർബൈഡ് ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥരായ ഏഴ് പ്രതികള്‍ക്കു ഭോപ്പാല്‍ കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാവിധിക്കുശേഷവും പിടികിട്ടാപ്പുള്ളിയായി തുടര്‍ന്ന ആന്‍ഡേഴ്സണ്‍ 2014-ല്‍ മരിച്ചു.

Share
അഭിപ്രായം എഴുതാം