ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങി റവന്യൂ വകുപ്പ്

കട്ടപ്പന: ഇടുക്കിയിലെ കുമളിയിൽ നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി റവന്യൂ വകുപ്പ് തുടങ്ങി. ഇതിനായി ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അനുമതി തേടി ഇടുക്കി ജില്ല കളക്ടർ കത്തു നൽകി. കേരള ഭൂപരിഷ്കരണ നിയമ പ്രകാരം മിച്ചഭൂമി ഇളവു നേടിയ തോട്ടം മുറിച്ചു വിറ്റെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

കുമളിയിലുള്ള ചുരക്കുളം എസ്റ്റേറ്റിലെ തോട്ട ഭൂമി വ്യാപകമായി മുറിച്ചു വിറ്റതായി താലൂക്ക് സർവേയറും, ചാർജ് ഓഫീസറും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ ഘട്ട അന്വേഷണത്തിൽ നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന തെറ്റായ റിപ്പോർട്ടാണ് കുമളി വില്ലേജ് ഓഫീസർ സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളിയാണ് പുതിയ സംഘത്തെ കളക്ടർ നിയോഗിച്ചത്.

78-ൽ താലൂക്ക് ലാൻഡ് ബോർഡ് കാപ്പികൃഷിക്കായി 50 ഏക്കർ ഭൂമിക്കാണ് ഇളവനുവദിച്ചത്. ഈ ഭൂമിയിലെ അനധികൃത നിർമാണം ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾ അന്വേഷിച്ച് നടപടിയെടുക്കാനാണ് കളക്ടർ ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അനുമതി തേടിയത്. റവന്യൂ ഉദ്യോഗസ്ഥരടക്കം ഇവിടെ ഭൂമി വാങ്ങി നിർമാണം നടത്തിയതായും മരങ്ങൾ വെട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ചുറ്റുമതിലും ചെറിയ കെട്ടിടവും പണിതിട്ടും തടഞ്ഞില്ല. നിയമ വിരുദ്ധമാണെന്നും നിർമ്മാണം നടത്തനാകില്ലെന്നുമറിഞ്ഞിട്ടും അഞ്ചരക്കോടി രൂപ മുടക്കി കുമളി പഞ്ചായത്തും ഇവിടെ സ്ഥലം വാങ്ങിയിട്ടുണ്ട്.

ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അനുമതി ലഭിച്ചാലുടൻ സ്ഥലമുടമകൾക്ക് നോട്ടീസ് നൽകും. സീലിങ് നടപടികളിലേക്ക് കടന്നാൽ തോട്ടം മുറിച്ചു വാങ്ങിയ പഞ്ചായത്തിന്റെയടക്കം സ്ഥലം സർക്കാർ മിച്ചഭൂമിയിലേക്ക് ഏറ്റെടുക്കും. 

Share
അഭിപ്രായം എഴുതാം