വിയര്‍പ്പൊഴുക്കി അഗ്‌നിരക്ഷാസേന; തീയണഞ്ഞ് ബ്രഹ്‌മപുരം

കാക്കനാട്: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുമേലുണ്ടായ അഗ്‌നിബാധ ഇന്നലെയോടെ കെട്ടടങ്ങിത്തുടങ്ങി. ബി.പി.സി.എല്‍. അടക്കം മുപ്പതോളം ഫയര്‍ യൂണിറ്റുകളും ജെ.സി.ബികളും മണിക്കുറുകളോളം പ്രവര്‍ത്തിപ്പിച്ചാണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്.

അഗ്‌നിബാധയുണ്ടായ ദിവസം മുതല്‍ ഇന്നലെ വരെ 20 കിലോമീറ്റര്‍ ചുറ്റളവിലാണ് പുകപടലം ഉയര്‍ന്നത്. വടവുകോട് പുത്തന്‍കുരിശ്, മരട്, കുണ്ടന്നൂര്‍, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, കരിമുകള്‍, ചിറ്റേത്തുകരേ മേഖലകളില്‍ താമസിക്കുന്ന മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. മഞ്ഞുമൂലം പുകപടലങ്ങള്‍ മുകളിലേക്ക് ഉയര്‍ന്നു പോകാതെ 10 മീറ്റര്‍ ഉയരത്തില്‍ മാത്രം കയറി തങ്ങിനിന്നതോടെ പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടായി. കൈക്കുഞ്ഞുങ്ങളുമായി ജില്ല വിട്ടുപോയവരും ധാരാളം. ഉച്ചക്ക് ശേഷം കാറ്റുമൂലം തീകെടുത്താന്‍ കഴിയാതിരുന്നതും അഗ്‌നിരക്ഷാസേനയെ പ്രതിസന്ധിയിലാക്കി.
ബ്രഹ്‌മപുരത്തേക്ക് കോര്‍പറേഷന്‍ ഡിവിഷനുകളില്‍നിന്നുള്ള മാലിന്യ വണ്ടികള്‍ എന്നെത്തുമെന്നതിലും വ്യക്തതയില്ല. വീടുകളില്‍നിന്നും ജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതും പരിസര മലിനീകരണത്തിന് കാരണമായിട്ടുണ്ട്. പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസുവരെയുള്ള വിദ്യാലയങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം