കാലിക്കറ്റും വീണു

കൊച്ചി: റുപെ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിലെ ഫൈനലില്‍ ബംഗളുരു ടോര്‍പീഡോസും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.
റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഇന്നു വൈകിട്ട് ഏഴ് മുതലാണു മത്സരം. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ മുന്നേറ്റം. 3-1 നായിരുന്നു അഹമ്മദാബാദ് ഫൈനലില്‍ കടന്നത്. സ്‌കോര്‍: 17-15, 9-15, 17-15, 15-11. സെമിയുടെ വീറും വാശിയും മത്സരത്തിലുടനീളം പ്രകടമായി. അഹമ്മദാബാദിന്റെ അങ്കമുത്തുവാണ് മത്സരത്തിലെ താരം.

മാറ്റ് ഹില്ലിങിനു പകരമെത്തിയ ഫല്ലായിലൂടെ കാലിക്കറ്റ് ഹീറോസാണ് ആദ്യ പോയിന്റ് നേടിയത്. മോഹന്‍ ഉക്ര പാണ്ഡ്യന്‍, ജെറോം വിനീത് എന്നിവര്‍ ഹീറോസിന് മികച്ച തുടക്കം നല്‍കി. ഡിഫന്‍ഡേഴ്‌സ് നായകന്‍ മുത്തുസ്വാമി അപ്പാവും അങ്കമുത്തുവും ചേര്‍ന്ന് മികച്ച പാസുകളുമായി അറ്റാക്കര്‍മാര്‍ക്കു മികച്ച പിന്തുണ നല്‍കിയതോടെ കാലിക്കറ്റ് വിയര്‍ക്കാന്‍ തുടങ്ങി. നന്ദഗോപാല്‍ അഹമ്മദാബാദിനെ മുന്നിലെത്തിക്കുമെന്ന പ്രതീതിയുണ്ടായി. പക്ഷേ ജെറോം വിനീതിന്റെ ഇടപെടല്‍ രക്ഷയായി.

ഫല്ലായുടെ വേഗമേറിയ സ്‌പൈക്കുകള്‍ അഹമ്മദാബാദിനെ വിഷമിപ്പിച്ചു. ഹീറോസിന്റെ പ്ലേ മേക്കറായി മോഹനും തിളങ്ങി. സന്തോഷിന്റെ തുടരന്‍ ആക്രമണങ്ങളാണു കാലിക്കറ്റിനെ പിടിച്ചു നിര്‍ത്തിയത്. രണ്ടാം സെറ്റില്‍ തിരിച്ചുവരാന്‍ ഹീറോസിനായി. നായകന്‍ ഹൊസെ അന്റോണിയോ സാന്‍ഡോവലിന്റെ വണ്‍ മാന്‍ ബ്ലോക്ക് അവര്‍ക്കു മുന്‍തൂക്കം നല്‍കി.
മൂന്നാം സെറ്റ് ഇഞ്ചോടിഞ്ചായി. സമ്മര്‍ദം ഏറിയതോടെ ഇരുടീമുകളും തുടരെ പിഴവുകള്‍ വരുത്തി. ഭാഗ്യം ഒപ്പമുണ്ടായിരുന്ന ഡിഫന്‍ഡേഴ്‌സ് സെറ്റും നേടി. നാലാം സെറ്റിന്റെ തുടക്കം മുതല്‍ ഡിഫന്‍ഡേഴ്‌സ് മുന്‍തൂക്കം നിലനിര്‍ത്തി. നിലവിലെ ചാമ്പ്യനായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ അട്ടിമറിച്ചാണു ബംഗളുരു ടോര്‍പീഡോസ് ഫൈനലില്‍ കടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →